ഹിമാലയൻ നിശ്ചലതയും പ്രത്യാശയും
text_fieldsഏറെ ക്ഷമയോടെ ഒരു സിനിമ കണ്ടുതീർക്കാൻ സൗകര്യവും സമയവുമുണ്ടെങ്കിൽ ‘സെക്കൻഡ് ചാൻസ്’ തെരഞ്ഞെടുക്കാം. ശാന്തമായ ഹിമാലയൻ താഴ്വരയിലെ മരംകോച്ചുന്ന തണുപ്പിൽ ചിത്രീകരിച്ച ഈ ചിത്രം ഏകാന്തത, ഒറ്റപ്പെടൽ, മനഃശാന്തി എന്നിവയെ നിശ്ശബ്ദമായി സംബോധന ചെയ്യുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചതാണെങ്കിലും ഹിമാലയൻ ഭംഗിയെ അത് ഒട്ടും മുറിവേൽപിക്കുന്നില്ല. ഹിമാലയൻ ഭൂപ്രകൃതിയെ മാത്രമല്ല അതിന്റെ നിശ്ചലതയെയും അതിലൂടെ ഉണർത്തുന്ന വികാരങ്ങളെയും സിനിമ അടയാളപ്പെടുത്തുന്നുണ്ട്.
ഹിമാചൽ പ്രദേശിൽ ജനിച്ചുവളർന്ന് മുംബൈയിൽ താമസമാക്കിയ സുഭദ്ര മഹാജനാണ് ചിത്രം സംവിധാനം ചെയ്തത്. സമകാലിക ഇന്ത്യയിലെ സ്ത്രീത്വത്തിന്റെ സത്യസന്ധവും ക്ഷമാപണമില്ലാത്തതുമായ ആവിഷ്കാരത്തിന് നേരത്തേതന്നെ ലോകാംഗീകാരങ്ങൾ നേടിയ എഴുത്തുകാരിയും സംവിധായികയുമാണ് സുഭദ്ര മഹാജൻ. ലോകത്തിലെ പൗരാണികമായ ചലച്ചിത്രമേളകളിലൊന്നായ ചെക്ക് റിപബ്ലിക്കിലെ കാർലോവി വാരിയിൽ നടക്കുന്ന കാർലോവി വാരി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ‘സെക്കൻഡ് ചാൻസ്’ പ്രദർശിപ്പിക്കാൻ 2024ൽ അവർക്ക് അവസരം ലഭിച്ചു.
സ്ലോ പേസിലൂടെയും വിരളമായ സംഭാഷണങ്ങളിലൂടെയുമാണ് ‘സെക്കൻഡ് ചാൻസ്’ മുന്നോട്ടുപോകുന്നത്. അതിനാൽ വിരസതയനുഭവപ്പെടാം. എന്നാൽ, കഥയുടെ വൈകാരിക അടിയൊഴുക്കുകൾ പ്രേക്ഷകനെ ആഴത്തിൽ സ്പർശിക്കാനിടയുണ്ട്. ലളിതമായ ആഖ്യാനശൈലിയാണ് സിനിമയുടെ ഹൃദയം. ജീവിതത്തിന്റെ സുപ്രധാന നിമിഷത്തിലൂടെ കടന്നുപോകവെ തനിക്കു നേരിടേണ്ടിവന്ന പ്രശ്നങ്ങളിൽനിന്ന് പിൻവാങ്ങാൻ വഴിതേടി അലയുന്ന യുവതി നിയയുടെ (ധീര ജോൺസൺ) കഥയാണ് സിനിമ പറയുന്നത്.
അവൾ ഗർഭിണിയാണ്. കാമുകനുമായുള്ള പിണക്കത്തിനു ശേഷം സമാധാനം നഷ്ടപ്പെട്ട അവൾ ഡൽഹിയുടെ കനത്ത തിരക്കിലും ഒറ്റപ്പെട്ട് അലച്ചിലിലുമാണ്. വേഗതയേറിയ നഗരജീവിതത്തിൽനിന്ന് ഇടവേള തേടി, അവൾ മലനിരകളിൽ സ്ഥിതിചെയ്യുന്ന തന്റെ കുടുംബത്തിന്റെ പൂർവിക വീട്ടിലേക്ക് യാത്ര തിരിക്കുന്നു. അവിടെയെത്തി സമാധാനം തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോഴും ഭൂതകാലത്തെ അനിഷ്ട സംഭവങ്ങൾ അവളെ നിരന്തരം വേട്ടയാടുകയാണ്. ഒറ്റപ്പെട്ട മനസ്സിന്റെ വിങ്ങലുകളിൽനിന്നുള്ള മോചനത്തിനായി അവൾ വഴക്കിട്ടിറങ്ങിയ കാമുകനെ വീണ്ടും ബന്ധപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ, അപൂർണമായ മൊബൈൽ കണക്ടിവിറ്റി കാരണം ശ്രമങ്ങൾ ആവർത്തിച്ച് പരാജയപ്പെടുന്നു.
