'ഞാൻ ആർക്കുവേണ്ടിയാണ് പാടുന്നത്'; റഹ്മാന്റെ സ്റ്റുഡിയോയിൽ ഒറ്റപ്പെട്ട ലതാ മങ്കേഷ്‌കർ, സംഭവം വിവരിച്ച് ഗുൽസാർ
text_fieldsസംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് പ്രശസ്ത ഗാനരചയിതാവ് ഗുൽസാർ. റഹ്മാൻ കൂടുതലും ഒറ്റക്കാണ് ജോലി ചെയ്യുന്നതെന്നും, ഒരു അസിസ്റ്റന്റ് മാത്രമേയുള്ളൂവെന്നും ഗുൽസാർ അഭിമുഖത്തിൽ പറഞ്ഞു.
‘മിക്കപ്പോഴും സ്റ്റുഡിയോയിൽ റഹ്മാൻ ഒറ്റക്കായിരിക്കും. വലിയ റെക്കോർഡിങ്ങുകൾ പോലും അദ്ദേഹത്തിന് ഒറ്റക്ക് ചെയ്യാൻ സാധിക്കും. അക്കാര്യത്തിൽ റഹ്മാന് പ്രത്യേക കഴിവ് ഉണ്ട്. ഇതുപോലെയൊരാളെ ഞാൻ മുൻപ് കണ്ടിട്ടില്ല. ചെറിയ ചില കാര്യങ്ങൾക്ക് സഹായിക്കാൻ ഒരാൾ കൂടെയുണ്ടാകുമെന്നല്ലാതെ മിക്കപ്പോഴും റഹ്മാൻ ഒറ്റക്ക് തന്നെയാണ്'.
ദിൽ സേ എന്ന ചിത്രത്തിലെ ‘ജിയാ ചലേ’ എന്ന പാട്ടിന്റെ റെക്കോർഡിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ഗുൽസാർ. സാധാരണയായി റെക്കോർഡിങ് വേളയിൽ ഗായകരുടെ എതിർ ദിശയിലെ മുറിയിൽ സംഗീതസംവിധായകർ ആംഗ്യങ്ങൾ കാണിക്കുന്നതും നിർദേശം നൽകുന്നതും പതിവാണ്. എന്നാൽ അന്ന് ലത നോക്കിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. അന്ന് പാട്ട് പാടാൻ സ്റ്റുഡിയോയിൽ എത്തിയ ലതാ മങ്കേഷ്കർ അവിടെ ഒറ്റപ്പെട്ടു പോയി. റഹ്മാനൊപ്പമുള്ള ലതയുടെ ആദ്യ ഗാനമായിരുന്നു അത്.
അൽപനേരം കഴിഞ്ഞപ്പോൾ ലത എന്നോട് ചോദിച്ചു. എന്റെ മുന്നിൽ ആരെയും കാണാൻ കഴിയുന്നില്ല. ഞാൻ ആർക്കു വേണ്ടിയാണ് പാടുന്നത്? ആരെയും കാണാതെ എനിക്ക് വളരെ അസ്വസ്ഥത തോന്നുന്നു. ലതക്ക് കൺമുന്നിൽ ആരുമില്ലാതെ പാട്ട് പാടാനോ ഒരു കവിത ചൊല്ലാനോ പോലും കഴിയില്ല. അന്ന് റഹ്മാന് ഹിന്ദി അത്ര വശമില്ലായിരുന്നു.
ലത എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ റഹ്മാനെ അറിയിച്ചു. തുടർന്ന് ലതക്ക് കാണാൻ പാകത്തിന് റെക്കോർഡിങ് റൂമിന്റെ വാതിലിനോട് ചേർന്ന് ഞാൻ ഇരുന്നു. അങ്ങനെ എന്നെ കണ്ടുകൊണ്ടാണ് ലത പാട്ട് പാടി പൂർത്തിയാക്കിയത്. ബോളിവുഡ് സിനിമ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സൗണ്ട് ട്രാക്കുകളിൽ ഒന്നായി ദിൽ സേ മാറി. ജിയാ ജലേ എല്ലാ കോണുകളിൽ നിന്നും പ്രത്യേക പ്രശംസ നേടിയെന്നും ഗുൽസാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.