Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുമ്പാമ്പുകളെ പിടിക്കാൻ റോബോട്ട് മുയലുകൾ; മരത്തിൽ കയറുന്ന ശീലവും കണ്ടെത്തി പുതിയ പഠനം

text_fields
bookmark_border
python climbing a tree in the Florida Everglades
cancel
camera_alt

പ്രതീകാത്മക ചിത്രം

കാടിനുള്ളിൽ ഒളിച്ചിരിക്കുന്ന പെരുമ്പാമ്പുകളെ കണ്ടെത്താൻ ഇനി ജീവനുള്ള മുയലുകളെ മാത്രമല്ല, റോബോട്ട് മുയലുകളെയും ആശ്രയിക്കുകയാണ് അമേരിക്കയിലെ ഫ്ലോറിഡ. പാമ്പുകളെ ആകർഷിക്കാൻ ചൂടും പ്രത്യേക ഗന്ധവും പുറപ്പെടുവിക്കുന്ന ഈ സാങ്കേതിക വിദ്യയ്ക്കൊപ്പം, അവയുടെ ഒളിത്താവളങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന മറ്റൊരു നിർണായക വിവരവും പുറത്തുവന്നിരിക്കുകയാണ്. പെരുമ്പാമ്പുകൾ എപ്പോഴാണ് മരങ്ങളിൽ കയറുന്നത്, ഏത് പ്രായത്തിലുള്ള പാമ്പുകളാണ് ഇങ്ങനെ ചെയ്യാൻ കൂടുതൽ സാധ്യതയുള്ളത് തുടങ്ങിയ കാര്യങ്ങളാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

ഫ്ലോറിഡയിലെ ബിഗ് സൈപ്രസ് നാഷനൽ പ്രിസർവിൽ 2017 മുതൽ 2024 വരെ നടത്തിയ പഠനത്തിൽ 188 മുതിർന്ന പെരുമ്പാമ്പുകളെയും 168 പ്രായം കുറഞ്ഞ പാമ്പുകളെയുമാണ് ഗവേഷകർ റേഡിയോ ട്രാക്കിങ് വഴി നിരീക്ഷിച്ചത്. 4,000ത്തിലേറെ നിരീക്ഷണ വിവരങ്ങളും പഠനത്തിനായി ശേഖരിച്ചു.പെരുമ്പാമ്പുകൾ പൊതുവെ നിലത്താണ് കഴിയുന്നതെന്നാണ് പഠനത്തിലെ കണ്ടെത്തൽ. മരങ്ങളിലും കുറ്റിച്ചെടികളിലും പാമ്പുകളെ കണ്ടത് ആകെ നിരീക്ഷണങ്ങളുടെ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ്. എന്നാൽ പഠനകാലത്ത് കുറഞ്ഞത് ഒരിക്കലെങ്കിലും മരങ്ങളിലോ കുറ്റിച്ചെടികളിലോ കണ്ടെത്തിയവരിൽ പ്രായം കുറഞ്ഞ പാമ്പുകൾ 17 ശതമാനവും മുതിർന്നവ 14 ശതമാനവുമായിരുന്നു.ശരീരവലുപ്പവും ഭാരവും കൂടുന്നതിനനുസരിച്ച് മരങ്ങളിൽ കയറാനുള്ള സാധ്യത കുറയുന്നതായും ഗവേഷകർ കണ്ടെത്തി. ചെറിയ ശരീരവും കുറഞ്ഞ ഭാരവുമുള്ള പാമ്പുകൾക്ക് മരക്കൊമ്പുകളിലൂടെ നീങ്ങുന്നത് താരതമ്യേന എളുപ്പമായിരിക്കാമെന്നാണ് വിലയിരുത്തൽ.

മരങ്ങൾ ഉപയോഗിക്കുന്നതിൽ കാലാവസ്ഥയ്ക്കും പങ്കുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഡിസംബർ, ജനുവരി മാസങ്ങളിലെ തണുപ്പും വരണ്ടതുമായ കാലത്താണ് മുതിർന്നതും പ്രായം കുറഞ്ഞതുമായ പാമ്പുകൾ മരങ്ങളിലും കുറ്റിച്ചെടികളിലും കാണപ്പെടാൻ കൂടുതൽ സാധ്യത.മുതിർന്ന പെരുമ്പാമ്പുകൾ ഈ സമയത്ത് മരക്കൊമ്പുകളിൽ കിടന്ന് സൂര്യന്റെ ചൂട് ആഗിരണം ചെയ്യുന്നതായി ഗവേഷകർ നിരീക്ഷിച്ചു. ശരീരത്തിലെ താപനില നിയന്ത്രിക്കാനുള്ള മാർഗമായിരിക്കാം ഇതെന്നാണ് പഠനത്തിലെ വിശദീകരണം.ഈ വിവരങ്ങൾ പാമ്പുകളെ കണ്ടെത്താനുള്ള തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കാൻ വന്യജീവി അധികൃതരെ സഹായിച്ചേക്കും. പ്രത്യേകിച്ച് ചെറിയ പാമ്പുകളെ തേടുമ്പോൾ നിലത്തുമാത്രമല്ല, മരങ്ങളിലും കുറ്റിച്ചെടികളിലും ശ്രദ്ധിക്കേണ്ടിവരും.

