പവിഴ ദ്വീപിന്റെ പാട്ടുകാരൻ
text_fieldsളിറാർ അമിനി
ലക്ഷദ്വീപിലെ വെള്ളമണൽപ്പുറത്തിരുന്നു വേറിട്ട ശൈലിയിൽ ളിറാർ അമിനിയെന്ന സൂഫി ഗായകൻ ഭ്രാന്തിനെ കുറിച്ച് പാടിയപ്പോൾ ആസ്വാദക മനസ്സുകൾ ആ വരികളെ ചേർത്തുവെച്ചത് തങ്ങളുടെ ഹൃദയത്തിലാണ്.
പവിഴദ്വീപിന്റെ സ്വന്തം പാട്ടുകാരൻ. സാമൂഹിക മാധ്യമങ്ങളിൽ അങ്ങനെയാണ് ളിറാർ അമിനി അറിയപ്പെടുന്നത്. ദ്വീപിന്റെ സ്വന്തം മദ്ഹ് ഗാനങ്ങളും ആഷിഖീങ്ങളും സാദാത്തുകളും ഒത്തുകൂടുന്ന സദസ്സുകളുമായിരുന്നു ആദ്യമൊക്കെ അവൻ പാട്ടിനായി തിരഞ്ഞെടുത്ത വേദികൾ. ഉപ്പയും വല്ല്യുപ്പയും ജ്യേഷ്ഠൻമാരുമൊക്കെ പാടുന്നത് കണ്ട് വളർന്ന ബാല്യം. വൈകാതെ ഉപ്പയുടെ വഴിയേ ഇശലിന്റെ ലോകത്തേക്ക്. ളിറാർ അമിനി പറയുന്നു...
മുഹബത്തിന്റെ പാട്ടുകാരൻ
സൂഫിഗാനങ്ങളും ലക്ഷദ്വീപിന്റെ ചരിത്രഗാഥകൾ പറയുന്ന ധോലിപ്പാട്ടുകളും മുൻഗാമികൾ പാടിമറഞ്ഞ ബൈത്തുകളുമൊക്കെ ഒറ്റക്ക് പാടിത്തുടങ്ങിയത് ഏഴാം ക്ലാസിനു ശേഷമാണ്. പാട്ടിനോടുള്ള മുഹബത്ത് കൂടിയപ്പോൾ പഠനമുപേക്ഷിച്ചു. പിന്നീട് എല്ലാം പാട്ടായിരുന്നു. ആഴിയും ആകാശവും കേരവും തീരവും പവിഴദ്വീപുകളും അങ്ങനെ എല്ലാത്തിനെയും വരികളിൽ കൂട്ടിച്ചേർത്തു കാലത്തോടൊപ്പം പാടി.
ഇന്ന് പാടുന്നതൊക്കെയും സുഹൃത്തും എഴുത്തുകാരനുമായ കെ.എം. കിണാശ്ശേരി രചിച്ചതാണ്. ആയിരത്തിലധികം വേദികളിൽ പാടിക്കഴിഞ്ഞു. ദ്വീപിൽ മാത്രമാണ് ആദ്യമൊക്കെ പരിപാടികൾ നടത്തിയത്. ചെറിയ വേദികളോടാണ് കൂടുതൽ താൽപര്യം. ആസ്വാദകർ ഏറെയുണ്ടെങ്കിലും ദ്വീപ് നിവാസികളിൽ പലർക്കും വ്യക്തിപരമായി എന്നെ അറിയില്ലായിരുന്നു. എന്റെ ശബ്ദം മാത്രമാണ് അവർക്ക് പരിചയം. കാരണം സാങ്കേതികവിദ്യ ലോകത്തെ കീഴടക്കിയെങ്കിലും ഞങ്ങളിലേക്കെത്താൻ ഏറെ വൈകിയിരുന്നു.
