രുചി തേടി കാസ്പറിന്റെ യാത്ര
text_fieldsഅടുക്കളയിലെ ശബ്ദങ്ങൾ, പാചകക്കാരുടെ സംസാരം, വിഭവങ്ങൾ ഉണ്ടാക്കുന്ന രീതി അതെല്ലാം നിറഞ്ഞതാണ് ഒരു ഷെഫിന്റെ ലോകം. അവിടെ തിരക്കും സമ്മർദവും സ്വാഭാവികം. ഒരാൾ ഇഷ്ടത്തോടെ അവിടെ എത്തിപ്പെട്ടാലും ബാഹ്യ ആന്തരിക സമ്മർദങ്ങൾ വ്യത്യസ്തമായിരിക്കും. ഒരു വലിയ റസ്റ്റാറന്റിലെ ഹെഡ് ഷെഫാണ് കാൾ കാസ്പർ. റസ്റ്റാറന്റ് മുതലാളിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഇഷ്ടപ്പെടാത്ത വിഭവങ്ങൾ പാചകം ചെയ്യേണ്ടിവരുമ്പോൾ അയാൾ അസ്വസ്ഥനാകുന്നു. ഒടുവിൽ സാഹചര്യ സമ്മർദങ്ങൾ കാരണം അയാൾക്ക് ഒരു ഫുഡ് ട്രക്ക് തുടങ്ങേണ്ടിവരുന്നു. സ്വന്തമായി ഫുഡ് ട്രക്ക് തുടങ്ങി ഇഷ്ടമുള്ള വിഭവങ്ങൾ പാചകം ചെയ്യാൻ തുടങ്ങിയപ്പോൾ കാസ്പർ തന്റെ പുതിയ ജീവിതം ആസ്വദിക്കാൻ തുടങ്ങി.
2014ൽ പുറത്തിറങ്ങിയ ജോൺ ഫാവ്രിയോ തിരക്കഥ എഴുതി സംവിധാനം ചെയ്ത്, നിർമിച്ച ചിത്രമാണ് ‘ഷെഫ്’. റോഡ് കോമഡിയായ ചിത്രത്തിൽ പ്രധാന നടനായ കാൾ കാസ്പറിനെ അവതരിപ്പിച്ചതും ജോൺ തന്നെ. രണ്ടാഴ്ച കൊണ്ടാണ് ജോൺ ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 11 മില്യൺ ഡോളർ നിർമാണ ബജറ്റിൽ 46 മില്യൺ ഡോളറാണ് ഷെഫ് നേടിയത്. എല്ലാ പാചക സിനിമയിലേതും പോലെ ഇവിടെയും ഭക്ഷണം തന്നെയാണ് പ്രധാന കഥാപാത്രം. സിനിമയിലെ ഓരോ ഭക്ഷണവും കൊതിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയുടെ രണ്ടു വശങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നുണ്ട് സിനിമയിൽ. ഒരു ഫുഡ് ബ്ലോഗർ എഴുതിയ മോശം റിവ്യൂ ആണ് കാസ്പറിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. അതുപോലെ, ഫുഡ് ട്രക്ക് പ്രശസ്തമാകുന്നത് ട്വിറ്ററിലൂടെയാണ്. തന്റെ പാഷനും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാൻ ഫുഡ് ട്രക്ക് കാസ്പറിനെ സഹായിക്കുന്നുണ്ട്. സാധാരണ പാചക സിനിമകളിൽ ഒരു ലക്ഷ്യമുണ്ടാകും. വലിയ പാചക മത്സരം ജയിക്കുക, അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാരനായി മാറുക തുടങ്ങിയവ. എന്നാൽ , ഷെഫിൽ അങ്ങനെയൊരു മത്സരമില്ല.
കേവലം പാചക സിനിമ എന്നതിലുപരി ജീവിതത്തിൽ സന്തോഷം കണ്ടെത്താനുള്ള, കുടുംബത്തെ തിരികെ നേടാനുള്ള, പുതിയൊരു തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്ന സാധാരണ മനുഷ്യന്റെ കഥയാണ് ഷെഫ്. ആ സാധാരണത്വം തന്നെയാണ് പ്രേക്ഷകരെ സിനിമയിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകവും. ഷെഫിൽ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരുമിച്ച് പാചകം ചെയ്യാനും, യാത്ര ചെയ്യാനും, ഭക്ഷണം കഴിക്കാനും, ആളുകളുമായി സംസാരിക്കാനും തുടങ്ങിയപ്പോൾ കാസ്പറും പേർസിയും തമ്മിലുള്ള അകലം കുറയുന്നു. ഈ വൈകാരികമായ ബന്ധം സിനിമയെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നുണ്ട്.
പലപ്പോഴും ജോലിയിൽ നമ്മുടെ ഇഷ്ടങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കേണ്ടിവരും. ഇതാണ് തുടക്കത്തിൽ കാസ്പറും നേരിടുന്നത്. ഇഷ്ടപ്പെട്ട ജീവിത രീതിയിലേക്ക് പോകാനുള്ള കാസ്പറിന്റെ തീരുമാനം സ്വന്തം പാഷൻ പിന്തുടരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു പ്രചോദനമാണ്. ജീവിതത്തിൽ എപ്പോഴും രണ്ടാമതൊരു അവസരമുണ്ട് എന്ന് സിനിമ ഓർമിപ്പിക്കുന്നു. ജോലി നഷ്ടപ്പെട്ടപ്പോഴും, സമൂഹമാധ്യമങ്ങളിൽ പരിഹസിക്കപ്പെട്ടപ്പോഴും തളരാതെ കാസ്പർ മുന്നോട്ടുനീങ്ങുന്നുണ്ട്.
ജീവിതം എങ്ങനെ ആസ്വദിക്കണം എന്നുകൂടി സിനിമ കാണിച്ചുതരുന്നുണ്ട്. ഫുഡ് ട്രക്ക് തുടങ്ങുമ്പോൾ കാസ്പറിന് ലഭിക്കുന്ന സ്വാതന്ത്ര്യവും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്നതിലുള്ള ആവേശവും സിനിമയുടെ ഗ്രാഫ് ഉയർത്തുന്നുണ്ട്. കാസ്പറിന്റെ പാചക വൈഭവം മുഴുവൻ പുറത്തുവരുന്നത് ക്യൂബൻ സാൻഡ്വിച്ചുകളിലൂടെയാണ്. സിനിമയിലുടനീളം വിവിധ സ്ഥലങ്ങളിലൂടെ ഫുഡ് ട്രക്ക് യാത്ര ചെയ്യുമ്പോൾ ആ സ്ഥലങ്ങളിലെ ഭക്ഷണ സംസ്കാരങ്ങളെക്കുറിച്ചുള്ള സൂചനകളും നൽകുന്നു. സ്വാഭാവികമായ ദൃശ്യാനുഭവം നൽകുന്നതിൽ സിനിമാട്ടോഗ്രാഫർ ക്രാമർ മോർഗെന്തൗ കൈയടക്കം പാലിച്ചിട്ടുണ്ട്. ലാറ്റിൻ, സ്പാനിഷ് സംഗീതവും സിനിമയുടെ മാറ്റുകൂട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.