മങ്കൊമ്പിന്റെ ഗാനങ്ങളിലെ ഭാവുകത്വം
text_fieldsമലയാളികളുടെ കാവ്യഭാവനയെ സുന്ദരപദപ്രയോഗങ്ങളും അപൂർവ കൽപനകളും കൊണ്ട് കാൽച്ചിലമ്പണിയിച്ച പ്രശസ്ത സിനിമാ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വിയോഗം മലയാള ചലച്ചിത്ര ഗാനശാഖക്ക് തീരാനഷ്ടമാണ്. ഗാനസ്നേഹികളുടെ വിഹ്വലമായ ഏകാന്തതയെ ധന്യമാക്കുകയും ഏകാഗ്രമാക്കി വിശുദ്ധസൗന്ദര്യത്തിലേക്ക് ആനയിക്കുകയും, ഭാവനക്ക് ആലോലരാഗവർണം പകരുകയും ചെയ്ത പാട്ടെഴുത്തുകാരനായിരുന്നു അദ്ദേഹം.
‘സുജാത’ എന്ന ചിത്രത്തിൽ രവീന്ദ്ര ജയിൻ സംഗീതം നൽകി ഗാനഗന്ധർവൻ ആലപിച്ച ‘കാളിദാസന്റെ കാവ്യ ഭാവനയെ’ എന്ന ഗാനംകേൾക്കുക. കാളിദാസ കഥാപാത്രങ്ങളായ മാളവികയും ഉർവശിയും മാത്രമല്ല, അപൂർവസുന്ദരങ്ങളായ രൂപകങ്ങളും കടന്നു വരുന്നു ഗാനത്തിൽ. തന്റെ ഗാനങ്ങളിൽ അപരിചിതവും എന്നാൽ നവീന ഭാവുകത്വം നൽകുന്നതുമായ കാൽപനിക വാക്കുകൾ ആവോളം ആലേഖനം ചെയ്യുന്നു അദ്ദേഹം.
പൗർണമാസി, ഇന്ദ്രകാർമുകം, രാമണീയകം, കമനീമണി, മംഗലാപാംഗി എന്നിങ്ങനെയുള്ള സവിശേഷ പദപ്രയോഗങ്ങളൊക്കെ എടുത്തുപറയേണ്ടതാണ്. ഇവയൊക്കെ സംസ്കൃതപദങ്ങളാണെന്ന് വിമർശിക്കുന്നവർ ‘ബാബുമോൻ’ എന്ന ചിത്രത്തിൽ എം.എസ്. വിശ്വനാഥൻ സംഗീതം പകർന്ന ‘നാടൻ പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ’ എന്ന ഗാനം ശ്രദ്ധിക്കുക. ഗ്രാമീണശാലീനതയുള്ള നാടൻപദ പ്രയോഗമാണ് അതിൽ നിരത്തിക്കാണുന്നത്. മടിശ്ശീല കിലുങ്ങുക, കാച്ചെണ്ണ, നാട്ടിൻപുറം, ഓട്ടുവള, തളിർവെറ്റില നൂറു തേച്ചു തരൂ തുടങ്ങിയ പദപ്രയോഗങ്ങൾ ഉദാഹരണം. അദ്ദേഹത്തിന്റെ ഗാനങ്ങളിലെ പ്രാസഭംഗി എടുത്തുപറയേണ്ടതാണ്.
മങ്കൊമ്പ് ഗോപാലകൃഷ്ണന് എം.എ ബിരുദധാരിയായ ശേഷം ‘വിമോചനസമരം’ എന്ന ചിത്രത്തിൽ ഗാനങ്ങൾ രചിച്ചാണ് മലയാള ചലച്ചിത്ര ഗാനസപര്യ ആരംഭിക്കുന്നത്. ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലെ യേശുദാസ് ശബ്ദമധുരിമ പകർന്ന ‘ലക്ഷാര്ച്ചന കണ്ട് മടങ്ങുമ്പോള്’, എന്ന ഗാനം കേൾക്കുക.