പാമ്പുകളെ ആകർഷിക്കാൻ റോബോട്ട് മുയലുകൾ

പെരുമ്പാമ്പുകളെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 2025ൽ സൗത്ത് ഫ്ലോറിഡ വാട്ടർ മാനേജ്മെന്റ് ഡിസ്ട്രിക്ടും ഫ്ലോറിഡ സർവകലാശാലയും ചേർന്ന് റോബോട്ട് മുയലുകളെ അവതരിപ്പിച്ചത്.സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ ഉപകരണങ്ങൾ യഥാർഥ മുയലുകളെപ്പോലെ തോന്നുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാമ്പുകളെ ആകർഷിക്കുന്നതിനായി ചൂടിന്റെ സാന്നിധ്യവും പ്രത്യേക ഗന്ധവും സൃഷ്ടിക്കും. ചുറ്റുപാടുകൾ നിരീക്ഷിക്കാൻ കാമറകളുമുണ്ട്. പാമ്പിനെ കണ്ടെത്തിയാൽ അധികൃതർക്ക് വിവരം ലഭിക്കും. തുടർന്ന് പരിശീലനം ലഭിച്ച പാമ്പുപിടിത്തക്കാരനെ സ്ഥലത്തേക്ക് അയച്ച് പാമ്പിനെ പിടികൂടാം.എന്നാൽ റോബോട്ട് മുയലുകൾ പാമ്പുകളെ സ്വയം പിടികൂടുന്ന ഉപകരണങ്ങളല്ല. പാമ്പുകളെ ഒളിത്താവളങ്ങളിൽനിന്ന് പുറത്തേക്ക് ആകർഷിച്ച് കണ്ടെത്താൻ സഹായിക്കുന്ന സംവിധാനമാണിത്.

ഫ്ലോറിഡക്ക്​ ഭീഷണിയായി പെരുമ്പാമ്പുകൾ

ഫ്ലോറിഡയിൽ സ്വാഭാവികമായി കാണപ്പെടാത്ത അധിനിവേശ ജീവിവർഗമാണ് ബർമീസ് പെരുമ്പാമ്പുകൾ. എവർഗ്ലേഡ്സ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപിച്ച ഇവ പക്ഷികൾ, സസ്തനികൾ, മറ്റ് ഉരഗങ്ങൾ എന്നിവയെ ഇരയാക്കുന്നു. തദ്ദേശീയ വന്യജീവികളുടെ നിലനിൽപ്പിന് ഇതൊരു വലിയ ഭീഷണിയാണ്.പാമ്പുകളെ നീക്കം ചെയ്യുന്നതിനായി ഫ്ലോറിഡയിൽ വർഷംതോറും ഫ്ലോറിഡ പൈത്തൺ ചലഞ്ച് എന്ന പേരിൽ പത്തുദിവസത്തെ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. 2026ലെ ചലഞ്ചിൽ 30 അമേരിക്കൻ സംസ്ഥാനങ്ങളിൽനിന്നും കാനഡ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുമായി 907 പേർ പങ്കെടുത്തു. ഇവർ ചേർന്ന് 280 പെരുമ്പാമ്പുകളെയാണ് പിടികൂടി നീക്കം ചെയ്തത്.2017 മുതൽ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമീഷനും സൗത്ത് ഫ്ലോറിഡ വാട്ടർ മാനേജ്മെന്റ് ഡിസ്ട്രിക്ടും കരാർ അടിസ്ഥാനത്തിൽ നിയോഗിച്ച പാമ്പുപിടിത്തക്കാർ 19,000ത്തിലേറെ പെരുമ്പാമ്പുകളെ നീക്കം ചെയ്തിട്ടുണ്ട്.പെരുമ്പാമ്പുകൾ മരങ്ങൾ ഉപയോഗിക്കുന്ന സമയവും സാഹചര്യങ്ങളും സംബന്ധിച്ച പുതിയ പഠനം, അവയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കൃത്യത നൽകുമെന്നാണ് പ്രതീക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Florida Uses Robot Rabbits to Track Burmese Pythons
Next Story