'നൂറു ശതമാനം ഒറിജിനൽ എന്ന് പറയാവുന്ന ഒരു പാട്ടും ഞാൻ എഴുതിയിട്ടില്ല' -മനോജ് മുൻതാഷിർ
text_fieldsനൂറു ശതമാനം ഒറിജിനൽ എന്ന് പറയാവുന്ന ഒരു പാട്ടും ഞാൻ എഴുതിയിട്ടില്ലെന്ന് ബോളിവുഡ് ഗാനരചയിതാവ് മനോജ് മുംതാഷിർ. നമുക്കു മുമ്പ് കടന്നുപോയ മഹാന്മാരിൽനിന്നാണ് നാം പഠിക്കുന്നതെന്നും അവരുടെ പ്രചോദനം ഒരു തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പാട്ടുകൾക്ക് പ്രചോദനമായ കവികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. മൗലികത ഒരു മിത്താണെന്നും മനോജ് അഭിപ്രായപ്പെട്ടു.
'നൂറു ചിത്രങ്ങൾക്കായി എണ്ണൂറോളം പാട്ടുകളെഴുതാൻ പറ്റിയ ഞാൻ പറയട്ടെ, നൂറു ശതമാനം ഒറിജിനൽ എന്ന് പറയാവുന്ന ഒരു പാട്ടും ഞാൻ എഴുതിയിട്ടില്ല എന്ന്. കവി മോമിൻ (മോമിൻ ഖാൻ മോമിൻ) എഴുതിയ “തും മേരെ പാസ് ഹോതേ ഹോ ഗോയാ” ഇല്ലായിരുന്നുവെങ്കിൽ, ഞാൻ “തു മേരി നിന്ദോ മേ സോതാ ഹൈ” എഴുതുമായിരുന്നുവോ?' -അദ്ദേഹം ചോദിച്ചു.
'ഫിറാഖ് ഗോരഖ്പുരി എഴുതിയതൊന്നുമില്ലായിരുന്നുവെങ്കിൽ “തേരെ സംഗ് യാരാ” പിറക്കുമായിരുന്നോ? തുളസിദാസ് എഴുതിയ “ജബ് ആവേ സന്തോഷ് ധൻ” ഇല്ലായിരുന്നുവെങ്കിൽ, ഞാൻ “ഓ ദേശ് മേരെ” എഴുതുമായിരുന്നുവോ? നമുക്കുമുമ്പ് കടന്നുപോയ മഹാന്മാരിൽനിന്ന് നാം പഠിക്കുന്നു. അവരുടെ പ്രചോദനം ഒരു തെറ്റല്ല.’’ -മനോജ് കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ നടന്ന സാഹിത്യ ആജ്തക് 2025ന്റെ രണ്ടാം ദിനത്തിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മനോജ് മുൻതാഷിർ. തന്റെ പോരാട്ടങ്ങൾ, പ്രചോദനങ്ങൾ, പരാജയങ്ങൾ, എഴുത്തിന്റെ വൈദഗ്ദ്ധ്യം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മാധ്യമപ്രവർത്തകയായ ശ്വേത സിങ്ങായിരുന്നു സെഷൻ മോഡറേറ്റ് ചെയ്തത്.
ആദിപുരുഷുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ നൽകിയ വിശദീകരണം തെറ്റായി എന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് പ്രതികരിക്കാൻ പാടില്ലായിരുന്നു. അതാണ് ചെയ്ത ഏറ്റവും വലിയ തെറ്റ്. തന്റെ വാക്കുകളിൽ അന്ന് അവർക്ക് ദേഷ്യം തോന്നിയത് സ്വാഭാവികമാണ്. അവരുടെ വികാരത്തെ മാനിക്കണമായിരുന്നു എന്നും ഇപ്പോൾ തനിക്ക് തെറ്റ് മനസിലായി എന്നും മനോജ് മുംതാഷിർ പറഞ്ഞു.
പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തിയറ്ററുകളിൽ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. 700 കോടിയോളം മുടക്കി നിർമിച്ച ചിത്രത്തിന് 450 കോടി മാത്രമാണ് നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

