പാട്ടിന്‍റെ പ്രണയമഴ; സംഗീത തപസ്യയുടെ 50ാം വാര്‍ഷികത്തില്‍ സുജാതക്ക് ഇന്ന് 62ാം പിറന്നാൾ
text_fieldsസംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. 12ാം വയസിൽ സിനിമ പിന്നണി ഗാന ലോകത്തേക്ക് വന്ന സുജാതക്ക് ഇന്ന് 62ാം പിറന്നാൾ. തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമായി നിരവധി പാട്ടുകൾ. സൗന്ദര്യം കൊണ്ടും ശബ്ദം കൊണ്ടും ഇന്നും സുജാത ചെറുപ്പമാണ്. 1975 ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് പിന്നണിയില്‍ പാടിക്കൊണ്ടാണ് സിനിമാ രംഗത്തേക്ക് വരുന്നത്.
1963 മാർച്ച് 31ന് ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി കൊച്ചിയിലാണ് സുജാത ജനിച്ചത്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കൊച്ചിയിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന പറവൂര്‍ ടികെ നാരായണപ്പിള്ളയുടെ കൊച്ചുമകളാണ് സുജാത. മൂന്ന് തവണ കേരള സംസ്ഥാന സര്‍ക്കാറിന്റെയും, മൂന്ന് തവണ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറിന്റെയും മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം നേടിയ സുജാതക്ക് പതിനഞ്ചോളം കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സുജാത അറുപത്തി രണ്ടാം ജന്മദിനം ആഘോഷിക്കുമ്പോള്‍ ഒപ്പം മറ്റൊരു സന്തോഷം കൂടിയുണ്ട്. പിന്നണി ഗാന ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സുജാത.
തന്റെ ശബ്ദത്തിന്റെ കരുത്ത് മനസിലാക്കാന്‍ സഹായിച്ചത് എ.ആര്‍.റഹ്‌മാനാണെന്നും തന്റെ ശബ്ദം ഏറ്റവും നന്നായി ഉപയോഗിച്ചത് ഔസേപ്പച്ചനും എം. ജയചന്ദ്രനുമാണെന്നും സുജാത പറഞ്ഞിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തിൽ 1977ൽ കാവിക്കുയിൽ എന്ന സിനിമക്ക് വേണ്ടിയാണ് ആദ്യമായി സുജാത തമിഴിൽ പാടുന്നത്. എന്നാൽ ആ ഗാനം സിനിമയിൽ ഉണ്ടായിരുന്നില്ല. സുജാതയുടേതായി ആദ്യമായി തമിഴ് സിനിമയിൽ വന്നത് ഇളയരാജയുടെ തന്നെ സംഗീതത്തിൽ 1978ൽ റിലീസ് ചെയ്ത ഗായത്രി എന്ന സിനിമയിലെ കാലൈ പാനിയിൽ എന്ന ഗാനമായിരുന്നു.
മുറ്റത്തെത്തും തെന്നലേ,പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ, ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്, ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു, എന്നും നിന്നെ പൂജിക്കാം, നിനക്കെന്‍റെ മനസിൽ മലരിട്ട വസന്തത്തിൻ.. അങ്ങനെ എത്ര ഹിറ്റ് ഗാനങ്ങൾ. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാളത്തില്‍ മുന്‍നിരയിലേക്ക് വളര്‍ന്ന സുജാതക്ക് പക്ഷെ യുഗ്മഗാനങ്ങള്‍ പാടാനുള്ള അവസരങ്ങളാണ് കൂടുതലും കിട്ടിയിരുന്നത്.
1992ൽ എ.ആർ റഹ്മാന്റെ സംഗീതത്തിൽ പാടിയ റോജയിലെ 'പുതുവെള്ളൈ മഴൈ' എന്ന ഗാനം വലിയ തരംഗമായതോടെ തെന്നിന്ത്യയില്‍ മൊത്തം പ്രശസ്തയായി. സുജാതയുടെ ശബ്ദത്തില്‍ പ്രണയഗാനങ്ങള്‍ക്ക് കിട്ടിയ സവിശേഷ സൗന്ദര്യം ആദ്യം റഹ്മാനും പിന്നീട് മറ്റ് സംഗീത സംവിധായകരും തിരിച്ചറിഞ്ഞു. അത് സുജാതക്ക് മലയാളത്തില്‍ വലിയൊരു ബ്രേക്ക് കിട്ടുന്നതിന് കാരണമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.