‘ഐ ആം ഗെയിം’; 'ഒറ്റക്കൈ' പ്രയോഗങ്ങളിലൊളിപ്പിച്ച ഫാന്റസി ത്രില്ലർ
text_fieldsദുൽഖർ സൽമാനെ നായകനാക്കി ‘ആർ.ഡി.എക്സ്’ സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കിയ ഫാന്റസി ആക്ഷൻ ത്രില്ലറാണ് ‘ഐ ആം ഗെയിം’. ചൂതാട്ടവും ബെറ്റിങ്ങും അതുമായി ബന്ധപ്പെട്ട അധോലോകവും ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് കഥയുടെ പശ്ചാത്തലം. പിതാവിന്റെ സമ്പത്തിൽ ആഡംബരജീവിതം നയിക്കുന്ന ഡാൻ ജോൺ എന്ന യുവാവിന്റെ ലോകം ഒരു സംഭവത്തിൽ തകർന്നടിയുന്നതോടെയാണ് കഥ പുതിയ വഴിയിലേക്ക് നീങ്ങുന്നത്.
ആദ്യ പകുതിയിൽ കൗതുകമുണർത്തുന്ന നിരവധി സംഭവവികാസങ്ങളും ഫാന്റസി ഘടകങ്ങളുമുണ്ട്. ഗെയിമിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അനുഭവം നൽകുന്ന രീതിയിലാണ് അവതരണം. എന്നാൽ ഇടവേളക്കു ശേഷം ഫ്ലാഷ്ബാക്കും പ്രതികാരകഥയും 'ഒറ്റക്കൈ' പ്രയോഗങ്ങളും കൂടുതൽ ഇടംപിടിക്കുകയും ചെയ്യുന്നു. കഥാപാത്രങ്ങളുമായി ശക്തമായ വൈകാരിക ബന്ധം സ്ഥാപിക്കാതെയാണ് പിന്നീടുള്ള കഥാഗതി.
ദുൽഖർ സൽമാന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സങ്കീർണമായ ഡാൻ ജോണിനെ വ്യത്യസ്ത ഭാവങ്ങളോടെ അവതരിപ്പിക്കുന്ന താരം ആക്ഷൻ രംഗങ്ങളിലും മികവ് പുലർത്തുന്നു. വിനയ് ഫോർട്ട് ഡാന്റെ സുഹൃത്ത് ഫ്രെഡിയായി ശ്രദ്ധേയനാകുമ്പോൾ, മിഷ്കിൻ ഡേവിഡ് എന്ന വില്ലൻ കഥാപാത്രത്തെ വേറിട്ട ഗെറ്റപ്പുകളിലൂടെ അവതരിപ്പിക്കുന്നതും ശ്രദ്ധിക്കപ്പെടുന്നതാണ്. ഇൻ്റർവെല്ലിന് ശേഷം ദുൽഖർ കുറച്ചു സമയം 'വിശ്രമിക്കുമ്പോൾ' ആന്റണി വർഗീസ് പെപ്പെ അവതരിപ്പിക്കുന്ന വിഘ്നേശ് ദാസ് കഥയുടെ വൈകാരിക കേന്ദ്രമായി മാറുന്നു. നായികമാരായി കയാദു ലോഹർ, സംയുക്ത വിശ്വനാഥ് എന്നിവർ അവർക്ക് ചെയ്യേണ്ടത് മാത്രം ചെയ്യുന്നുണ്ട്. ശ്യാമപ്രസാദും അച്ഛൻ വേഷത്തിൽ നന്നായിട്ടുണ്ട്. കതിർ, പാർഥി തിവാരി, നീരജ രാജേന്ദ്രൻ, ജയസുധ, പ്രഭാകർ എന്നിവരും ചിത്രത്തിൽ ചിലപ്പോൾ നന്നാകുന്നുണ്ട്. ഒരു യുവനടനും അതിഥിവേഷത്തിൽ എത്തുന്നു.
സാങ്കേതിക മികവിൽ ചിത്രം ശ്രദ്ധേയമാണ്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം ചിത്രത്തിന് സമ്പന്നമായ ദൃശ്യഭംഗി നൽകുന്നു. അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈൻ ഫാന്റസി ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ചമൻ ചാക്കോയുടെ എഡിറ്റിങ് ചിത്രത്തിന്റെ താളം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തലസംഗീതം ആക്ഷൻ രംഗങ്ങൾക്ക് ഊർജം നൽകുന്നതാണ്. അൻപറിവ് സംഘട്ടനരംഗങ്ങൾ ഒരുക്കിയപ്പോൾ, റോബർട്ട് മില്ലർ സ്പോർട്സ് കൊറിയോഗ്രഫി നിർവഹിച്ചു.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥയും സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ സംഭാഷണവും ഒരുക്കിയിരിക്കുന്നു. നഹാസ് ഹിദായത്ത് തന്നെയാണ് കഥയുടെ പിന്നിലും. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമാണം.
ഫാന്റസി, ഗാംബ്ലിങ്, ആക്ഷൻ എന്നിവ കൂട്ടിച്ചേർത്ത വേറിട്ട ആശയം സിനിമക്കുണ്ട്. രണ്ടാം പകുതിയിലെ വേഗതക്കുറവിനിടയിൽ പ്രവചിക്കാവുന്ന ചില വഴിത്തിരിവുകളുമുണ്ട്. എന്നാൽ ഇതിനെല്ലാമുപരി ദൃശ്യപരമായ മികവും ദുൽഖറിന്റെ പ്രകടനവുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.
ഈ വീക്ഷണത്തിൽ സിനിമയെ കാണുമ്പോൾ ആദ്യ പകുതിയുടെ ആവേശവും മികച്ച സാങ്കേതിക അവതരണവും ഇഷ്ടപ്പെടുന്നവർക്ക് ‘ഐ ആം ഗെയിം’ കണ്ടിരിക്കാവുന്ന ഒരനുഭവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

