നം യാ അസീസി അതിരുകൾക്കപ്പുറം
text_fields‘നം യാ അസീസി’ റിലീസിങ്
ഭാരതിദാസന്റെ തമിഴ് താരാട്ടുപാട്ടിന്റെ അറബിക് പരിഭാഷ ‘നം യാ അസീസി’ (Nam Ya Azizi) ആയിരുന്നു ആ ഗാനം
‘കലക്ക് അതിരുകളില്ല. എന്നാൽ, അതിരുകൾ യുദ്ധക്കളമാകുമ്പോൾ കലാകാരന്മാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.’ തമിഴ് സംസ്കാരത്തിന്റെ ഈണം ഫലസ്തീനിലെ ഗസ്സയിലെത്തിച്ച ഡോ. എ. ജാഹിർ ഹുസൈൻ ഇത് പറയുമ്പോൾ ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളിലൂടെ അദ്ദേഹം കടന്നുപോയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത തമിഴ് കവി ഭാരതിദാസന്റെ താരാട്ടുപാട്ട് അറബിയിലേക്ക് വിവർത്തനം ചെയ്തപ്പോൾ അത് ആലപിക്കാൻ അനുയോജ്യമായ ഒരാളെ തിരയുകയായിരുന്നു മദ്രാസ് സർവകലാശാലയിലെ അറബിക്, പേർഷ്യൻ, ഉർദു വിഭാഗം മേധാവിയായ ഡോ. എ. ജാഹിർ ഹുസൈൻ. തന്റെ ഫലസ്തീൻ വിദ്യാർഥികളാണ് നാട്ടിലെ മികച്ച പ്രതിഭകളെക്കുറിച്ച് അദ്ദേഹത്തോട് സൂചിപ്പിച്ചത്. അങ്ങനെയാണ് ഗസ്സയിലെ റീം അഹ്മദ് എന്ന ഗായികയെ അദ്ദേഹം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
അതിരില്ലാത്ത ഭാഷകൾ
തമിഴ് സാഹിത്യത്തെ അറബ് ലോകത്തിന് പരിചയപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ജാഹിർ ഹുസൈൻ. ഫലസ്തീൻ വിദ്യാർഥികളുടെ നിർദേശപ്രകാരം ഗസ്സയിലെ ‘ത്രനീം’ മ്യൂസിക് സ്റ്റുഡിയോയുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു. അവിടെ നിന്നാണ് റീം അഹ്മദ് എന്ന പ്രതിഭയെ അദ്ദേഹം കണ്ടെത്തുന്നത്. യുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ റീം ആദ്യം പാട്ട് പാടാനുള്ള വാഗ്ദാനം നിരസിച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് ഈ ദൗത്യം റീം ഏറ്റെടുത്തത്. ഭാരതിദാസന്റെ പ്രശസ്ത തമിഴ് താരാട്ടുപാട്ടായ ‘കരാരും വാനത്തിൽ കാണും മുഴു നിലവേ’ എന്നതിന്റെ അറബിക് പരിഭാഷ ‘നം യാ അസീസി’ (Nam Ya Azizi) ആയിരുന്നു ആ ഗാനം. മലയാളിയായ ഉബൈദ് കുന്നക്കാവ് സംഗീതം നൽകിയ ഈ ഗാനം സ്റ്റുഡിയോ വഴി റീമിന് എത്തിച്ചു. 2023 ഒക്ടോബറിലെ ഇസ്രായേലിന്റെ ഗസ്സ അധിനിവേശവും യുദ്ധക്കെടുതികളും തീർത്ത ദുരിതങ്ങൾക്കിടയിലും റീം അത് അതിമനോഹരമായി പാടി തിരിച്ചയച്ചു.
റീം എവിടെ?
രാജ്യം നാശവും പലായനവും നേരിടുമ്പോഴും ആ ശബ്ദം ഊർജസ്വലവും വികാരഭരിതവുമായിരുന്നു. പാട്ടിൽ ചെറിയ തിരുത്ത് വരുത്തുന്നതിന് വേണ്ടി ഗായികയെ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവരെ കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. ഒടുവിൽ കഴിഞ്ഞ മാർച്ചിലാണ് തമിഴ് നടൻ നാസർ ഈ ഗാനം പ്രകാശനം ചെയ്തത്. വിഡിയോ റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ അഞ്ച് ലക്ഷത്തിലധികം പ്രേക്ഷകരെ നേടിയ ഗാനം തമിഴ്-അറബ് സാഹിത്യ വൃത്തങ്ങളിൽ വലിയ ചലനമുണ്ടാക്കി. ഈ സന്തോഷവാർത്ത പങ്കുവെക്കാൻ ജാഹിർ ഹുസൈൻ ഗായിക റീം അഹമ്മദിനെ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. യുദ്ധത്തിൽ സഹോദരന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് അവരും കുടുംബവും എവിടേക്കോ മാറിത്താമസിച്ചു എന്നാണ് സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്ന ഒരാളിൽനിന്ന് അവസാനമായി അറിഞ്ഞത്.