ദിവസങ്ങൾ മുന്നോട്ടു നീങ്ങവെ, തനിക്ക് മുന്നിൽ തുറന്നിട്ട ജനൽപാളികൾക്കപ്പുറത്തെ ഏകാന്ത കുന്നുകൾക്ക് വിപരീതമായി നൊമ്പരങ്ങളെ അവൾ മറവിയുടെ നീണ്ട ആഴങ്ങളിലേക്ക് മാറ്റിവെക്കുന്നു. വീട്ടിലെ വൃദ്ധ പരിചാരകൻ ഭെമിജി (താക്രി ദേവി), അദ്ദേഹത്തിന്റെ ഉത്സാഹഭരിതനായ ചെറുമകൻ സണ്ണി (കനവ് താക്കൂർ) എന്നിവരിൽ അവൾ സൗഹൃദം കണ്ടെത്തുന്നു. ഡൽഹിയിൽനിന്നുള്ള വൈകാരികമായ രക്ഷപ്പെടലിൽനിന്ന് പർവത ജീവിതത്തിന്റെ ശാന്തമായ താളങ്ങളിലേക്ക് ക്രമേണ നിയ ആകർഷിക്കപ്പെടുകയാണ് തുടന്നങ്ങോട്ട്.
സിനിമ സാവധാനത്തിൽ വികസിക്കുന്നതോടൊപ്പം അതിലെ നായകനെപ്പോലെ തന്നെ കാഴ്ചക്കാർക്ക് ശ്വസിക്കാനും ചിന്തിക്കാനും ഇടം നൽകുന്നു. നിശ്ശബ്ദതകൾക്കൊപ്പം ഇരിക്കാനും ചെറിയ ആംഗ്യങ്ങൾ ശ്രദ്ധിക്കാനും സാവധാനത്തിൽ വളരുന്ന ബന്ധങ്ങൾ നിരീക്ഷിക്കാനും അത് അനുവദിക്കുകയും ചെയ്യുന്നു. വാക്കുകളിലൂടെയല്ല, സാന്നിധ്യത്തിലൂടെയാണ് യഥാർഥ രോഗശാന്തി എന്നും അങ്ങനെയുള്ള ആളുകളെയും സ്ഥലങ്ങളെയും കുറിച്ച് ചിന്തിക്കുകയാണ് വേണ്ടതെന്നും സിനിമ പറയുന്നു.
ബ്ലാക്കിന്റെയും വൈറ്റിന്റെയും കനത്ത പ്രതലമായിട്ടും സ്വയശൈലിയിൽ നിയ എന്ന കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിച്ച ധീര ജോൺസന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. സംഭാഷണത്തെ ആശ്രയിക്കാതെ അഭിനയത്തിലും, നിശ്ശബ്ദതയും ഏകാന്തതയും വൈകാരികമായിതന്നെ അവർ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്.
സ്വപ്നിൽ സോനാവാനെയുടെ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ഛായാഗ്രഹണത്തെ പുകഴ്ത്തുകതന്നെ വേണം. ശൈലീപരമായ ചലനങ്ങൾക്കപ്പുറത്ത് സിനിമയുടെ കാലാതീതതയും വൈകാരിക ഗുരുത്വാകർഷണവും ഉയർത്തുന്ന ആഖ്യാനം അദ്ദേഹത്തിന്റെ ഛായാഗ്രഹണ മികവിന്റെകൂടി അയാളമാണ്. ഒരുവേള ഈ സിനിമ സങ്കീർണമായി തോന്നാം, എന്നാൽ ആത്മാവ് ലളിതമാണ്, ഉന്മേഷമുള്ളതും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.