മാരൻ കൊരുത്ത മാല
text_fieldsഹാരമായും മാലയായും മാല്യമായും താലിയായുമൊക്കെ പ്രത്യക്ഷമാവുന്ന ഈ പ്രണയാടയാളങ്ങൾ യൂസഫലി ഗാനങ്ങളിൽ അനുരാഗത്തെ ആഴത്തിൽ നിബന്ധിതമാക്കുന്നു
പാട്ടിന്റെ അനർഘനിമിഷങ്ങളിൽ സൗന്ദര്യമായി ഭവിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. പാട്ടിൽ ആന്തരികമായി നിക്ഷേപിക്കുന്ന ഇത്തരം ഘടകങ്ങൾ വിലമതിക്കാനാവാത്ത അനുഭവവും അനുഭൂതിയും പകർന്നുതരുന്നു. സ്വാഭാവികമായ ഒരു അഴകിന്റെ നിശ്ശബ്ദസാന്ദ്രതക്ക് വഴിമാറുന്നു പാട്ടിലെ തിളക്കമാർന്ന ഈ ഘടകങ്ങൾ. അത്തരം ഘട്ടങ്ങളിലൊന്നായി മാറുകയാണ് യൂസഫലി കേച്ചേരിയുടെ ഗാനങ്ങളിലെ മാല്യങ്ങൾ.
ഹാരമായും മാലയായും മാല്യമായും താലിയായുമൊക്കെ പ്രത്യക്ഷമാവുന്ന ഈ പ്രണയാടയാളങ്ങൾ യൂസഫലി ഗാനങ്ങളിൽ അനുരാഗത്തെ ആഴത്തിൽ നിബന്ധിതമാക്കുന്നു. ഓർമകളെ സ്പർശനീയവും അനുഭൂതിപൂർവവുമാക്കുകയായിരുന്നു ഹാരങ്ങൾ. ജീവിതനിമിഷത്തിന്റെ മഹത്വത്തെ പരമപ്രാധാന്യത്തോടെ സമഗ്രഹിക്കുകയാണ് ഈ മാലകൾ. പാട്ടിൽ ഹാരങ്ങൾ അനുരാഗത്തിന്റെ മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നു. അനുരാഗത്തിന്റെ മുദ്രപതിഞ്ഞൊരു കലാവസ്തു എന്ന നിലയിൽ മാലകൾക്ക് വലിയ പ്രാധാന്യമുണ്ട് യൂസഫലി കേച്ചേരിയുടെ പാട്ടുകളിൽ.
സ്നേഹപൊൻനൂലിൽ കൊരുത്ത മാലകളല്ലേ നമ്മൾ എന്ന് കവി ഒരു പാട്ടിലെഴുതി. പ്രണയത്തിന്റെ ഏറ്റവും സാന്ദ്രമായ അഭിധാനമായി മാറുന്നുണ്ട് ഈ മാലകൾ. പാട്ടിൽ ഓർമകളുടെ പുനഃസ്ഥാപനം സാധ്യമാകുകയായിരുന്നു അവ. പ്രണയത്തിന്റെ അനശ്വര മാല്യങ്ങളാൽ സമൃദ്ധമാണ് യൂസഫലി കേച്ചേരിയുടെ ഗാനകല. കനകാംഗുലിയാൽ കരളിൻ വീണയിൽ രാഗമാലിക കോർക്കുന്ന പ്രണയിയുമുണ്ട് മറ്റൊരു ഗാനത്തിൽ. ഹാരങ്ങളാൽ നിറഞ്ഞതാണ് യൂസഫലി ഗാനങ്ങൾ. അനുരാഗ സുന്ദരസായൂജ്യസീമയിൽ ആശ്ലേഷഹാരങ്ങൾ തരുന്ന ഒരാൾ അദ്ദേഹത്തിന്റെ ഗാനങ്ങളിൽ പങ്കുചേർന്നു. പാട്ടിൽ സുനിശ്ചിതമായ ഒരു ദൃശ്യഖണ്ഡമായി മാറി ഹാരം. അവ പാട്ടിനെ പലവിധത്തിൽ പ്രകാശിതമാക്കി.
