ബ്രഹ്മപുത്രയിൽ മെഗാ അണക്കെട്ടുമായി ചൈന മുന്നോട്ട്; ആശങ്കയോടെ ഇന്ത്യ
text_fieldsനേപ്പാൾ-ചൈന അതിർത്തിയിൽ ഉണ്ടായ ഹിമാനി തകർച്ചയും മിന്നൽ പ്രളയവും പുതിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെങ്കിലും ബ്രഹ്മപുത്ര നദിയിൽ മെഗാ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതിയിൽ നിന്ന് ചൈന പിന്മാറാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്.
ടിബറ്റിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ഭൂകമ്പസാധ്യത കൂടുതലുള്ള പ്രദേശത്ത് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന അണക്കെട്ട് നിർമ്മാണവുമായി മുന്നോട്ട് പോകാൻ ചൈന തീരുമാനിച്ചതായാണ് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നത്.
ചൈനയുടെ പഞ്ചവത്സര പുനരുപയോഗ ഊർജ പദ്ധതിയിൽ, യാർലുങ് സാങ്പോ ലോവർ റീച്ചസ് ഹൈഡ്രോപവർ പ്രോജക്ട് പദ്ധതികളുടെ നിർമ്മാണം വേഗത്തിലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഉപപ്രധാനമന്ത്രി ഷാങ് ഗുവോക്വിങ് ന്യിങ്ചി പ്രദേശം സന്ദർശിച്ച് പദ്ധതിയുടെ പൂർണ്ണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്നും, സുരക്ഷക്കും ഗുണനിലവാരത്തിനും മുൻഗണന നൽകി നിർമാണം വേഗത്തിലാക്കുമെന്നും ഔദ്യോഗികമായി അഭിപ്രായപ്പെട്ടിരുന്നു.
പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത ചൈനീസ് പ്രധാനമന്ത്രി ലി ച്യാങ് ഇതിനെ "നൂറ്റാണ്ടിന്റെ പദ്ധതി" എന്നും വിശേഷിപ്പിച്ചു. അഞ്ച് ജലവൈദ്യുത നിലയങ്ങൾ ഉൾപ്പെടുന്ന പദ്ധതിക്കായി 1.2 ട്രില്യൺ യുവാൻ (ഏകദേശം 14 ലക്ഷം കോടി രൂപ) നിക്ഷേപവും പ്രഖ്യാപിച്ചിരുന്നു.
പദ്ധതിയുടെ സ്ഥാപിത ശേഷി 60 ഗിഗാവാട്ടും വാർഷിക വൈദ്യുതി ഉൽപ്പാദനം 300 ബില്യൺ കിലോവാട്ട് മണിക്കൂറുമാകുമെന്നാണ് ചൈനീസ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീ ഗോർജസ് അണക്കെട്ടിന്റെ ശേഷിയുടെ മൂന്നിരട്ടിയിലധികമാണ്.
യാർലുങ് സാങ്പോയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന സാങ്മു അണക്കെട്ട് ചൈന ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ടിബറ്റിലെ വൈദ്യുതി ആവശ്യത്തിന്റെ ഏകദേശം 26 ശതമാനം ഈ അണക്കെട്ട് നിറവേറ്റുന്നതായി ചൈനീസ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2010-ൽ നിർമ്മാണം ആരംഭിച്ച സാങ്മു പദ്ധതി ഇതുവരെ 22.2 ബില്യൺ കിലോവാട്ട് മണിക്കൂർ വൈദ്യുതി ഉത്പാദിപ്പിച്ചതായും, ഇതിലൂടെ ഏകദേശം 7.4 ദശലക്ഷം ടൺ കൽക്കരി ലാഭിക്കാനും 22.2 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാനാകുന്നതായും ചൈന അവകാശപ്പെടുന്നു.
"റൺ-ഓഫ്-ദി-റിവർ" മാതൃകയിലുള്ള അണക്കെട്ടാണെന്ന് ചൈന പറയുന്നുണ്ടെങ്കിലും, ഒരു വലിയ ജലസംഭരണിയും പദ്ധതിയുടെ ഭാഗമാകും എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. നദിയിലെ വെള്ളം വലിയൊരു തുരങ്കത്തിലൂടെ തിരിച്ചുവിട്ട് വൈദ്യുതി ഉൽപ്പാദിപ്പിച്ചശേഷം വീണ്ടും നദിയിലേക്ക് എത്തിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
അതേസമയം, അണക്കെട്ട് ഇന്ത്യയിലെ ജലലഭ്യതയെയും പരിസ്ഥിതിയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഇന്ത്യ ഉയർത്തുന്നുണ്ട്. റിസർവോയറിൽ എത്ര വെള്ളം സംഭരിക്കുമെന്നതും താഴേക്കുള്ള ജലപ്രവാഹത്തിൽ മാറ്റമുണ്ടാകുമോയെന്നതുമാണ് പ്രധാന ആശങ്കകൾ. പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തുവിടാത്തത് ആശങ്ക വർധിപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു.
എന്നാൽ പദ്ധതിയിലൂടെ താഴ്ന്ന പ്രദേശങ്ങൾക്ക് യാതൊരു പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്നും പ്രളയനിയന്ത്രണത്തിനും ദുരന്തനിവാരണത്തിനും ഇത് സഹായകരമാകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

