തമിഴ്‌നാട്ടിലെത്തുന്ന ദേശാടനപക്ഷികളുടെ എണ്ണത്തിൽ കുറവ്; കാലംതെറ്റിയ മഴ വില്ലനാകുന്നു
text_fieldsപുലിക്കാട്ട് തടാകത്തിൽ രാജഹംസങ്ങൾ
ദേശാടനപക്ഷികളുടെ ദേശാടനത്തിനിടയിലെ ഇടത്താവളവും ഇഷ്ടസ്‍ഥലവുമാണ് തമിഴ്നാട്. പുലിക്കാട്ട് തടാകത്തിലെ രാജഹംസങ്ങളുടെ കൂട്ടങ്ങളിൽ തുടങ്ങി വേദത്തങ്ങലിലെ കൊതുമ്പന്നങ്ങൾ കൂന്തംകുളത്തിലെ മുഴയൻ താറാവുകൾ, ചട്ടുകകൊക്കൻമാർ, കുറിത്തലയൻവാത്തകളടക്കം ആയിരക്കണക്കിന് മൈലുകൾ താണ്ടിയാണ് പതിനായിരക്കണക്കിന് പക്ഷികൾ തമിഴ്നാട്ടിലെ തണ്ണീർതടങ്ങൾ തേടി വർഷാവർഷമെത്തുന്നത്.
പക്ഷേ ഇവിടെ വളരെ പെട്ടെന്നാണ് കാലാവസ്ഥ മാറുന്നത്. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പക്ഷിനിരീക്ഷകരുടെയും വിദഗ്ധരുടെയും അഭിപ്രായത്തിൽ ദേശാടനപക്ഷികളുടെ വരവിൽ സാരമായ കുറവ് വന്നിരിക്കുന്നു എന്നാണ്, കാരണമായി പറയുന്നത് അനവസരത്തിൽ പെയ്യുന്ന തീവ്രമഴകളാണെന്നാണ് വിലയിരുത്തൽ. കൃത്യമായ യാത്രാപാതയുള്ള പക്ഷികളുടെ വരവിലുള്ള കുറവ്, വന്നാൽ തന്നെ അവയുടെ എണ്ണത്തിൽ കുറവ്, സ്ഥിരമായി വരുന്ന പക്ഷികളിൽ പലതും വരുന്നുമില്ല ചില പക്ഷികൾ വഴിമാറി തമിഴ്നാട്ടിലേക്ക് എത്തുന്നുമില്ല.
വേദത്തങ്കൽ തണ്ണീർതടങ്ങളിൽ നീലക്കോഴികളും വർണകൊക്കുകളും വളരെ കുറഞ്ഞ എണ്ണം മാത്രമാണ് എത്തിയത്. എന്നാൽ നഗരത്തിന് പുറത്ത് ആരും പ്രതീക്ഷിക്കാത്തിടങ്ങളിൽ കാണുന്നുമുണ്ട്. ഈ മാറ്റത്തിന്റെ പ്രധാന കാരണമായി പറയുന്നത് കാലംതെറ്റിയുള്ള മഴയാണ്. തമിഴ്നാട്ടിലെ മൺസൂൺ പതിവിൽ നിന്ന് വ്യത്യസ്തമായി അതിശക്തമഴയും ഒഴുക്കുമായതോടെ പക്ഷിക്കൂട്ടങ്ങൾക്ക് നിൽക്കാനോ ഇരപിടിക്കാനോ സാധിക്കുന്നില്ല. തണ്ണീർതടങ്ങളും തടാകങ്ങളും ചതുപ്പുകളും നിറഞ്ഞപ്രദേശങ്ങളിൽ മണ്ണിനടിയിലും പുറത്തുമായി ധാരാളം ജീവികളുണ്ട് ഇവയെ ഭക്ഷിക്കാനായാണ് ദേശാടനത്തിനിടയിൽ സൈബീരിയയിൽനിന്നും മധ്യേഷ്യയിൽനിന്നും യൂറോപ്പിൽനിന്നടക്കമുള്ള പക്ഷികൾ ഇവിടേക്കെത്തുന്നത്. ഭക്ഷണം സുലഭമായി ലഭിക്കുന്ന മേഖലകളിൽ കാലംതെറ്റിയുള്ള മഴ അവയുടെ ഭക്ഷണക്രമത്തെ ബാധിക്കുന്നത് മൂലം അവർ വഴിമാറി സഞ്ചരിക്കാൻ നിർബന്ധിതരാവുന്നു.
ദേശാടനപക്ഷികൾ സ്വാഭാവിക കൃഷിത്തടങ്ങളിലെ പ്രാണികളുടെ ആക്രമണത്തെ തടഞ്ഞ് കൃഷിയെയും വിത്തുകൾ ഭക്ഷിച്ച് വിത്ത് വിതരണം നടത്തുകയും ചെയ്യുന്നവരാണ്. ഇവയുടെ വരവ് ഇല്ലാതായാൽ കൃഷിതന്നെ നശിക്കും. വന്യജീവി ജൈവശാസ്ത്രജ്ഞൻമാരും പക്ഷിശാസ്ത്രജ്ഞരും പക്ഷിനിരീക്ഷണസംഘങ്ങളും ചേർന്ന് തമിഴ്നാട്ടിൽ സാറ്റലൈറ്റ് ഡേറ്റ ഉപയോഗിച്ച് മാപ്പ് തയാറാക്കുകയും ചില യൂനിവേഴ്സിറ്റികൾ പക്ഷികൾക്കായി തണ്ണീർതടങ്ങളും തടാകങ്ങളും പുനർനിർമിക്കാനും സംരക്ഷിക്കാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
എല്ലാം നഷ്ടപ്പെട്ടിട്ടില്ല. മഴ നന്നായി പ്രവചിക്കാനും തണ്ണീർത്തടങ്ങൾ ശരിയായി കൈകാര്യം ചെയ്യാനും കഴിഞ്ഞാൽ, തമിഴ്‌നാടിന് ഇപ്പോഴും ദേശാടനപക്ഷികളുടെ ഒരു ഹോട്ട്‌സ്‌പോട്ടായി തുടരാൻ കഴിയും. അതിന് മികച്ച ജലസംരക്ഷണം, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, സമൂഹ പങ്കാളിത്തം എന്നിവ ആവശ്യമാണ് - പക്ഷേ പക്ഷികളും അത് നിരീക്ഷിച്ച് കാത്തിരിക്കുകയാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.