പ്രണയത്തിന്റെ അതിവിപുലമായ ഹാരസമാഹാരങ്ങളുണ്ടായി യൂസഫലി കേച്ചേരിയുടെ ഗീതികളിൽ. അനുരാഗത്തിന്റെ ഉടമാവകാശ അടയാളമായിത്തീരുകയാണ് മാല്യങ്ങൾ. അവ ഓർമയുടെ സൗന്ദര്യാത്മക മുദ്രയൊരുക്കുന്ന പ്രതിനിധാനമാകുന്നു. ഭൂമീദേവിക്ക് നീഹാരമണിഹാരം ചാർത്തുന്ന നീലാകാശത്തിന്റെ ഒരു ദൃശ്യമുണ്ട് കേച്ചേരിയുടെ ഒരു ഗാനത്തിൽ. തിരയുടെ പൂത്താലി വിരിമാറിലണിയുന്ന തീരത്തിന്റെ ആനന്ദം യൂസഫലിപ്പാട്ടിൽ നാമറിയുന്നു. അതുപോലെ പൊന്നിലഞ്ഞിപ്പൂവിന് പൂത്താലി കൊടുക്കുന്ന പൊൻപുലരിയുമുണ്ടവിടെ.
അഴകിന്റെയും അനുഭൂതിയുടെയും ലോകമാക്കി പാട്ടിനെ മാറ്റുകയാണ് ഈ ചേതോഹര ഹാരങ്ങൾ. പാട്ടിന് അത്യപൂർവമായ ഒരു ദൃശ്യത സമ്മതിക്കുന്നുണ്ട് ഇവ. പാരസ്പര്യത്തിന്റെ രൂപകം പകർന്നുതരുന്നുണ്ട് ഈ ഹാരങ്ങൾ. പാട്ടിൽ അനുരാഗത്തിന്റെ അനന്യമായ ഒരു ഭാവലോകം സൃഷ്ടിക്കുന്നുണ്ടിവയെല്ലാം. മാലകൾകൊണ്ട് തീർത്ത എത്രയോ ഗാനങ്ങളുണ്ട് യൂസഫലി കേച്ചേരിയുടെ പാട്ടുലോകത്തിൽ. കൽപനകൾകൊണ്ട് കൊരുത്തൊരു മാല, പ്രേമത്തിൻ തിരമാല, തങ്കത്തിൻ കണ്ണീർമാല, ആശ്ലേഷഹാരം –ഇങ്ങനെ നീളുന്നു മാലകളുടെ രാഗോപഹാരങ്ങൾ.
ആകാശമെന്ന മഹാവേദികയിൽ നടക്കുന്ന വിവാഹമുഹൂർത്തങ്ങളായി പരിണമിക്കുകയാണ് യൂസഫലി കേച്ചേരിയുടെ പല ഗാനങ്ങളും. ആകാശത്തുയരുന്ന പൂവണിപ്പന്തലും മണിയറയുമൊക്കെ ഈ ഗാനങ്ങളിൽ സാന്ദ്രസാന്നിധ്യങ്ങളാകുന്നു. അവിടെ മംഗല്യത്താലിയിട്ട് തമ്പുരാട്ടിയെപ്പോലെ അമ്പിളി തനിച്ചിരുന്ന് മണവാളനില്ലാതെ മധുവിധു ആഘോഷിക്കുകയാണോ എന്ന് സന്ദേഹിക്കുന്നുണ്ട് കവി. താരകങ്ങൾ പുഞ്ചിരിച്ച് നിൽക്കും രാത്രിയിൽ വാതിൽ നാലുനിലപ്പന്തലിട്ട് നിൽക്കുന്ന അമ്പിളിയെ സാക്ഷിനിർത്തി ഓമലാളിനെ താലിചാർത്തുന്ന പ്രണയിയുടെ മനസ്സിന്റെ ഭാവതലം ഒന്നുവേറെത്തന്നെയാണ് (ഓമലാളെ കണ്ടു ഞാൻ). താഴെ നിൽക്കുന്ന ഓമലാൾക്ക് താലി നൽകുന്ന മലർത്തിങ്കളെ കാണാം യൂസഫലി കേച്ചേരിയുടെ ഒരു പാട്ടിൽ.
