പീലിയേഴും വീശിവാ സ്വരരാഗമാം മയൂരമേ
text_fieldsമലയാളിയുടെ പാട്ടിന്റെ ഉപവനം കാത്തവരിൽ മുന്നിൽ നിൽക്കുന്നൊരാൾ ബിച്ചു തിരുമലയാണ്. അനായാസതയിൽ പീലിവിടർത്തുന്ന പദഭംഗികൾ ആ പാട്ടുകളെ കൂടുതൽ ജനപ്രിയമാക്കി. അസാധാരണമായ പദപ്പൊരുത്തങ്ങൾ ബിച്ചു തിരുമലയുടെ ഗാനങ്ങളെ വേറിട്ടുനിർത്തി. വാക്കുകളിലെ പുതുമയാൽ, അവയുടെ അവിചാരിത വിന്യാസത്താൽ ബിച്ചു തിരുമലയുടെ ഗാനങ്ങൾ പുതിയ ലോകം ചമച്ചു. പാട്ടിന്റെ സ്വരൂപത്തിന് പൂർണതയും അപൂർവമായ ഒരുതരം സമ്മിതിയും (symmetry) ഉണ്ടാക്കാൻ അദ്ദേഹം തിരഞ്ഞെടുത്ത വാക്കുകൾക്കും ആശയങ്ങൾക്കും മൗലികമായ ദീപ്തിയുണ്ടായിട്ടുണ്ട്. വാക്കുകളുടെ വിചിത്ര സങ്കലനത്തിൽ അദ്ദേഹം സൃഷ്ടിക്കുന്ന ബിംബസമൃദ്ധികളാണ് പാട്ടുകളുടെ സൗന്ദര്യാത്മക സാഫല്യം. പീലിവീശിയാടുന്ന എത്രയോ മയിലുകൾ ആ പാട്ടുകളിൽ ഒരു പ്രസന്നഋതു ഒരുക്കുന്നുണ്ട്. ദൃശ്യതയുടെ വലിയ രൂപകങ്ങൾ തീർക്കുകയാണ് ബിച്ചു തിരുമലയുടെ ഗാനങ്ങളിലെ മയൂരങ്ങൾ, മനസ്സിലെ ഭാവനയുടെയും സങ്കൽപത്തിന്റെയുമൊക്കെ ‘പീലിവിടർത്തൽ’ എന്നത് ബിച്ചു തിരുമല മിക്ക പാട്ടുകളിലും പ്രയുക്തമാക്കുന്ന സർഗാത്മക സാധ്യതയായിരുന്നു.
‘ആയിരം നിറങ്ങളാർന്നൊരെൻ ബാല്യലീലകൾ, പീലിവീശി മേഞ്ഞിരുന്നൊരാ ഗ്രാമഭൂമിയിൽ’ എന്നൊരു പാട്ടിൽ അദ്ദേഹം കുറിച്ചിടുമ്പോൾ ഭൂതകാലത്തിന്റെ സഹജ സൗന്ദര്യം അളവറ്റവിധം സംക്രമിക്കുന്നു. പീലിവീശിയാടുന്ന മണിമുകിലുകൾ ബിച്ചു തിരുമലയുടെ പാട്ടിലെ തേജസ്സുറ്റ ബിംബമായിരുന്നു. ‘മിഴിമയിലുകൾ പീലിവിടർത്തിയാടുന്നുവോ, മദിരാക്ഷി നീയെന്നെ തേടുന്നുവോ’ എന്ന വരിയിലെ ‘മിഴിമയിലുകൾ’ മറ്റാരുടെയും പാട്ടിൽ അങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടില്ല. മയിൽ പീലിവിടർത്തുന്നതുപോലെയാണ് ബിച്ചു തിരുമലയുടെ പാട്ടിലെ വരികൾ വിടരുക. ഓരോ പീലിക്കണ്ണിലും ഓരോ സവിശേഷ പദത്തിന്റെ തിളക്കം. ഒറ്റക്കും ഒരുമിച്ചും ഒരു സൗന്ദര്യാനുഭവപൂർണത. ‘ഉള്ളിലെ മാമയിൽ നീലപ്പീലികൾ വീശിയോ’ എന്ന വരി കേൾക്കുമ്പോൾ അത് കേവലാനുഭവത്തിൽനിന്ന് മാറി ധ്വന്യാത്മകമായിത്തീരുന്നു. ‘മനസ്സെന്ന മയിലിന്റെ നിറമുള്ള ചെറുപീലി നിറയെ പതിപ്പിച്ചുവോ’ എന്ന ബിച്ചു തിരുമലയുടെ ഒരു വരിയിൽ ‘മനസ്സിനെ മയിലാ’യി സങ്കൽപിക്കുന്നു. ഇവിടെ മനസ്സും മയിലുമൊന്നാകുന്ന ആകസ്മിക പദവിന്യാസം സൃഷ്ടിക്കുകയാണ് കവി.
