Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഉരുൾപൊട്ടലും കാലാവസ്ഥ...

ഉരുൾപൊട്ടലും കാലാവസ്ഥ വ്യതിയാനവും

text_fields
bookmark_border
Wayanad Landslide
cancel

ആഗോളതാപനത്തിന്റെ പരിണതിയായി കേരളത്തിലെ കാലാവസ്ഥയിലും അന്തരീക്ഷ സ്ഥിതിയിലും അതിതീവ്രമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ കാലാവസ്ഥ വ്യതിയാനങ്ങൾ കേരളത്തെ ഭൗതികമായും അഭൗതികമായും, മനുഷ്യനും മനുഷ്യേതര ജീവികളും പരിസ്ഥിതിയും സാമൂഹികമായും തികഞ്ഞ അനിശ്ചിതത്വങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഉഷ്ണതരംഗങ്ങൾ, ഇടിമിന്നൽ അപകടങ്ങൾ, തുടർച്ചയായുണ്ടാകുന്ന ലഘു മേഘവിസ്ഫോടനങ്ങളുടെ വിഭാഗത്തിൽ പെടുന്ന അതിതീവ്ര മഴയും അതിനെ തുടർന്നുള്ള വെള്ളപ്പൊക്കങ്ങൾ, ഉരുൾപൊട്ടലുകൾ എന്നിവയും പതിവായി മാറിയത് മലയോര മേഖലയിൽ ഭീഷണിയായി നിലനിൽക്കുന്നു.

ഏഴുവർഷം; 2239 ഉരുൾപൊട്ടലുകൾ

കാലാവസ്ഥ വ്യതിയാനം കേരളത്തിന്റെ ഭൂസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും ആശങ്കജനകമായ അസ്ഥിരതയിലേക്കാണ് എത്തിച്ചിരിക്കുന്നത്. വിനാശകരമായ പ്രകൃതിദുരന്തങ്ങളിൽ ഏറ്റവും അപകടകരമാണ് ഉരുൾപൊട്ടൽ. മണ്ണിടിച്ചിലിന്റെ ഫലമായി ഓരോ വർഷവും നിരവധി ആളുകൾക്ക് ജീവനും സ്വത്തും നഷ്ടപ്പെടുത്തുന്നതിനോടൊപ്പം കാർഷികമേഖലയിലെ ജീവനോപാധികൾക്ക് വലിയ നാശവും വിതച്ചാണ് ഉരുൾപൊട്ടലുകൾ കടന്നുപോകാറുള്ളത്.

ഒരുപക്ഷേ, പശ്ചിമഘട്ട മലനിരകളിൽ 1950നു ശേഷം രേഖപ്പെടുത്തിയിട്ടുള്ള ഉരുൾപൊട്ടലുകളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾക്കാണ് മുണ്ടക്കൈയും ചൂരൽമലയും സാക്ഷ്യം വഹിച്ചത്. ഇത്തരം അപകടങ്ങളുടെ തീവ്രത കുറക്കാൻ സഹായിക്കുന്ന സങ്കേതങ്ങൾ വികസിപ്പിക്കുന്നതിന് മണ്ണിടിച്ചിലിന് കാരണമാകുന്ന പ്രാദേശികമായ ഘടകങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.


വലിയ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം കേരളത്തിൽ കൂടിവരുന്നത് മിന്നൽച്ചുഴിയും windgust കാരണം കാർഷിക മേഖലയിൽ വലിയ നാശമാണുണ്ടാകുന്നത്. 2024ൽ വലിയ വരൾച്ചയും ഉഷ്‌ണതരംഗങ്ങളുംമൂലം ഏക്കർകണക്കിന് നെൽകൃഷിയും ഏലവുമെല്ലാം നശിച്ച സ്ഥലത്ത് പിന്നീടുണ്ടായ അതിതീവ്ര മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാരണമുള്ള നാഷനഷ്ടങ്ങളാണ് ഇപ്പോൾ അനുഭവിക്കുന്നത്.

കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഏറ്റവും മോശമായ പ്രത്യാഘാതങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയാത്ത ജനവിഭാഗങ്ങൾക്ക് വലിയ പ്രത്യാഘാതമുണ്ടാകും. ഉപജീവനത്തിനായി കടലും വനങ്ങളും കാർഷിക വൃത്തിയുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടു കഴിയുന്ന തദ്ദേശീയ ജനവിഭാഗങ്ങളായിരിക്കും ഇതിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരിക.

കേരളത്തിലെ കാലാവസ്ഥ അതിദ്രുതം വ്യതിയാനത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം പശ്ചിമഘട്ടത്തിന് താങ്ങാൻ സാധിക്കുന്നതല്ല. ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡേറ്റ പ്രകാരം 2015നും 2022നും ഇടയിൽ ഉണ്ടായിട്ടുള്ള 3782 ഉരുൾപൊട്ടലുകളിൽ 2239ഉം ഉണ്ടായിട്ടുള്ളത് കേരളത്തിലാണെന്ന് കാണുമ്പോൾ സമീപകാലത്ത് കാലാവസ്ഥയിൽ ഉണ്ടായ മാറ്റങ്ങൾ കാരണം കേരളം ഒരു ലാൻഡ് സ്ലൈഡ് ഹോട്ട്സ്പോട്ട് ആയിട്ട് മാറി. 2018ൽതന്നെ വയനാട് ജില്ലയിൽ 330നു മുകളിൽ ഉരുൾപൊട്ടലുകളുണ്ടായി. അനൗദ്യോഗിക കണക്കുകൾകൂടി പരിഗണിക്കുമ്പോൾ 2015നു ശേഷം കേരളത്തിലെ ചരിവ് കൂടിയ മലനിരകൾ ഉരുൾപൊട്ടൽ സാധ്യത കൂടിയ മേഖലകളായി മാറിയിട്ടുണ്ടെന്ന് മനസ്സിലാക്കാം.