അടർന്നുവീണ ഒരുപിടി താരകളെ നുള്ളിയെടുത്ത് പ്രണയിനിക്കായ് ഒരു സുന്ദരമാല്യംതീർക്കുന്ന കാമുകനായ ഒരാളുണ്ട് പാട്ടിൽ. മഴവില്ലിന്റെ മാലകൾ മാറിൽ ചാർത്താൻ മാനത്തെ ഹൂറികൾ വന്നണയുന്നുണ്ട്. താരകനിർമാല്യം മാറ്റിയ തെളിവാനം തങ്കത്തിൽ കതിർമാല ചൂടുന്നതും യൂസഫലി ഗാനങ്ങളിൽ നാമനുഭവിച്ചറിയുന്നുണ്ട്. മേൽപറഞ്ഞ ഗാനങ്ങളിലെല്ലാം ആകാശവേദിയുടെ അനുരാഗസംഗീതമുണ്ടെന്ന് കാണാം.
താലിമാലകളാൽ അലംകൃതമാണ് യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾ. അദ്ദേഹത്തിന്റെ പാട്ടുകളിൽ മാലകോർക്കലും താലിതീർക്കലും മാറിലണിയലും ചാർത്തലും ചൂടലുമൊക്കെ രമ്യമായി വാങ്മയപ്പെടുന്നു. പാട്ടിനെ അഭിരാമമാക്കുന്ന ആഭരണങ്ങളായിത്തീരുകയാണ് മാലയും താലിയും ഹാരവുമെല്ലാം. മാല്യങ്ങൾ നൽകുന്ന മിന്നലൊളികൾ, പാട്ടിൽ ഭാവഗീതത്തിന്റെ വിദ്യുത്പ്രവാഹ സമാനമാകുന്നു. ആത്മാവിൻ തന്ത്രിയിൽ ആവാഹിച്ചെടുത്ത് ഗായകർ സ്വരമാല കോർക്കുന്നത് കവിയുടെ എക്കാലത്തെയും സ്വപ്നമാണ്.
പുളകമാല ചൂടുന്ന പുലരിയും ഹരിതഭൂമി ചൂടുന്ന മധുരമാല്യവും വനമണിയുന്ന ഹിമമണിമാലയും മുത്തുമാല ചാർത്തിനിൽക്കുന്ന മുല്ലവള്ളിയുമൊക്കെ യൂസഫലി കേച്ചേരിയുടെ ഗാനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. ഒരു പുഞ്ചിരിയാൽ ഒതുങ്ങാത്ത പ്രേമത്തിൻ തിരമാല തീർത്തവളേ എന്ന് പ്രണയിനിയെ വിളിക്കുന്ന ഒരാൾ യൂസഫലി കേച്ചേരിയുടെ ഗാനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. ഒരു പുഞ്ചിരിയാൽ ഒതുങ്ങാത്ത പ്രേമത്തിൻ തിരമാല തീർത്തവളേ എന്ന് പ്രണയിനിയെ വിളിക്കുന്ന ഒരാൾ യൂസഫലി കേച്ചേരിയുടെ പാട്ടിൽ എക്കാലത്തുമുണ്ടായിരുന്നു.
