ദിൽജിതിന്റെ പാട്ടിൽ ഇളകിമറിഞ്ഞ് വെംബ്ലി; ചരിത്രം കുറിച്ച ആദ്യ പഞ്ചാബി ഗായകൻ
text_fieldsദിൽജിത് ദോസഞ്ജ്
പഞ്ചാബി ഗായകൻ ദിൽജിത് ദോസഞ്ജിന്റെ ലണ്ടൻ വെംബ്ലി സ്റ്റേഡിയത്തിലെ ചരിത്രപരമായ സംഗീത കോൺസേട്ടിന്റെ ആവേശത്തിലാണ് സംഗീത ലോകം. വെംബ്ലി സ്റ്റേഡിയത്തിൽ ഹെഡ്ലൈൻ ചെയ്ത ആദ്യ പഞ്ചാബി കലാകാരൻ എന്ന ചരിത്രനേട്ടമാണ് ദിൽജിത് സ്വന്തമാക്കിയത്. സെപ്റ്റംബർ 12ന് നടന്ന ഈ കോൺസേട്ടിൽ ഒൻപതിനായിരത്തിലേറെ ആരാധകരാണ് തടിച്ചുകൂടിയത്.
തന്റെ ഈ വിജയം സ്വന്തം നേട്ടമായി മാത്രം കാണുന്നില്ലെന്നും, ഇത് വെംബ്ലി സ്റ്റേഡിയത്തിലെ സ്വപ്ന തുല്യമായ നേട്ടമാണെന്നും ദിൽജിത് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. "ഇത് എനിക്ക് മാത്രമല്ല, എന്റെ ജനങ്ങൾക്കും അടുത്ത തലമുറക്കും വേണ്ടിയുള്ളതാണ്. പഞ്ചാബികൾ ഇവിടെ എത്തിയിരിക്കുന്നു. എന്റെ ഇംഗ്ലീഷ് മോശമായിരിക്കാം, പക്ഷേ എന്റെ മനസ്സ് വളരെ വ്യക്തമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. കോൺസേട്ടിന്റെ വിജയത്തിന് ശേഷം ഇൻസ്റ്റഗ്രാമിലൂടെയും അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചു. "ഇന്നലത്തെ ദിവസം ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചു..." എന്നാണ് ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചുകൊണ്ട് ദിൽജിത് കുറിച്ചത്.
എന്നാൽ വെംബ്ലിയിലെ വിജയത്തോടൊപ്പം ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു പ്രഖ്യാപനവും ദിൽജിത് നടത്തി. തന്റെ 'ഓറ വേൾഡ് ടൂർ' പരിപാടിയുടെ ഭാഗമായി അടുത്തതായി ഇന്ത്യയിലെ അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അദ്ദേഹം സംഗീത നിശ അവതരിപ്പിക്കും. അടുത്തിടെ കോൾഡ്പ്ലേ ബാൻഡിന്റെ കോൺസേട്ടിനെ പ്രശംസിച്ച അദ്ദേഹം, ഈ വേദിയിലും പഞ്ചാബി സാന്നിധ്യം ഉണ്ടാകുമെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലിൽ വാങ്കൂവറിലെ ബി.സി. പ്ലേസിൽ വെച്ചാണ് ഈ ലോക പര്യടനത്തിന് തുടക്കമായത്. തുടർന്ന് വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങളും യൂറോപ്പിലെ ജർമ്മനി, നെതർലാൻഡ്സ്, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും പര്യടനം നടത്തിയ ശേഷമാണ് അദ്ദേഹം ലണ്ടനിലെത്തിയത്. ദിൽജിത് ദൊസാഞ്ചിന്റെ ഈ ചരിത്ര നേട്ടം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൻ തരംഗമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