വരികളിലെ ആദ്യാക്ഷര, ദ്വിതീയാക്ഷര പ്രാസഭംഗി ഗാനത്തിന്റെ മാറ്റുകൂട്ടുന്നു. ഈ ഗാനത്തിലെ ‘മല്ലീശ്വരന്റെ’ എന്ന പ്രയോഗം തെറ്റാണ് എന്ന് നിരൂപകർ പലരും വാദിച്ചിട്ടുണ്ട്. മല്ലീശ്വരൻ (ശിവൻ) അല്ല, മല്ലീശരൻ(പൂവമ്പൻ-കാമദേവൻ) എന്നാണ് പ്രയോഗിച്ചിട്ടുള്ളതെന്നാണ് മങ്കൊമ്പ് ആരോപണത്തിന് മറുപടി നൽകിയത്.
യുദ്ധഭൂമി’ എന്ന ചിത്രത്തിൽ എ.ആർ റഹ്മാന്റെ പിതാവ് ആർ.കെ. ശേഖർ സംഗീതം പകർന്ന ‘ആഷാഢമാസം ആത്മാവില് മോഹം’ എന്ന ഗാനത്തിൽ വാക്കുകളിലെ പ്രാസഭംഗിയും ശ്രദ്ധേയമാണ്. ‘വിധുരയാം രാധ’, ‘മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച മൗനനൊമ്പരം’, ‘പുതിയ വികാരത്തിൻ മദനപല്ലവികൾ’ തുടങ്ങിയ നവ്യമനോഹരമായ പ്രയോഗങ്ങൾ കൊണ്ട് സമൃദ്ധമാണ് ഈ ഗാനം.
തൊണ്ണൂറോളം ചിത്രങ്ങള്ക്ക് പാട്ടുകൾ എഴുതിയ മങ്കൊമ്പ് പങ്കാളിയായി ‘പൂമഠത്തെ പെണ്ണ്’ എന്നൊരു സിനിമയും നിർമിച്ചിട്ടുണ്ട്. മദ്രാസിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘അന്വേഷണം’ മാസികയുടെയും ‘ഗ്രന്ഥാലോകം’ മാസികയുടെയും പത്രാധിപരായിരുന്നു അദ്ദേഹം. സംവിധായകൻ ഹരിഹരനുവേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം.എസ്. വിശ്വനാഥൻ ആയിരുന്നു.
ആദ്യഗാനം എം.എസ്. വിശ്വനാഥൻ സംഗീതം പകർന്ന സന്ദർഭം അദ്ദേഹം ഓർത്തെടുക്കുന്നു. ഒരു പേപ്പറിൽ ചെറിയ അക്ഷരത്തിലാണ് പാട്ട് എഴുതിക്കൊടുത്തത്. അതു നോക്കി വലിയ അക്ഷരങ്ങളിൽ എഴുതി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് എം.എസ്. വിശ്വനാഥന് എഴുതി നൽകുന്ന പാട്ടുകൾ എല്ലാം ഒരു വലിയ പേപ്പറിൽ നിറയുന്ന രീതിയിൽ വലിയ അക്ഷരങ്ങളിൽ എഴുതാൻ ശ്രദ്ധിക്കുമായിരുന്നു മങ്കൊമ്പ്.
ആദ്യമായി ഗ്രന്ഥാലോകം മാസികയിൽ ഒരു ലേഖനമെഴുതിയതിന് ആദ്യ പ്രതിഫലമായി ഏഴു രൂപ മണി ഓർഡർ വന്നതിനെക്കുറിച്ചും അദ്ദേഹം ഓർത്തെടുക്കുന്നു. ദേവരാജൻ മാഷ് തന്റെ വരികൾക്ക് സംഗീതം നൽകണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു.
മങ്കൊമ്പിനോടുള്ള വാത്സല്യം നിമിത്തം സാമ്പത്തികമില്ലാത്ത നിർമാതാക്കൾക്കു വേണ്ടി തുച്ഛമായ പ്രതിഫലത്തിന് മങ്കൊമ്പിന്റെ വരികൾക്ക് സംഗീതം നൽകിക്കൊടുക്കുമായിരുന്നു ദേവരാജൻ മാഷെന്ന് നന്ദിയോടെ ഓർക്കുന്നു അദ്ദേഹം. സാക്ഷാൽ വയലാർ രാമവർമ എഴുതിയതോ എന്ന് അതിശയിപ്പിക്കും മട്ടിലാണ് മങ്കൊമ്പിന്റെ രചനകൾ ആവോളംവന്നിട്ടുള്ളത് എന്നാണ് സാക്ഷാൽ ദേവരാജൻ മാഷിന്റെ നിരീക്ഷണം.
