കൂടത്തായിലെ നമ്മളറിയാത്ത കഥകൾ
text_fields2002നും 2016നും ഇടയിൽ ആറ് മരണങ്ങൾ, അതിലെ ദുരൂഹതകൾ. കട്ടപ്പനയിലെ കർഷക കുടുംബത്തിൽ ജനിച്ച് പ്രീഡിഗ്രിവരെ പഠിച്ച ഒരു സാധാരണക്കാരി എങ്ങനെ എൻ.ഐ.ടിയിലെ ഗസ്റ്റ് ലെക്ചററായ ജോളി ജോസഫായി? കൂടത്തായിലെ പൊന്നാമറ്റം വീട്ടിലെ ആറ് മരണങ്ങൾക്ക് ജോളി എങ്ങനെ കാരണക്കാരിയായി? ആരാണ് ജോളി ജോസഫ്? വർഷങ്ങളോളം സ്വാഭാവികമായി സംഭവിച്ചെന്ന് കരുതിയിരുന്ന ആറ് മരണങ്ങൾ എങ്ങനെയാണ് കൊലപാതകമായി മാറിയത്? ഒരു പരാതി, അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങൾ...മികച്ച നോണ്‍ഫീച്ചര്‍ സിനിമക്കുള്ള ദേശീയ പുരസ്കാരം രണ്ടുതവണ കരസ്ഥമാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ക്രൈം ഡോക്യുഫിക്ഷനാണ് 2023ൽ ഇറങ്ങിയ ‘കറി ആൻഡ് സയനൈഡ്: ദ ജോളി ജോസഫ് കേസ്’. നെറ്റ്ഫ്ലിക്സിന്റെ സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി പൂര്‍ണമായും നിലനിർത്തിക്കൊണ്ടാണ് ക്രിസ്റ്റോ ഈ ഡോക്യുഫിക്ഷൻ ഒരുക്കിയിരിക്കുന്നത്.
ആളുകള്‍ മറന്നുതുടങ്ങിയ ഒരു സംഭവം വീണ്ടും ജനമധ്യത്തിലേക്ക് എത്തിക്കുന്നത് അൽപം റിസ്കുള്ള കാര്യമാണ്. സംഭവം നടന്ന കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍, ജോളിയുടെ ബന്ധുക്കൾ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ അനുഭവങ്ങള്‍, നടന്ന സംഭവങ്ങളുടെ ഹൈലൈറ്റ്സ് ഡമ്മി ആര്‍ട്ടിസ്റ്റുകളെവെച്ച് മുഖം കാണിക്കാതെ അവതരിപ്പിക്കുന്ന സീക്വൻസുകൾ. ഇങ്ങനെ മൂന്നുതരം വിഷ്വല്‍സ് ഇന്റർകട്ട് ചെയ്താണ് കറി ആൻഡ് സയനൈഡ് മുന്നോട്ട് പോകുന്നത്. ഫ്രെയിം സെറ്റിങ്സും കളര്‍ടോണും ഇതിനനുസരിച്ച് ചേർന്നുപോകുന്നു. ജോളിയുടെ കുടുംബാംഗങ്ങള്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, നിയമവിദഗ്ധർ, ജേണലിസ്റ്റ്, ആക്ടിവിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫോറൻസിക് ഉള്‍പ്പെടെയുള്ളവരുടെ നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തിയുള്ളതാണ് കഥപറച്ചിൽ.
ഓരോരുത്തരും പറയുന്നത് വെറുതെ യോജിപ്പിച്ച് പോവാതെ അവർ അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ അതിന്റെ വൈകാരികതയിലേക്ക് എത്തിക്കാൻ കഴിയും വിധമാണ് ക്രിസ്റ്റോ കഥ തയാറാക്കിരിക്കുന്നത്. ജോളിയുടെ മകന് ഉള്‍പ്പെടെയുള്ളവരെ ഉൾക്കൊള്ളിച്ചത് കൂടുതല്‍ വൈകാരികവും വിശ്വസനീയവുമാക്കുന്നുണ്ട്. പക്ഷേ, ഒറ്റ ഡയമെൻഷനിലൂടെയാണ് കഥയുടെ സഞ്ചാരം. പ്രതിഭാഗത്തിന് പറയാനുള്ളത് ജോളിയുടെ അഭിഭാഷകന് അഡ്വ. ആളൂരും പറയുന്നുണ്ട്. ജോളിയെ ഗ്ലോറിഫൈ ചെയ്യുന്നതായി ചില സ്ഥലത്ത് തോന്നുന്നുണ്ടെങ്കിലും ഏറെക്കുറെ സാധാരണ പ്രേക്ഷകരുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളാണെന്നത് ജോളിയുടെ കൊലപാതക പരമ്പര അറിയുന്നവർക്ക് വ്യക്തമാണ്.
പക്ഷേ, ഈ ഡോക്യുഫിക്ഷനിൽ ജോളിയല്ല ഫോക്കസിങ് പോയന്റ്. ജോളിയിൽനിന്ന് ഭർതൃ സഹോദരി രഞ്ജിയിലേക്കുള്ള ഷിഫ്റ്റിങ്ങാണ് കറി ആൻഡ് സയനൈഡിന്റെ ക്രാഫ്റ്റ് പോർഷൻ. ‘ഇരുട്ടത്ത് ചെയ്യുന്നതൊക്കെ പുരമുകളിൽ പ്രഘോഷിക്കപ്പെടും’ എന്ന് രഞ്ജി പറയുന്നുണ്ട്. തന്റെ അമ്മയുടെയും അച്ഛന്റെയും ജോളിയുടെ ആദ്യ ഭർത്താവായ റോയിയുടെയും അടക്കം ആറ് പേരുടെ മരണത്തിന് പിന്നിൽ രഞ്ജിക്ക് തോന്നിയ ദുരൂഹതയാണ് കൂടത്തായി സംഭവത്തെ ചുരുളഴിക്കുന്നത്.
മേക്കിങ് എൻഗേജിങ് ആണെങ്കിലും ബാക് സ്റ്റോറിയിൽ വ്യക്തതയില്ലാത്തത് ഒരു പോരായ്മ തന്നെയാണ്. ഡോക്യുഫിക്ഷനില്‍ വസ്തുതകളും കഥയുടെ കെട്ടുറപ്പിന് ആവശ്യമായ ചേരുവകളും നൽകിയിട്ടുണ്ടെങ്കിലും എന്താണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നൊന്നും പറയുന്നില്ല. പൊന്നാമറ്റം കുടുംബത്തിലെ അംഗമാകുന്നതിനും മുമ്പുള്ള ജോളിയെക്കുറിച്ച് എവിടെയും പരാമർശിക്കുന്നില്ല. ഭർത്താവ് റോയിയെ മാറ്റിനിർത്തിയാൽ ആറ് കൊലപാതകങ്ങളിലും കൊല നടത്തിയ രീതിയെക്കുറിച്ച് ആർക്കും ഒരു തരത്തിലുമുള്ള വ്യക്തതയുമില്ല. എങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ചേരുവകളെല്ലാം തന്നെ കറി ആൻഡ് സൈനേഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒരു പ്രൊപ്പഗണ്ടയാണ് ഈ ഡോക്യു ഫിക്ഷന്റെ പിറവിക്കു പിന്നിൽ എന്ന ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.