പീലിവീശിയാടുന്ന ഒരുപാട് മയിലുകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളിൽ. ‘ആടുന്നുണ്ടാടുന്നുണ്ടേ, മനസ്സിൽ മാമയിലാടുന്നുണ്ടേ’ എന്ന് ‘തെന്നൽ വന്നതും’ എന്ന പാട്ടിൽ നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. അത്രക്കും സരളമാധുര്യത്തിലാണ് പാട്ടിലെ പദങ്ങളെ അദ്ദേഹം ഒരുക്കിവെക്കുന്നത്. ലാളിത്യമെന്നത് ഒരു ഗാനമൂല്യമാകുന്നത് ഒരുപക്ഷേ, ബിച്ചു തിരുമലയിലാണ്. ‘നീലമേഘം പൊഴിയാറായി അകലെ മാമലയിൽ. പീലിവീശി ആടിടുന്നു മാമയിൽ ജാലം’ എന്ന വരികളിലെ ‘മാമയിൽ ജാലം’ എന്ന വാക്ക് മനോഹാരിതയുടെ അന്തമറ്റ ആവർത്തനങ്ങളെ കാണിച്ചുതരുന്നു. അമൂർത്തമായതിനെ മൂർത്തമാക്കുന്ന മയൂരനടനങ്ങൾ ആയിരുന്നു അവിടെയെല്ലാം. ‘പൊൻമയിലേ വാ കോടിയുമായ് വാ, കുന്നലനാടിന് മഞ്ഞയണിഞ്ഞൊരു കോലം തുള്ളാൻ’ എന്ന ഓണപ്പാട്ടിൽ പ്രകൃതിയുടെ ഉദാരമായ ആതിഥ്യത്തെ നാം സ്വീകരിക്കുകയാണ്. പാട്ടെഴുത്ത് എന്നത് ഇങ്ങനെ മയിൽ എന്ന ഭൂമിയിലെ ചേതോഹരമായ ബിംബംകൊണ്ട് സൗമ്യമായി നിർവഹിക്കാമെന്ന് ബോധ്യമാവണം ബിച്ചു തിരുമലയുടെ ഗാനകലയെ ഹൃദ്യമാക്കുന്നത്. അഴകിന്റെ പീലിവിടർത്തിക്കുന്ന മയിലുകളിനിയുമുണ്ട് ബിച്ചു തിരുമലയുടെ പാട്ടിന്നുദ്യാനത്തിൽ.