‘ബാബുമോൻ’ എന്ന ചിത്രത്തിലെ ‘ഇവിടമാണീശ്വര സന്നിധാനം’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഭക്തിഗാനങ്ങളും തന്റെ തൂലികക്ക് വഴങ്ങും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭഗവദ് ഗീതയിലെ ‘മൂകം കരോതി വാചാലം...’ എന്ന ശ്ലോകത്തെ ‘ഊമകൾക്കു നാവു നൽകും വൃന്ദാവനം, അവർ നാവെടുത്തു നാമം ചൊല്ലും വൃന്ദാവനം...’ എന്ന് ഭാഷാന്തരീകരണം നൽകുന്നു മങ്കൊമ്പിന്റെ പ്രതിഭ. ‘സൗന്ദര്യപൂജ’ എന്ന ചിത്രത്തിൽ എം.എസ്. ബാബുരാജ് സംഗീതമിട്ട ‘അമ്പലക്കുന്നിലെ പെണ്ണൊരുത്തി’ എന്നു തുടങ്ങുന്ന ഗാനത്തിൽ കഥാനായികയെയും ഐതിഹ്യപരമായ ഒരു പഴങ്കഥയെയും ആകാശത്തിലെ മേഘത്തിന്റെ വർണനയിലൂടെ വിശദമാക്കുന്ന പ്രതിഭയുടെ മിന്നലൊളി അദ്ദേഹം കാട്ടിത്തരുന്നു. ‘അഴിമുഖം’ എന്ന ചിത്രത്തിൽ എസ്. ജാനകി പാടിയ ‘ഓരില ഈരിലക്കാടുറങ്ങി’ എന്ന ഗാനം മാപ്പിളപ്പാട്ടുകൾകൂടി തനിക്കു വഴങ്ങുമെന്ന് ബോധ്യപ്പെടുത്തുന്നതാണ്. മാപ്പിള ഇശലുകളിൽ ഒരു താരാട്ടുപാട്ട്. അതാണ് ഈ ഗാനം.
‘മാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള്, മനിസനെ മയക്കണ മൊഞ്ചൂറും മോറ്...’ യേശുദാസിന്റെ ശബ്ദത്തിൽ ബാബുരാജ് സംഗീതം നൽകിയ ഈ തേനൂറും മാപ്പിളപ്പാട്ടിന്റെ ശിൽപിയും മങ്കൊമ്പാണ്. ‘സ്വർണ മത്സ്യം’ എന്ന സിനിമയുടെ സംവിധായകൻ ബി.കെ. പൊറ്റെക്കാട് ഗാനസന്ദർഭം വിശദമാക്കുമ്പോൾ കെസ്സുപാട്ട് തനിക്കെഴുതാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു മങ്കൊമ്പ്.
മോയിൻകുട്ടി വൈദ്യരുടെയും പുലിക്കോട്ടിൽ ഹൈദരുടെയും മാപ്പിളപ്പാട്ട് സാഹിത്യം സമയമെടുത്ത് വായിച്ചു പഠിച്ചശേഷം എഴുതിയ ഗാനമായിരുന്നു ഇതെന്ന് മങ്കൊമ്പ് ഓർത്തെടുക്കുന്നു. ചലച്ചിത്രത്തിന്റെ സംവിധായകനും സംഗീതസംവിധായകനായ ബാബുരാജും ഈ ഗാനത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞതെന്ന് അദ്ദേഹം വിശദമാക്കുന്നു.
പത്രപ്രവർത്തന രംഗത്തുനിന്നാണ് അദ്ദേഹം ഗാനരംഗത്ത് എത്തുന്നത്. ‘സാഹിത്യം പോയ വാരത്തിൽ’ എന്ന സാഹിത്യസംബന്ധിയായ നിരൂപണ പംക്തി അദ്ദേഹം പാട്ടെഴുത്തിലേക്ക് കടക്കുംമുമ്പ് കൈകാര്യം ചെയ്തിരുന്നു. പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയുംകൂടി രചിച്ചിട്ടുണ്ട് അദ്ദേഹം.