കടൽകടന്ന് കരയിലേക്ക്
പാടിത്തുടങ്ങി രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ദ്വീപുകടന്ന് പുറത്തേക്ക് പോകുന്നത്. കഴിഞ്ഞ ഒമ്പതു വർഷമായി സൂഫി സംഗീതത്തെക്കുറിച്ച് ആഴത്തിൽ അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദ്വീപിനുള്ളിൽ മാത്രം അലയടിച്ച ഗാനങ്ങൾ കരകളിലേക്ക് എത്താൻ കാരണം ഒരു ഹോട്ടൽ ജീവനക്കാരന്റെ ആസ്വാദക ഹൃദയമാണെന്ന് പറയാം. ഒമാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയിലേക്ക് ഞാനും ജ്യേഷ്ഠനും ഉൾപ്പെടുന്ന ഒരു ചെറു സംഘത്തിന് മദ്ഹ് ഗാനം ആലപിക്കാനുള്ള ക്ഷണം ലഭിച്ചു. അന്ന് വൈകിട്ട് ഞങ്ങൾ താമസിച്ച റസ്റ്റാറന്റിലെ ജീവനക്കാരൻ പരിചയ ഭാവത്തിൽ ഒരു പാട്ടുപാടാൻ എന്നോട് ആവശ്യപ്പെട്ടു. ‘ഭ്രാന്തായാൽ എന്ത് സുഖം സഖറാത്തുൽ മൗത് എന്ത് രസം’ എന്ന പാട്ട് എന്റേതായ ശൈലിയിൽ അദ്ദേഹത്തിന് ഞാൻ പാടി. ജാബിർ സുലൈമാൻ രചിച്ച ഗാനം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇത് റെക്കോഡ് ചെയ്യുകയും വിവിധ വാട്സ്ആപ് ഗ്രൂപ്പിലേക്കും ഇൻസ്റ്റഗ്രാമിലേക്കും ഷെയർ ചെയ്യുകയും ചെയ്തു. ദ്വീപിനപ്പുറമുള്ള ലോകത്തേക്ക് ഞാനെത്തുന്നത്. ഉമ്മയും ഭാര്യയും രണ്ട് മക്കളുമുൾപ്പെടുന്ന കുടുംബമാണുള്ളത്. പെയിന്റിങ്, പാർപ്പിട പണികളൊക്കെ ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
ദ്വീപുകളുടെ ദ്വീപ്
ഒരു ലക്ഷം ദ്വീപുകൾ’ അതാണ് 36 ദ്വീപുകൾ കോർത്തിണങ്ങി കിടക്കുന്ന ഞങ്ങളുടെ ലക്ഷദ്വീപ്. 12 അറ്റോളുകൾ, മൂന്ന് പവിഴപ്പുറ്റുകൾ, അഞ്ച് വെള്ളത്തിനടിയിലുള്ള തീരങ്ങൾ, പത്ത് ജനവാസമുള്ള ദ്വീപുകൾ. കൊലപാതകങ്ങൾ നടക്കാത്തയിടം. ക്രിമിനൽക്കേസുകൾ വിരലിലെണ്ണാവുന്നവ. പൊലീസും ജനങ്ങളും തമ്മിൽ സംഘർഷളില്ലാത്തിടം. മോഷണമില്ല കൊള്ളയില്ല. ഓരോ വ്യക്തിയും പരസ്പരം അറിഞ്ഞു ജീവിക്കുന്ന ഒരു ചെറിയ സ്വർഗം.
സഞ്ചാരികൾക്ക് കാഴ്ചയുടെ വിസ്മയമൊരുക്കുന്ന ലക്ഷദ്വീപിന് ദുരിത ജീവിതത്തിന്റെ മറ്റൊരു കഥകൂടി പറയാനുണ്ട്. ദ്വീപിലെ യുവാക്കൾ അഭ്യസ്തവിദ്യരാണെങ്കിലും അവരിലധികവും ഇന്നും മത്സ്യ ബന്ധനവും പാരമ്പര്യ തൊഴിലുകളുമാണ് ചെയ്യുന്നത്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി ഇതര സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നുണ്ടെങ്കിലും കാത്തിരിക്കുന്ന പരിമിതികളേറെ. ഭരണകൂട മേലാളന്മാരുടെ നിയമനിർമാണ പ്രവർത്തനങ്ങൾ ദീപ് നിവാസികളുടെ സമാധാന ജീവിതങ്ങൾക്കുമേൽ കരി നിഴൽ വീഴ്ത്തിക്കൊണ്ടിരിക്കുന്നു.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.