മലമുഴക്കി വേഴാമ്പൽ ഏഴിമലയുടെ തീരത്തും
text_fieldsഉൾക്കാടുകളിലെ ഉയർന്ന മരങ്ങളിൽ കൂടുകൂട്ടുന്ന നമ്മുടെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാനപക്ഷിയായ മലമുഴക്കി വേഴാമ്പൽ തീരമേഖലയായ ഏഴിമലക്കടുത്തുള്ള കക്കാമ്പാറയിലുമെത്തി. കഴിഞ്ഞ മേയ് മാസം മുതൽ തേരകമരത്തിന്റെ പഴുത്ത കായകൾ നിറഞ്ഞ കമ്പിലാണ് കണ്ടെത്തിയത്. പിന്നീട് ഏഴിമല നാവിക അക്കാദമി കാമ്പസിലെ വനമേഖലയിലേക്ക് പറക്കുകയായിരുന്നു.
പക്ഷിനിരീക്ഷകരായ അഭിനവ്, മനോജ് കരിങ്ങാമഠത്തിൽ, ജമീല
പക്ഷിനിരീക്ഷകരായ മനോജ് കരിങ്ങാമഠത്തിൽ, പി.ജമീല, അഭിനവ് ജീവൻ എന്നിവരെത്തിയാണ് ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജനവാസമേഖലയാണെങ്കിലും വനങ്ങളാൽ അതിരിടുന്ന ഇവിടം ജൈവസമ്പുഷ്ടമാണ്. നെല്ലിയാമ്പതി, അതിരപ്പിള്ളി, വാഴച്ചാൽ, അരിപ്പ,പറമ്പിക്കുളം, പൊന്മുടി, ചിമ്മിനി തുടങ്ങിയ വനപ്രദേശങ്ങളിലാണ് സാധാരണയായി മലമുഴക്കികളെ കാണാനാവുന്നത്.
ആറളം ഫാമിലും കരിമ്പം ഫാമുകളിലും കണ്ടതായി റിപ്പോർട്ടുകളുണ്ട്. തീരദേശത്തിനടുത്തായി മലമുഴക്കിയെ കണ്ടത് കൂടുതൽ പഠനവിധേയമാക്കേണ്ട വിഷയമാെണന്ന് സർ സയ്യിദ് കോളജിലെ വനശാസ്ത്ര വിഭാഗം മേധാവി സ്നേഹ സുഭാഷ് അഭിപ്രായപ്പെട്ടു. നിലവിൽ കാക്കാമ്പാറയിൽ നിന്ന് പരിയാരം ഭാഗത്തേക്ക് ഭക്ഷണം തേടി പറക്കുകയാണ് ഈ ആൺവേഴാമ്പൽ.
സംസ്ഥാന പക്ഷി
കേരളത്തിലെ നിത്യഹരിത വനങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും കാണപ്പെടുന്ന വലിയ ചിറകുകളും തലയിൽ തൊപ്പിപോലെ മകുടമുള്ള ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന പക്ഷിയാണ് മലമുഴക്കി വേഴാമ്പൽ എന്ന ദി ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ. ബുസേറൊസ് ബൈകോർണിസ് എന്നാണ് ശാസ്ത്രീയനാമം.
ചിത്രങ്ങൾ മനോജ് കരിങ്ങാമഠത്തിൽ
ചിറകുവിരിച്ചാൽ ഒന്നരമീറ്ററോളം വലുപ്പം വരുമിതിന്. ആൺപക്ഷിക്ക് ചുവന്നനിറത്തിലുള്ള കണ്ണും പെൺപക്ഷിക്ക് മഞ്ഞകലർന്ന വെളുത്തനിറത്തിലുള്ള കണ്ണുമാണുള്ളത്. പറക്കുമ്പോൾ ഹെലികോപ്റ്ററിന്റെ പങ്ക വായു ചുഴറ്റിമാറ്റുന്ന പോലെ വലിയ ശബ്ദമാണുണ്ടാവുകയെന്നത് പ്രത്യേകതയാണ്.
ഉയർന്ന മരങ്ങളിൽ പൊത്തുകളുണ്ടാക്കി പെൺപക്ഷി മുട്ടയിട്ട് അടയിരിക്കുകയും 23 മുതൽ 46 ദിവസത്തിനുള്ളിൽ കുഞ്ഞ് വിരിഞ്ഞ് പുറത്തുവരുകയും ചെയ്യും. ഇത്രയും ദിവസങ്ങളിൽ ആൺപക്ഷിയാണ് കൂട്ടിലേക്ക് ഭക്ഷണമെത്തിക്കുന്നത്. ജീവിതകാലം മുഴുവൻ ഒരു പക്ഷിയെ മാത്രമാണ് ഇണയായി സ്വീകരിക്കുകയെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കഥയായി തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.