വരികളിൽ കണ്‍ഫ്യൂഷന്‍ വരുമ്പോൾ ചാറ്റ് ജി.പി.ടിയോട് ചോദിക്കും, എ.ഐയുടെ സഹായം തേടുന്നതിൽ പ്രശ്നമില്ല -അനിരുദ്ധ്
text_fieldsഇന്ത്യയിലെ ഏറ്റവും അധികം ആരാധകരുള്ള സംഗീത സംവിധായകരിലൊരാളാണ് അനിരുദ്ധ് രവിചന്ദർ. ആദ്യ ചിത്രം മുതൽ തന്നെ അനിരുദ്ധിന്‍റെ പാട്ടുകൾ ഹിറ്റാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് അനിരുദ്ധിന്‍റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. കൂലിയിലെ പുറത്തുവന്ന രണ്ട് പാട്ടുകളും ഹിറ്റാണ്. ഇപ്പോഴിതാ അനിരുദ്ധ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
സംഗീതം സൃഷ്ടിക്കാൻ ചാറ്റ് ജി.പി.ടി ഉപയോഗിക്കാറുണ്ടെന്നാണ് അനിരുദ്ധ് പറഞ്ഞത്. ചാറ്റ് ജി.പി.ടിയുടെ പ്രീമിയം മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ടെന്നും പാട്ടിന്റെ വരികളിൽ കണ്‍ഫ്യൂഷന്‍ വരുമ്പോൾ ജി.പി.ടിയെ ആശ്രയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോൾ അവസാനത്തെ രണ്ട് വരിയൊക്കെ കിട്ടാതാകുമ്പോള്‍ അതുവരെയുള്ള വരികള്‍ ചാറ്റ് ജി.പി.ടിക്ക് കൊടുത്തിട്ട് രണ്ട് വരി കൂടെ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടുമെന്ന് അനിരുദ്ധ് പറയുന്നു.
ക്രിയേറ്റീവ് ബ്ലോക്കുകളിൽ കുടുങ്ങിക്കിടക്കുമ്പോഴെല്ലാം എ.ഐയുടെ സഹായം തേടുന്നതിൽ തനിക്ക് പ്രശ്നമില്ലെന്ന് അനിരുദ്ധ് പറഞ്ഞു. എന്നാൽ ഏത് ഗാനം പൂർത്തിയാക്കാനാണ് ചാറ്റ്ജി.പി.ടിയുടെ സഹായം തേടിയതെന്ന് അനിരുദ്ധ് വെളിപ്പെടുത്തിയിട്ടില്ല.
എ.ആർ. റഹ്മാനെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞനായി അനിരുദ്ധ് മാറി. പ്രതിഫലം10 കോടി രൂപയാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 33 കാരനായ അനിരുദ്ധ് ലിയോ, ജയിലർ എന്നീ ചിത്രങ്ങൾക്ക് ഏഴു മുതൽ എട്ടു കോടി രൂപ വരെയായിരുന്നു വാങ്ങിയിരുന്നത്. എന്നാൽ പിന്നീട് പ്രതിഫലം കൂട്ടുകയായിരുന്നു. പ്രീതം, വിശാൽ-ശേഖർ, എംഎം കീരവാണി, യുവൻ ശങ്കർ രാജ തുടങ്ങിയവർ ഒരു ചിത്രത്തിന് അഞ്ചു കോടിയിൽ താഴെയാണ് ഈടാക്കുന്നത്. എ.ആർ. റഹ്മാന്റെ പ്രതിഫലം ഏഴ് കോടി മുതൽ എട്ട് കോടി വരെയാണെന്നാണ് പ്രചരിക്കുന്ന വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.