രാജ്യത്ത് ഏഷ്യൻ സിംഹങ്ങളുടെ എണ്ണം 523ൽ നിന്ന് 891 ആയി ഉയർന്നു
text_fieldsഅഹമ്മദാബാദ്: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ഏഷ്യൻ സിംഹങ്ങളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. 2015ൽ 523 ആയിരുന്ന ഏഷ്യൻ സിംഹങ്ങളുടെ എണ്ണം 2025ഓടെ 891 ആയി ഉയർന്നുവെന്നാണ് റിപ്പോർട്ട്.
സിംഹങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള തുടർച്ചയായ പ്രവർത്തനങ്ങളാണ് ഈ ജനസംഖ്യാ വളർച്ചക്ക് കാരണമെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കി. സിംഹ ദിനത്തോടനുബന്ധിച്ചാണ് മന്ത്രി പോസ്റ്റ് പങ്കുവെച്ചത്. ഗുജറാത്തിലെ ഗിർ വനമേഖലയിലും പരിസര പ്രദേശങ്ങളിലും മാത്രം കാണപ്പെടുന്ന ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കുന്നതിൽ വനം സംരക്ഷകരുടെ പങ്കിനെകുറിച്ച് മന്ത്രി എടുത്തുപറഞ്ഞു.
സർക്കാറിന്‍റെ സംരക്ഷണ പ്രവർത്തനങ്ങൾ ഏഷ്യൻ സിംഹങ്ങളുടെ ആവാസ വ്യവസ്ഥയുടെ വ്യാപ്തി വർധിപ്പിച്ചുവെന്നും പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഇവയുടെ വിസ്തൃതി 2020ലെ ഏകദേശം 30,000 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 35,000 ചതുരശ്ര കിലോമീറ്ററായി ഉയർന്നിട്ടുണ്ടന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഏഷ്യൻ സിംഹങ്ങളുടെ ദീർഘകാല സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2020 ഓഗസ്റ്റ് 15നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'പ്രോജക്ട് ലയൺ' ആരംഭിച്ചത്. ഈ പദ്ധതി ലാൻഡ്‌സ്‌കേപ്പ് അടിസ്ഥാനമാക്കിയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ആവാസവ്യവസ്ഥ മെച്ചപ്പെടുത്തൽ, രോഗ നിരീക്ഷണം, വെറ്ററിനറി സഹായം, ശാസ്ത്രീയമായ ജനസംഖ്യാ നിരീക്ഷണം, സാങ്കേതികവിദ്യ അധിഷ്ഠിത സംരക്ഷണ നടപടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഏഷ്യൻ സിംഹങ്ങൾ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. നിലവിൽ ഗുജറാത്തിലെ വനങ്ങളിൽ മാത്രമാണ് ഇവ ജീവിക്കുന്നത്. പതിറ്റാണ്ടുകളായുള്ള സംരക്ഷണ സംരംഭങ്ങളിലൂടെ, പ്രത്യേകിച്ച് ഗിർ മേഖലയിലും പരിസരത്തും ഇവയുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