‘തെമ്മാടി വേലപ്പൻ’ എന്ന ചിത്രത്തിൽ എം.എസ്. വിശ്വനാഥൻ ഈണമിട്ട ‘ത്രിശങ്കു സ്വർഗത്തെ തമ്പുരാട്ടി, ത്രിശൂലം ഇല്ലാത്ത തമ്പുരാട്ടി’ എന്ന പാട്ട് അടിയന്തരാവസ്ഥക്കാലത്ത് വിവാദമായി മാറി. ഇന്ദിര ഗാന്ധിയെ കളിയാക്കിക്കൊണ്ട് എഴുതിയതാണ് എന്നായിരുന്നു പ്രധാന ആരോപണം.
പ്രേംനസീർ അഭിനയിച്ച ‘വേലപ്പൻ’ എന്ന നിഷേധിയായ നായകകഥാപാത്രം സ്ഥലത്തെ പ്രമാണിയുടെ മകളും അഹങ്കാരിയുമായ ജയഭാരതിയെ പരിഹസിച്ച് അഭിനയിച്ചു പാടുന്ന പാട്ടായിരുന്നു അത്. സംവിധായകൻ വിവരിച്ചു തന്ന ഗാനസന്ദർഭത്തിന് അനുയോജ്യമായി എഴുതിയ പാട്ടായിരുന്നു അതെന്നും ഒരു വ്യക്തിയെ പരാമർശിച്ച് എഴുതിയ ഗാനമാണ് അതെന്നുള്ളത് കള്ളപ്രചാരണം മാത്രമാണെന്നുമായിരുന്നു കൂടുതൽ വിവാദങ്ങൾക്ക് ഇടകൊടുക്കാതെ അദ്ദേഹം ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
എല്ലാത്തരം പാട്ടുകളും എഴുതാൻ കഴിവുള്ള പ്രതിഭാധനനായ കവിയായിരുന്നു അദ്ദേഹം എന്നതിന് അദ്ദേഹത്തിന്റെ വൈപുല്യമാർന്ന ഗാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ‘പോലീസ് അറിയരുത്’ എന്ന ചിത്രത്തിലെ വി. ദക്ഷിണാമൂർത്തി സംഗീതം നൽകിയ ‘കാരിരുമ്പാണി പഴുതുള്ള കൈകളേ, നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു...’ എന്ന ഗാനം ഭക്തിസാന്ദ്രമായ ഒരു ക്രിസ്ത്യൻ ഡിവോഷനൽ സോങ് ആണ്.
‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിൽ കണ്ണൂർ രാജൻ സംഗീതം പകർന്ന ‘ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ’ എന്ന ഗാനം മനോഹരമായ മെലഡി സ്പർശമുള്ള ഭാവഗാനമാണ്. രഘുകുമാർ സംഗീതം പകർന്ന, പ്രിയദർശൻ ചിത്രമായ ബോയിങ് ബോയിങ്ങിലെ ‘ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ’, ‘തൊഴുകൈ കൂപ്പി ഉണരും’ എന്നിവ പുതുതലമുറ ഗാനമേളകളിലും മിനിസ്ക്രീൻ ഗാനമത്സരാധിഷ്ഠിത പരിപാടികളിലും ഏറ്റെടുത്ത് പാടാറുള്ള ഗാനങ്ങളാണ്.
ബാഹുബലി, മഗധീര, ആർ.ആർ.ആർ തുടങ്ങിയ നിരവധി അന്യഭാഷാ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് മലയാളത്തിന്റെ വാക്കുകളും വരികളും നൽകിക്കൊണ്ട് അർഥാംശം ചോർന്നുപോകാതെയും മൊഴിമാറ്റത്തിലെ കല്ലുകടിയില്ലാതെയും മനോഹരമാക്കി. തന്റേതായ സവിശേഷ ശൈലിയിലൂടെ ശ്രോതാക്കളെ കാവ്യസൗകുമാര്യത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സുഗമമായി സാധിച്ചു എന്നതിന് അദ്ദേഹത്തിന്റെ മനോഹര ഗാനങ്ങൾ തന്നെ ഉദാഹരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.