മിസിസ് ആൻഡ് മിസ്റ്ററിലെ ഗാനം ഉടൻ നീക്കം ചെയ്യണം, ഇളയരാജ കോടതിയിൽ
text_fieldsഇളയരാജ
ചെന്നൈ: മിസിസ് ആൻഡ് മിസ്റ്റർ എന്ന തമിഴ് ചിത്രത്തിലെ ഗാനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്ത് സംഗീതസംവിധായകൻ ഇളയരാജ. വനിത വിജയകുമാറും നൃത്തസംവിധായകൻ റോബർട്ടും അഭിനയിച്ച മിസിസ് & മിസ്റ്റർ എന്ന ചിത്രം ജൂലൈ 11നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്.
'മൈക്കൽ മദന കാമരാജൻ' എന്ന ചിത്രത്തിലെ ഇളയരാജയുടെ 'ശിവ രാത്രി' എന്ന ഗാനമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുവാദമില്ലാതെ ഗാനം സിനിമയിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് കേസ് ഫയൽ ചെയ്തത്. ഇളയരാജയുടെ അഭിഭാഷകൻ എ. ശരവണൻ, കേസ് അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിക്ക് മുമ്പാകെ അപ്പീൽ നൽകിയിരുന്നു. അപ്പീൽ കേട്ട ജഡ്ജി കേസ് തിങ്കളാഴ്ച പരിഗണിക്കാൻ സമ്മതിച്ചു.
പകർപ്പവകാശ നിയമപ്രകാരം, അനുമതി വാങ്ങിയ ശേഷമാണ് ഗാനം ഉപയോഗിക്കേണ്ടിയിരുന്നതെന്ന് ഇളയരാജ സമർപ്പിച്ച ഹരജിയിൽ പറയുന്നു. മാത്രമല്ല, അനുമതിയില്ലാതെ പാട്ടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഇത് പകർപ്പവകാശ ലംഘനമാണും അദ്ദേഹം പറയുന്നു. ഗാനം സിനിമയിൽ നിന്ന് ഉടൻ നീക്കം ചെയ്യണം എന്ന് ഇളയരാജ ആവശ്യപ്പെട്ടു.
ഇന്ത്യൻ സിനിമയിലെ മുൻനിര സംഗീതസംവിധായകരിൽ ഒരാളാണ് ഇളയരാജ. ഇസൈജ്ഞാനി എന്നറിയപ്പെടുന്ന അദ്ദേഹം ഒന്നിലധികം ഭാഷകളിലായി 7,000-ത്തിലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗാനങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടതാണെങ്കിലും പകർപ്പവകാശവുമായി ബന്ധപ്പെട്ട ഇളയരാജയുടെ നടപടികളിൽ പലരും അതൃപ്തരാണ്.
2019 മുതൽ, പകർപ്പവകാശം നേടാതെ തന്റെ ഗാനങ്ങൾ ഉപയോഗിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിരവധി സംവിധായകർക്കും നിർമാതാക്കൾക്കും അദ്ദേഹം നോട്ടീസ് അയച്ചിട്ടുണ്ട്. തന്റെ ഗാനങ്ങൾ വേദിയിൽ പാടരുതെന്ന് ആവശ്യപ്പെട്ട് അടുത്ത സുഹൃത്തുക്കളായ എസ്.പി.ബിക്കും ചിത്രക്കും അദ്ദേഹം നോട്ടീസുകൾ അയച്ചിരുന്നു. ഇത് സിനിമ വൃത്തങ്ങളിൽ ചർച്ചാവിഷയമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.