‘നീലപ്പൂംപീലി നിവർന്നാടും മാമയിൽ തേടും നിന്നെയുമെന്നെയുമെന്നും’ എന്ന് കവി ഒരു പാട്ടിൽ നിനക്കുന്നുണ്ട്. സ്വരരാഗമാകുന്ന മയൂരത്തോട് പീലിയേഴും വീശി മനസ്സിനുള്ളിലേക്ക് കടന്നുവരാൻ ക്ഷണിക്കുന്നുണ്ട് കവി. ‘ആടി വരൂ അഴകേ പീലികളാൽ തഴുകൂ’ എന്ന് മറ്റൊരു പാട്ടിൽ ഇതേ ക്ഷണം തുടരുന്നു. സങ്കൽപമാം നന്തുണിയിൽ പീലിവിടർത്തുന്ന താളലയങ്ങളെയും അദ്ദേഹം പാട്ടിലാക്കി. ‘ആടു കോലമയിലേ, ഇത് ശ്രാവണം വസന്തോത്സവം’ എന്ന ബിച്ചു തിരുമലയുടെ വരി കേൾക്കെ ഓണമെത്തുകയായി നമ്മുടെ മനസ്സിൽ. സൗന്ദര്യത്തിന്റെ ഏറ്റവും സാന്ദ്രമായ കാൽപനിക മുദ്ര എന്ന നിലയിലാണ് മയിലുകൾ ബിച്ചു തിരുമലയുടെ ഗാനങ്ങളിൽ ദൃശ്യത കൈവരിക്കുന്നത്. ‘നിൻ മനസ്സിൻ താളിനുള്ളിൽ മയിൽക്കുരുന്നിൻ പീലിയാകാം’ എന്ന പാട്ടുവരിയിൽ വാത്സല്യത്തിന്റെ മിഴിവാർന്നൊരു കാഴ്ചയുണ്ട്. ‘ഒരു മയിൽപ്പീലിയായ് ഞാൻ ജനിക്കുമെങ്കിൽ’ എന്ന പല്ലവി കേൾക്കുമ്പോൾ അതിൽ പ്രണയത്തിന്റെ വിശുദ്ധോജ്ജ്വലമായ ഭാവനകൾ തിരയുന്നു. ‘മയിലിൻപീലി കൊഴിയുന്ന വഴികൾ’ എന്നൊരു പാട്ടിൽ ബിച്ചുതിരുമല ഗൃഹാതുര ശോഭയോടെ എഴുതുന്നുണ്ട്. ‘നീലക്കുഴൽച്ചുരുൾ വേണിയിലെന്നും മാമയിൽപ്പീലിയായ് ഞാൻ മാറിയെങ്കിൽ’ എന്ന് മറ്റൊരു പാട്ടിൽ കവി ആഗ്രഹിക്കുന്നുണ്ട്. പീലിവീശിയാടും മാമയിലുകൾ ബിച്ചുതിരുമലയുടെ പാട്ടുകളിൽ സമൃദ്ധമായിരുന്നു. ‘മനസ്സെന്ന മയിൽപ്പുറത്തിരുന്ന് നീ പറന്നുവാ’ എന്ന് ഒരു ഭക്തിഗാനത്തിൽ ബിച്ചുതിരുമല എഴുതിയിട്ടുണ്ട്. ‘മനസ്സാം മയിലേറി ആടിയും നിൻരൂപമെന്നും’ എന്നെഴുതി ഭക്തിക്ക് അടിവരയിടുന്നുണ്ട് അദ്ദേഹം. ‘അരികിൽ മനം എന്നും മയിലാകും’ എന്ന് ഉള്ളിൽ പ്രാർഥിച്ചുനിൽക്കുന്ന ഒരാളെ അദ്ദേഹം പാട്ടിലാക്കി. കടുംനീലപ്പീലിക്കൈ നീർത്തിയാടുന്ന മാമയിലിനെ ബിച്ചുതിരുമല മറ്റൊരു ഭക്തിഗീതിയിൽ കൊണ്ടുവന്നു. ഇങ്ങനെ ഏതുതരം പാട്ടായാലും അതിലൊക്കെ പീലിനീർത്തിയാടുന്ന മയൂരങ്ങൾ അനശ്വരമായി വാങ്മയപ്പെടുന്നു.
തളിരിട്ടുനിൽക്കുന്ന രാവിൽ പൊഴിയുന്ന മയിൽപീലിയും മനസ്സാക്ഷിതൻ മയിൽപീലിയുമൊക്കെ ബിച്ചു തിരുമലയുടെ പാട്ടുകളിൽ സജീവ സാന്നിധ്യമായിരുന്നു. ആടും മയിലും അഴകഞ്ചും മയിലും കൊടും മഞ്ഞിൽ നനഞ്ഞെത്തും മയിലും മഞ്ഞുറങ്ങും മാമലയിലെ മയിലുമൊക്കെ അദ്ദേഹത്തിന്റെ പാട്ടുകളിൽ നിറഞ്ഞുനിന്നു. ‘പീലിവിടർത്തുക’ എന്ന പ്രയോഗം പല പാട്ടുകളിലും ഗാഢവും ഹൃദ്യവുമായി. ‘ഹരിയുടെ പുല്ലാങ്കുഴൽ മഴയിൽ വീണൊരു മയിലിൻപീലികൾ പോലെ’ എന്ന് ‘ദൂരെ കേരളം അണിഞ്ഞൊരുങ്ങുന്നു’ (എന്നും ഈ പൊന്നോണം) എന്ന വരിയിൽ ബിച്ചു തിരുമല എഴുതുമ്പോൾ അതിൽ പ്രപഞ്ചോന്മുഖവും പ്രണയവിലസിതവുമായ ഭാവമൃദുലതകൾ നാമനുഭവിക്കുന്നു.
