പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെ താപനില; അന്റാർട്ടിക്കയിൽ എങ്ങനെയാണ് ചെറു പ്രാണികളും ജീവികളും അതിജീവിക്കുന്നത്
text_fieldsഅന്റാർട്ടിക്കയിലെ കഠിനമായ കാലാവസ്ഥയിൽ ചെറുപ്രാണികൾ അതിജീവിക്കുന്നത് അത്ഭുതകരമായ ചില പ്രത്യേക കഴിവുകളിലൂടെയാണ്. പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയുള്ള താപനിലയിൽ ജീവിക്കാൻ അവയെ സഹായിക്കുന്ന പല ഘടകങ്ങളുണ്ട്. ചില പ്രാണികൾ ശരീരത്തിലെ ജലാംശം നീക്കം ചെയ്യുകയും, ഗ്ലിസറോൾ പോലുള്ള ആന്റിഫ്രീസ് രാസവസ്തുക്കൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് കോശങ്ങൾക്കുള്ളിൽ ഐസ് ക്രിസ്റ്റലുകൾ ഉണ്ടാകുന്നത് തടയുന്നു. ഇങ്ങനെ തണുത്തുറയാതെ തണുപ്പിനെ അതിജീവിക്കുന്നതിനെ ഫ്രീസ് അവോയ്ഡൻസ് എന്ന് പറയുന്നു. എന്നാൽ മറ്റുചില പ്രാണികൾക്ക് ശരീരം തണുത്തുറഞ്ഞാലും അതിനെ അതിജീവിക്കാൻ കഴിയും. അങ്ങനെയുള്ളവയെ ഫ്രീസ് ടോളറന്റ് എന്നാണ് പറയുന്നത്.
അന്റാർട്ടിക്കയിലെ പ്രാണികളുടെ ജീവിതചക്രം വളരെ വലുതാണ്. ബെൽജിക്ക അന്റാർട്ടിക്ക അന്റാർട്ടിക്കയിൽ കണ്ടുവരുന്ന ഒരേയൊരു ചെറു പ്രാണിയാണ്. പറക്കാനുള്ള കഴിവില്ലാത്തതും, 2-6 മില്ലിമീറ്റർ മാത്രം വലിപ്പമുള്ളതുമായ ഈ ചെറുപ്രാണി പൂർണ്ണ വളർച്ചയെത്താൻ ഏകദേശം 2 വർഷമെടുക്കും. ഇതിൽ ഭൂരിഭാഗം സമയവും അവ നിദ്രാവസ്ഥയിലായിരിക്കും. തണുപ്പുകാലത്ത് അവയുടെ വളർച്ച പൂർണ്ണമായി നിലക്കുന്നു. കാലാവസ്ഥ അനുകൂലമാകുമ്പോൾ മാത്രമാണ് അവ വീണ്ടും സജീവമാകുന്നത്. കൊടും തണുപ്പുള്ള സാഹചര്യത്തിൽ ശരീരത്തിൽ നിന്ന് ജലം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് തടയാനായി അവയുടെ ശരീരത്തിൽ പ്രത്യേകതരം ആവരണങ്ങളുണ്ട്.
സൂര്യപ്രകാശത്തിൽ നിന്ന് ചൂട് ആഗിരണം ചെയ്യാൻ സഹായിക്കുന്ന കറുത്ത നിറമാണ് മിക്ക പ്രാണികൾക്കുമുള്ളത്. പ്രാണികളല്ലാത്ത മറ്റ് ചില ചെറു ജീവികളും അന്റാർട്ടിക്കയിൽ അതിജീവിക്കുന്നുണ്ട്. ഈ പ്രത്യേക കഴിവുകളുള്ളതുകൊണ്ടാണ് ചെറുജീവികൾക്ക് അന്റാർട്ടിക്കയിലെ അതിശൈത്യത്തെ അതിജീവിച്ച് ജീവിക്കാൻ സാധിക്കുന്നത്. ചെറിയ താപനില മാറ്റങ്ങളോട് വളരെ വേഗത്തിൽ പ്രതികരിക്കാനുള്ള കഴിവ് ഇവക്കുണ്ട്. താപനില കുറയുമ്പോൾ, അതിനെ അതിജീവിക്കാൻ സഹായിക്കുന്ന ജൈവപ്രവർത്തനങ്ങൾ മിനിറ്റുകൾക്കുള്ളിൽ ആരംഭിക്കാൻ ഇവയുടെ ശരീരത്തിന് കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.