ഡ്രംസ് ജെറി എന്റർടെയിൻമെന്റിനുവേണ്ടി ഗ്ലാഡി ജെറാർഡ് നിർമിച്ച ഗാനത്തിന് സംഗീതം നൽകിയ ഉബൈദ്, മലപ്പുറം കുന്നക്കാവ് സ്വദേശിയാണ്. ഷാർജയിൽ ജോലി ചെയ്യുന്ന ഉബൈദിന്റെ നേതൃത്വത്തിൽ അവിടെ വെച്ചാണ് ഇതിന്റെ പ്രൊഡക്ഷൻ നടന്നത്. ‘ഈണം നൽകി ഗസ്സയിലെ സ്റ്റുഡിയോയിലേക്ക് ട്രാക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഗായികയെ നേരിട്ട് അറിയില്ലെങ്കിലും കൊടുത്ത ഈണത്തിന്റെ ആത്മാവ് ഉൾക്കൊണ്ടാണ് അവർ ആ താരാട്ടുപാട്ട് പാടിയത്. ഗായികയെ നേരിട്ട് അറിയാതെ താൻ സംഗീതം നൽകുന്ന ആദ്യ ഗാനമാണിത്’ ഉബൈദ് പറയുന്നു. അറബ്-തമിഴ് പാരമ്പര്യങ്ങളുടെ മിശ്രണമാണ് ഈ സംഗീതമെന്ന് ഉബൈദ് സാക്ഷ്യപ്പെടുത്തുന്നു. അഞ്ഞൂറിലധികം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിക്കുകയും രണ്ടായിരത്തിലധികം പാട്ടുകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്ത കലാകാരനാണ് ഉബൈദ് കുന്നക്കാവ്.
മാനവികതയുടെ ഗാനം
സാരിയുടുത്ത് തലയിൽ പൂവ് ചൂടിയ തമിഴ് സ്ത്രീയുടെയും ശിരോവസ്ത്രം ധരിച്ച അറബ് സ്ത്രീയുടെയും ദൃശ്യങ്ങൾ കോർത്തിണക്കി ഈ ഗാനം മാനവികതയുടെയും സഹാനുഭൂതിയുടെയും ആഗോള ഭാഷയായി മാറുന്നു. തമിഴ് ക്ലാസിക് ആധുനിക സാഹിത്യങ്ങളെ അറബ് ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ ജാഹിർ ഹുസൈൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. തിരുക്കുറൾ, പന്ത്രണ്ടാം നൂറ്റാണ്ടിലെ കവയിത്രി അവ്വയാറിന്റെ 109 ഒറ്റവരി വചനങ്ങളുടെ സമാഹാരം, ഭാരതിയാരുടെ 30 കവിതകൾ, ഭാരതീദാസന്റെ 50 കവിതകൾ തുടങ്ങിയവ അദ്ദേഹം അറബിയിലേക്ക് വിവർത്തനം ചെയ്തു. തമിഴ്‌നാട് സർക്കാറിന്റെ സഹായത്തോടെയാണ് ഈ നാല് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്. വിവർത്തന രംഗത്തെ മികവിന് 2016ൽ തമിഴ്‌നാട് സർക്കാറിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
രണ്ടുവർഷം മുമ്പ് തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ കവിതയുടെ അറബി പരിഭാഷ ജാഹിർ ഹുസൈൻ നിർവഹിച്ചിരുന്നു. ഇത് ദേശഭക്തി ഗാനരൂപത്തിൽ ഉബൈദിന്റെ സംഗീതത്തിൽ ഫലസ്തീനി ഗായകരുടെ ശബ്ദത്തിൽ പുറത്തിറങ്ങിയിരുന്നു. മദ്രാസ് സർവകലാശാല അറബിക് വിഭാഗത്തിന്റെ അവാർഡ് ഈ ഉദ്യമത്തിന് ഉബൈദിനെ തേടിയെത്തിയിരുന്നു. അതിരുകൾക്കും ഭാഷകൾക്കുമപ്പുറം മനുഷ്യവികാരങ്ങൾ ഒന്നാണെന്ന് ‘നം യാ അസീസി’ എന്ന താരാട്ടുപാട്ട് നമ്മോട് വിളിച്ചോതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