മയിലഴകെഴുന്നൊരു പാട്ടിന്റെ നിറവാണ് ബിച്ചു തിരുമലയെ വ്യത്യസ്തനാക്കിയത്. ‘ഒന്നാനാം കുന്നിന്മേൽ മയിലാട്ടം, കുന്നിന്മേൽ കളിവീടൊന്നുണ്ടാക്കാനായ് കൂടാം നീയും വാ’ എന്ന വരിയിൽ ദൃശ്യസൗന്ദര്യവും പ്രണയവിചാരവും സംഗമിക്കുന്ന അപൂർവതയുണ്ടായിരുന്നു. ഹൃദയഭാവങ്ങളുടെ വർണഭാഷയിലേക്കുള്ള ഒരു വിവർത്തനം പോലെ ബിച്ചു തിരുമലയുടെ പല ഗാനങ്ങളിലും ഇത്തരം ‘മയിലാട്ടങ്ങൾ’ കാണാനാകും. ‘മനസ്സെന്ന മയിലിൻ പീലികൾ നീർത്തി മഴവില്ലിൻ കാവടിയാടി’ എന്ന പാട്ടുവരിയിൽ ഹൃദയാഭിലാഷത്തിന്റെ വിടർച്ചകൾ നിറങ്ങളുടെ മഹോത്സവം പോലെ പ്രകീർത്തിക്കപ്പെടുന്നു. വർണങ്ങളുടെ ഒരു സമാഹാരമെന്ന നിലയിൽ മയിലിന്റെ നടനം ബിച്ചു തിരുമലയുടെ പാട്ടുകളിൽ സാന്ദ്രമാകുന്നു. മയിലായി വിടർന്നാടിയ വിചിത്രശോഭിതമായ ഒരു ഗേയത്വം ആ പാട്ടുകളിൽ നിലീനമായിരുന്നു. പലവിധ നിറങ്ങളുടെ സങ്കലനഭംഗികൾ പാട്ടിൽ ഒന്നായി ആവിഷ്കരിക്കാൻ കവിക്ക് തുണയായത് ഈ മയൂര നടനങ്ങൾ ആയിരുന്നു. ഭാവുകത്വത്തിന്റെ ഒരു ഭിന്ന ഋതു പാട്ടിൽ അവതരിപ്പിക്കുവാൻ പീലിവിടർത്തിനിൽക്കുന്ന മയിലിന്റെ നേരനുഭൂതികൾ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ‘രാത്രിമുഴുവൻ മഴയായിരുന്നു’ എന്നുതുടങ്ങുന്ന ഒരു പാട്ടിൽ മഴയുടെ സംക്രമണചാരുതകളെ സംക്ഷേപിക്കുവാൻ ബിച്ചു തിരുമല ഇങ്ങനെ ഒരുവരികൂടി കൂട്ടിച്ചേർത്തു. ‘മലയിലെങ്ങോ മയിലിനങ്ങൾ മദലീലയിലായിരുന്നു’. ഈ വരിയിലെ ‘മയിലിനങ്ങൾ’ ആ പാട്ടിനെ പൂർണമാക്കുന്നു. ഇങ്ങനെ സരളഹൃദ്യമായ ഗാനഭാവനയുടെ അനായാസമായ പീലിവിടർത്തൽ ബിച്ചു തിരുമലയുടെ രചനാലോകത്തിന്റെ ലയഭദ്രമായ വിനിമയങ്ങളെ അത്യന്തം ആകർഷണീയമാക്കുന്നു. .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.