ചൂടും സൂര്യാഘാതവുമേറ്റ് രാജ്യത്ത് പൊലിഞ്ഞത് 3,700ലേറെ ജീവൻ; കർഷക തൊഴിലാളികൾ, തീരദേശ വാസികൾ, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ കടുത്ത ഇരകൾ
text_fieldsന്യൂഡൽഹി: 2018നും 2022നും ഇടയിൽ ഇന്ത്യയിൽ ചൂടോ സൂര്യാഘാതമോ മൂലം 3,700ലധികം പേർ മരിച്ചതായി ശാസ്ത്ര സാങ്കേതിക മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ചൂടുമായി ബന്ധപ്പെട്ട മരണങ്ങൾ 2018ൽ 890ഉം, 2019ൽ 1,274ഉം, 2020ൽ 530ഉം, 2021ൽ 374ഉം, 2022ൽ 730ഉം ആണെന്ന് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡാറ്റ ഉദ്ധരിച്ച് ശാസ്ത്ര സാങ്കേതിക വകുപ്പ് ജൂനിയർ മന്ത്രി ജിതേന്ദ്ര സിങ് പാർലമെന്റിൽ പറഞ്ഞു.
അഞ്ചു വർഷത്തെ കാലയളവിൽ, ഉത്തർപ്രദേശ് (508), മഹാരാഷ്ട്ര (470), ബീഹാർ (467), തെലങ്കാന (466), പഞ്ചാബ് (459) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ ചൂട് മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അസാധാരണമായ ചൂടുള്ള സമയങ്ങളിൽ വ്യത്യസ്ത കാരണങ്ങളാൽ മരണങ്ങൾ ഗണ്യമായി വർധിക്കും. പ്രായമായവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അപകടസാധ്യത കൂടുതലാണെന്നും മന്ത്രാലയം പറഞ്ഞു. താപ തരംഗങ്ങളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളിൽ നിർജലീകരണം, വയറിളക്കം, ക്ഷീണം, താപാഘാതം എന്നിവ ഉൾപ്പെടുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത ഇരകൾ ഏറ്റവും ദുർബലരായ കാർഷിക തൊഴിലാളികൾ, തീരദേശ നിവാസികൾ, ദാരിദ്ര്യരേഖക്ക് താഴെയുള്ള വിഭാഗങ്ങളിൽ നിന്നുള്ളവർ എന്നിവരാണ്. പുറത്ത് ജോലി ചെയ്യുന്നതിനാലും തണുപ്പിക്കൽ സൗകര്യങ്ങൾ കുറവായതിനാലും അവർ ഏറ്റവും അപകടസാധ്യതയുള്ളവരാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഉയർന്ന താപനിലയിൽ ഭക്ഷണം വേഗത്തിൽ കേടാകുന്നത് മൂലമുണ്ടാകുന്ന അക്യൂട്ട് ഗ്യാസ്ട്രോഎൻറൈറ്റിസ്, ഭക്ഷ്യവിഷബാധ എന്നിവയുടെ വർധനവും കടുത്ത ചൂടുമായി ബന്ധപ്പെട്ട ഉത്കണ്ഠ, ഹൃദയമിടിപ്പ്, പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവയിലെ വർധനവും ഉദ്യോഗസ്ഥർ എടുത്തുകാണിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.