മൂന്നാം ദിവസവും നിർത്താതെ മഴ: സ്തംഭിച്ച് മുംബൈ നഗരം
text_fieldsമുംബൈ: മുംബൈയിൽ മൂന്നാം ദിവസവും നിർത്താതെ പെയ്യുന്ന മഴയിൽ റോഡ്, റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മെട്രോപോളിസിനും സമീപ ജില്ലകൾക്കും ‘റെഡ് അലേർട്ട്’ പുറപ്പെടുവിച്ചിരിക്കുകയാണ്. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.
ആവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാൻ താമസക്കാരോട് അഭ്യർഥിക്കുകയും അടിയന്തര സാഹചര്യങ്ങളിൽ ദുരന്തനിവാരണ ഹെൽപ്പ്‌ലൈൻ 1916 ൽ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു.
മുംബൈ വിമാനത്താവളത്തിലെ സർവിസുകളെ മഴ ബാധിച്ചു. ഒമ്പത് വിമാനങ്ങൾ ലാൻഡിങ്ങിനു മുമ്പ് നിരീക്ഷണപ്പറക്കൽ നടത്തിയതായും, മോശം കാലാവസ്ഥ കാരണം ഒരു വിമാനം ഗുജറാത്തിലെ സൂറത്തിലേക്ക് വഴിതിരിച്ചുവിട്ടതായും വക്താവ് പറഞ്ഞു.
നഗരത്തിന്റെ ജീവനാഡിയായി കണക്കാക്കപ്പെടുന്ന ലോക്കൽ ട്രെയിനുകൾ വൈകി. സെൻട്രൽ റെയിൽവേയുടെ ഹാർബർ ലൈനിൽ താഴ്ന്ന പ്രദേശങ്ങളിലെ ട്രാക്കുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതും കുർള, തിലക് നഗർ സ്റ്റേഷനുകൾക്കിടയിൽ ട്രാക്ക് മാറ്റുന്ന സ്ഥലങ്ങളിലെ തകരാറും കാരണം സബർബൻ സർവിസുകൾ തടസ്സപ്പെട്ടു.
നഗരത്തിലെ പല ഭാഗങ്ങളിലുമുള്ള റോഡുകൾ വെള്ളത്തിനടിയിലായി. അന്ധേരി സബ്‌വേയും ലോഖണ്ഡ്‌വാല കോംപ്ലക്‌സും ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടു. ശക്തമായ മഴ കാഴ്ചയെ തടസ്സപ്പെടുത്തുകയും വാഹന ഗതാഗതം മന്ദഗതിയിലാക്കുകയും ചെയ്തതായി വാഹന യാത്രക്കാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.