പ്രപഞ്ചത്തെയും പ്രണയത്തെയും മനുഷ്യനിർമിതമായ ആഭരണങ്ങളാൽ സർഗാത്മകമാക്കുന്ന കലയായിരുന്നു അത്. പാട്ടിനെ അഭൗമികവും അലൗകികവുമാക്കുന്ന ഗാനഭാവന. പ്രകാശമാനമായ ഒരു പ്രണയബോധത്തെ പാട്ടിൽ വീണ്ടെടുക്കാൻ ഈ മാല്യങ്ങൾ കവിയെ സഹായിച്ചിരുന്നു. ഹാരമെന്നത് പ്രണയരാഗത്തിന്റെ ഉപഹാരമായിത്തീരുകയാണ് യൂസഫലിപ്പാട്ടുകളിൽ. പ്രണയസ്വരങ്ങളിൽ രാഗമാലയും ഗാനമാലയുമൊക്കെ കോർത്തെടുക്കുകയായിരുന്നു കവി. അനുപമ തീവ്രതയുള്ള ഒരനുഭൂതിയുടെ ലാവണ്യ മുദ്രയെന്ന നിലയിൽ യൂസഫലി ഗാനങ്ങളിൽ ഹാരങ്ങൾ പ്രത്യക്ഷപ്പെടുന്നു.
സ്വർഗീയ ഹർഷം സംഗീത വർഷം എൻ ജീവഹാരം രാഗോപഹാരം എന്ന് ഒരു പാട്ടിലെഴുതിയിട്ടുണ്ട് കവി. ‘റോജാ മലരേ പൂജാ മലരേ നീഹാരഹാരം മാറിൽ ചൂടിയ നീയൊരു രാജകുമാരി’ എന്ന വരി കേൾക്കുമ്പോൾ അതിലെ ‘ഹാര’ത്തിന്റെ സാന്നിധ്യമൊന്നു വേറെതന്നെയാണ്. ‘മനസ്സിനുള്ളിലെ മലർക്കുടങ്ങൾ മറച്ചുവെച്ചു ഞാൻ, എന്റെ കാമുകനൊരു മാല കോർക്കാൻ കരുതിവെച്ചു ഞാൻ’ എന്ന വരിയിലും മാല ചേതോഹരമായ ചിഹ്നമായി മാറുന്നു.
പാട്ടിലെ ആകാശക്കാഴ്ചയിൽ സാന്നിധ്യമാകുന്ന പ്രണയാഭരണങ്ങളായി ഈ മാല്യങ്ങൾ പരിണമിക്കുന്നു. അതിന്റെ അണിയൽ ആവർത്തനങ്ങൾ പാട്ടിനെ അത്യന്തം പ്രകാശനിർഭരമാക്കുന്നു. പാട്ടിൽ പ്രത്യക്ഷമാകുന്ന ഉപമാനവും രൂപകവുമൊക്കെ ഈ ഹാരങ്ങൾ പലവിധത്തിൽ പ്രകടമാവുന്നു. ഹാരങ്ങളുടെ വെളിച്ചം നിറഞ്ഞ ഉപവനങ്ങൾ കണക്കെ പ്രശോഭിക്കുന്നു യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾ.
ഈ പാട്ടുകളിലൊക്കെ ജീവിതസാക്ഷ്യത്തിന്റെ സൗന്ദര്യം കൊണ്ടുവരുന്നത് ഈ മാലകളും താലികളുമൊക്കെയാണ്. ‘മാരൻ കൊരുത്ത മാല നിൻമേനിയെൻ ജമീല’ (അലാവുദ്ദീനും അത്ഭുതവിളക്കും) എന്ന വരിയിൽ പ്രണയിനിയുടെ ഉടലിനെ മാരൻ കൊരുത്ത മാലയെന്നപോൽ കൽപന ചെയ്യുന്നുണ്ട് കവി. ഇങ്ങനെ രമണീയാഭരണങ്ങളായി യൂസഫലിപ്പാട്ടുകളിൽ ഹാരങ്ങൾ അവയുടെ നിലീനദ്യുതിയിൽ സാന്ദ്രമാകുന്നു.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.