മാനസങ്ങളിലെല്ലാം വീണ്ടും വന്നു ‘ചെമ്മീൻ’; ആറു പതിറ്റാണ്ടിനുമപ്പുറം മലയാള തീരങ്ങളിൽ ഇരമ്പിയടിച്ച പ്രണയവും കണ്ണീരുമെല്ലാം ഒരിക്കൽ കൂടി...
text_fieldsചെമ്മീൻ സിനിമയുടെ 60ാം വാർഷിക ഭാഗമായി നടൻ മധു
തിരുവനന്തപുരത്തെ വസതിയിൽ കേക്ക് മുറിക്കുന്നു.
വയലാറിന്റെ മകനും ഗാനരചയിതാവുമായ വയലാർ ശരത്
ചന്ദ്രവർമ, നടൻ സത്യന്റെ മകൻ സതീഷ് സത്യൻ, ചെമ്മീനിൽ അഭിനയിച്ച നടി നിലമ്പൂർ ആയിഷ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: ‘മാനസ മൈനേ വരൂ... മധുരം നുള്ളിത്തരൂ...’ വയലാറിന്റെ മകൻ ശരത്‌ചന്ദ്ര വർമ്മ വയലാർ മധുരതരമായി പാടിയപ്പോൾ ആ മുറിയിലും കസേരയിലിരുന്ന് ആസ്വദിക്കുന്ന അന്നത്തെ പരീക്കുട്ടിയുടെ മനസിലും പുറക്കാട് കടപ്പുറം ഇരമ്പി. പിന്നെയൊരു ചിരിയോടെ മുഴുവനും കേട്ടിരുന്നു. ആറു പതിറ്റാണ്ടിനുമപ്പുറം മലയാള തീരങ്ങളിൽ ഇരമ്പിയടിച്ച പ്രണയവും കണ്ണീരുമെല്ലാം ഒരിക്കൽ കൂടി അവരുടെയെല്ലാം മുന്നിൽ, ശിവസദനം വീട്ടിൽ നിറഞ്ഞു. ചെമ്മീൻ സിനിമയുടെ അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സിനിമയിൽ അഭിനയിച്ചവരുടെ മക്കളെല്ലാം കൂടി ചിത്രത്തിലെ നായകനെ കാണാനെത്തിയപ്പോൾ ആ ഒത്തുചേരൽ ഒരു പാട്ടോർമകൂടിയായി.
നഷ്ടപ്രണയനായകനായ പരീക്കുട്ടിയെ അനശ്വരനാക്കിയ മധുവിന് ഇഷ്‌ടമുള്ള പാട്ടുകളെല്ലാം അവർ പാടി. ചെമ്മീനിലെ തന്നെ ‘പെണ്ണാളേ.. പെണ്ണാളേ...’ ആലപിച്ച് ഗായിക രാജലക്ഷ്‌മിയാണ് പാട്ടോർമ അവസാനിപ്പിച്ചത്. നടി നിലമ്പൂർ അയിഷ, സത്യന്റെ മകൻ സതീഷ് സത്യൻ, എസ്.എൽ. പുരത്തിന്റെ മകൻ ജയസോമ, കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൾ ശൈലജ തുടങ്ങി ഒട്ടേറെ പേർ സിനിമയുടെ കാരണവരെ കാണാൻ അദ്ദേഹത്തിന്റെ കണ്ണമ്മൂലയിലെ വീട്ടിൽ എത്തിയിരുന്നു.
തകഴിയുടെ ചെമ്മീൻ നോവൽ വിദ്യാർഥികാലത്ത് തന്നെ നിരവധി തവണ വായിച്ച പുസ്‌തകമായിരുന്നു. അന്ന് സിനിമയാകുമെന്നോ അതിൽ അഭിനയിക്കുമെന്നോ ചിന്തിച്ചിരുന്നില്ല. സിനിമയെക്കുറിച്ച് ആദ്യം ഓർമ വരിക കടപ്പുറത്തെ വെയിലാണ്. ഓരോ രംഗവും ആസ്വദിച്ച് ചെയ്‌തു. അത് ഇന്നും പ്രേക്ഷകർ ഇഷ്‌ടപ്പെടുന്നത് സന്തോഷം മാത്രം. മാനസമൈനേ വരൂ കേട്ടപ്പോൾ തിയറ്ററിൽ കൂവലുണ്ടാകുമോയെന്ന് ഭയന്നു. പക്ഷേ പാട്ട് കാലങ്ങൾക്ക് ശേഷവും നിലനിൽക്കുന്നു’ മധു പറഞ്ഞു.
വയലാർ വിഷന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വൈകിട്ട് ആറ് മണിക്ക് സത്യൻ സ്‌മാരകത്തിൽ നടന്ന 'ആദരവ് ചെമ്മീൻ 60 വയസ്' പരിപാടി കെ. മുരളീധരൻ ഉദ്‌ഘാടനം ചെയ്‌തു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. മറ്റ് താരമക്കൾക്കൊപ്പം പഞ്ചമിയായി അഭിനയിച്ച ലത രാജു, സംവിധായകൻ വി.ആർ ഗോപിനാഥ്, തകഴിയുടെ മകൾ കനകം, നിലമ്പൂർ അയിഷയുടെ കൊച്ചുമകൻ സുനിൽ ബാബു, വയലാർ വിനോദ്, അരുൺ നമ്പീശൻ തുടങ്ങിയവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.