‘ഇത് പൊതുസ്ഥലങ്ങളിലെ മര്യാദയില്ലായ്മ’; റെയിൽവേ യാത്രയിലെ ദുരനുഭവം പങ്കുവെച്ച് സംഗീതജ്ഞ ശിവശ്രീ സ്‌കന്ദപ്രസാദ്
text_fieldsബംഗളൂരു: ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് പ്രശസ്ത കർണാടക സംഗീതജ്ഞയും ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ ഭാര്യയുമായ ശിവശ്രീ സ്‌കന്ദപ്രസാദ്. അഞ്ച് മണിക്കൂർ നീണ്ട യാത്രാവേളയിൽ ഒരുകൂട്ടം ആളുകൾ കോച്ചിൽ നടത്തിയ ബഹളവും പൊതുസ്ഥലങ്ങളിലെ മര്യാദയില്ലായ്മയുമാണ് സോഷ്യൽ മീഡിയയിലൂടെ അവർ തുറന്നുകാട്ടിയത്.
56 സീറ്റുകളുള്ള കോച്ചിൽ നാല്‍പതോളം വരുന്ന മധ്യവയസ്കരായ സംഘം യാതൊരുവിധ മര്യാദയും പാലിക്കാതെ തുടർച്ചയായി ശബ്ദമുണ്ടാക്കുകയും സംസാരിക്കുകയും ചെയ്തെന്ന് അവർ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. കലാകാരികളായ തങ്ങൾക്ക് നിശബ്ദതയാണ് ആവശ്യമെങ്കിലും, ഈ സംഘത്തിന്റെ പെരുമാറ്റം വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് അവർ പറഞ്ഞു.
‘നമ്മൾ പൊതുസ്ഥലങ്ങളിലായിരിക്കുമ്പോൾ മറ്റുള്ളവരുടെ വ്യക്തിപരമായ ഇടങ്ങളെ മാനിക്കണം. എന്നാൽ ഇന്ത്യയിലെ പ്രശ്നം, ഇത്തരം വലിയ സംഘങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും കഴിയുന്നില്ല എന്നതാണ്. ബാക്കിയുള്ള 16 യാത്രക്കാരും ഇത്തരം ബുദ്ധിമുട്ടുകൾ മൗനമായി സഹിക്കേണ്ടി വരുന്നു’- ശിവശ്രീ കുറിച്ചു.
പ്രശ്നം ടിക്കറ്റ് എക്സാമിനറെയും അറിയിച്ചിരുന്നു. എന്നാൽ മറ്റ് കോച്ചുകളിൽ സീറ്റില്ലാത്തതിനാൽ മാറാൻ കഴിഞ്ഞില്ല. ഇതിനിടയിൽ സംഘം കോച്ചിലിരുന്ന് ഉച്ചത്തിൽ ഒത്തുകൂടുകയും ‘യൂണോ’ (ഏറെ ജനപ്രീതിയുള്ള ഒരു അമേരിക്കൻ കാർഡ് ഗെയിം ആണിത്) കളിക്കാൻ തുടങ്ങുകയും ചെയ്തു. ടി.ടി.ഇയെത്തി ആവശ്യപ്പെട്ടതിനെത്തുടർന്ന് അവർ കളി നിർത്തിയെങ്കിലും, പിന്നീട് പരിഹാസത്തോടെ സംസാരിക്കുകയും ബോളിവുഡ് ഗാനങ്ങൾ ഉറക്കെ പാടാൻ തുടങ്ങുകയും ചെയ്തതായി അവർ കൂട്ടിച്ചേർത്തു.
‘ആരാണ് ജയിച്ചതെന്നതല്ല പ്രശ്നം. ഒരു രാജ്യസമൂഹമെന്ന നിലയിൽ പൊതുവിടങ്ങളിലെ മര്യാദകളെക്കുറിച്ചുള്ള അവബോധമാണ് നമ്മൾ ഓരോരുത്തരും നഷ്ടപ്പെടുത്തുന്നത്. നമ്മുടെ പൊതുപെരുമാറ്റം എന്ന് മെച്ചപ്പെടും?’ -ശിവശ്രീ സ്‌കന്ദപ്രസാദ് ആശങ്ക രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

