വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ യാഷിന്‍റെ ടോക്സിക് ഒ.ടി.ടിയിലേക്ക്; കട്ട് ചെയ്ത ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കും
text_fieldsകെജിഎഫ് ചാപ്റ്റർ 2-ന്റെ വൻ വിജയത്തിന് ശേഷം റോക്കിങ് സ്റ്റാർ യാഷ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'ടോക്സിക്: എ ഫെയറിടേൽ ഫോർ ഗ്രോൺ-അപ്സ്.' മലയാളത്തിന്റെ സ്വന്തം സംവിധായിക ഗീതു മോഹൻദാസ് ഒരുക്കിയ ഈ പാൻ-ഇന്ത്യൻ ചിത്രം റിലീസിങ് ദിവസം മുതൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. വൻ താരനിരയും ബ്രഹ്മാണ്ഡ നിർമാണവും കൊണ്ട് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ പ്രതീക്ഷിച്ചത്ര നിലവാരം പുലർത്താൻ സാധിക്കാതെ വന്നതോടെ തിയറ്ററുകളിൽ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേരിട്ടത്.
തിയറ്ററുകളിലെ പ്രതികരണങ്ങൾക്ക് പിന്നാലെ ചിത്രം പ്രതീക്ഷിച്ചതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം വരുന്ന സെപ്റ്റംബർ 25-ന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന. വിവിധ ഭാഷകളിലായി ഒരേസമയം ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എത്തിയേക്കുമെന്നാണ് വിവരം. എങ്കിലും ചിത്രത്തിന്റെ അണിയറപ്രവർത്തകരോ ZEE5 അധികൃതരോ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ചിത്രത്തിന്റെ തിയറ്റർ പ്രകടനം അതിന്റെ ഒടിടി ബിസിനസിനെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് ഒരു പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ചിത്രത്തിനായി 200 കോടിയിലധികം രൂപയുടെ ഓഫർ മുന്നോട്ടുവെച്ചിരുന്നെങ്കിലും തിയറ്ററിലെ ബോക്സ് ഓഫീസ് തകർച്ചയെ തുടർന്ന് പ്ലാറ്റ്‌ഫോമുകൾ പിന്നീട് വലിയ തുക നൽകാൻ മടിച്ചു എന്നാണ് 'ബോളിവുഡ് ഹംഗാമ' റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ, ഒടിടി റിലീസിനായി ചിത്രത്തിന്റെ മറ്റൊരു എഡിറ്റ് അണിയറപ്രവർത്തകർ തയാറാക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
സ്വാതന്ത്ര്യാനന്തര ഗോവയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ക്രൈം ആക്ഷൻ ഡ്രാമയിൽ യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാര്യ, രുഗ്മിണി വസന്ത് തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. രവി ബസ്രുറിന്റെ സംഗീതവും ചിത്രത്തിന് ഏറെ കരുത്തേകുന്നു. തിയറ്ററുകളിൽ നഷ്ടം സംഭവിച്ചെങ്കിലും ഒടിടി റിലീസിലൂടെ ചിത്രം എത്രത്തോളം പ്രേക്ഷകരെ ആകർഷിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് സിനിമാലോകം. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