ഇതെല്ലാം സൂചിപ്പിക്കുന്നത് 2015നു ശേഷം കാലാവസ്ഥ വ്യതിയാനത്തിന്റെ കയ്യൊപ്പോടുകൂടി കേരളത്തിലെ മഴയുടെ തീവ്രതയിൽ ഉണ്ടായ വർധന കേരളം ഉൾപ്പെടെയുള്ള പശ്ചിമഘട്ട മലനിരകളെ എത്രത്തോളം ദുർബലമാക്കിയിട്ടുണ്ടെന്ന യാഥാർഥ്യമാണ്. ആഘാതങ്ങൾ ലഘൂകരിക്കുന്നതിനു വേണ്ടി പുതിയ ശാസ്ത്ര സമീപനം ആവശ്യമാണ്. പ്രാദേശിക അടിസ്ഥാനത്തിലുള്ള കൂടുതൽ കൃത്യതയുള്ള പ്രവചന സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ട് ദുരന്തം മുൻകൂട്ടി കാണാനും ആവശ്യമായ പ്രവർത്തനങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഏകോപിപ്പിക്കാനും സാധിക്കും. അതിനാൽ, പ്രാദേശിക അടിസ്ഥാനത്തിലുള്ള മെച്ചപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ജനപങ്കാളിത്തത്തോടുകൂടി ദുരന്ത ലഘൂകരണം നടപ്പാക്കേണ്ടത് അടിയന്തര പ്രാധാന്യം അർഹിക്കുന്നു.

എന്തുകൊണ്ട്?

മലയുടെ അടിവാരത്തും ചരിവുകളിലും നടക്കുന്ന ഖനനം, റോഡ് നിർമാണം, അശാസ്ത്രീയവും പരിസ്ഥിതിക്ക് യോജിക്കാത്ത കൃഷിരീതികൾ, മറ്റു നിർമാണ പ്രവർത്തനങ്ങൾ എന്നിവ ഉരുൾപൊട്ടലുകൾക്ക് കാരണമാകാം. ജനവാസമില്ലാത്ത വനമേഖലകളിൽനിന്ന് ആരംഭിച്ച ഉരുൾപൊട്ടലുകൾക്ക് വന വിഘടന പ്രക്രിയയും കാരണമായിരുന്നിരിക്കാം. ഭൂമിശാസ്ത്രപരമായ പാരാമീറ്ററുകൾ ഉപയോഗിച്ചുള്ളതല്ല ഈ വിശകലനം എന്നതുകൊണ്ടുതന്നെ, കൃത്യമായ വിവരം ലഭിക്കണമെങ്കിൽ വിദഗ്ധ പഠനം ആവശ്യമാണ്. പ്രധാനമായും മണ്ണിനെയും അടിത്തട്ട് പാറയെയും പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന ഘടകങ്ങൾ ദുർബലമാകുമ്പോഴാണ് ചരിവ് അപചയ പ്രക്രിയക്ക് തുടക്കം കുറിക്കുന്നത്. ഇതിൽ മണ്ണും അടിത്തട്ട് പാറയും തമ്മിലുള്ള ഘർഷണത്തെ സ്വാധീനിക്കുന്ന മണ്ണിന്റെയും പാറകളുടെയും രാസ-ഭൗതിക ഘടന, ഭൂപ്രതലത്തിന്റെ ചരിവിന്റെ ക്രമീകരണവും അടിത്തട്ട് പാറയുടെ ക്രമീകരണവും തമ്മിലുള്ള കോൺ എന്നിവയും പ്രധാനപ്പെട്ടതാണ്. ഓരോ പ്രദേശത്തെയും മണ്ണിടിച്ചിലിനു കാരണമായ ഇതിലെ ഓരോ ഘടകത്തിന്റെയും ആപേക്ഷിക സ്വാധീനം എത്രത്തോളം ഉണ്ടായിരുന്നു എന്ന് വിശദമായ പഠനം നടത്തേണ്ടതാണ്.

ഭൂരിഭാഗം ഉരുൾപൊട്ടലുകളും നടന്നത് നീർച്ചാലുകളുടെ സമീപത്തായിരുന്നു എന്നതിൽനിന്ന് വ്യക്തമാകുന്നത് നീർച്ചാലുകൾ ഈ പ്രദേശത്തെ ഉരുൾപൊട്ടലുകളെ സ്വാധീനിക്കുന്ന ഒരു മുഖ്യ ഘടകമായി പരിഗണിക്കാമെന്നാണ്. നീർച്ചാലുകൾക്കു തടസ്സം വരുന്ന ഏതൊരു പ്രവൃത്തിയും ഉരുൾപൊട്ടൽ സാധ്യത വർധിപ്പിച്ചേക്കാം. ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങളിലോ അതിനു സമീപ പ്രദേശങ്ങളിലോ ലഭിച്ച മഴയുടെ കൃത്യമായ അളവുകൾ ഇല്ലാത്തതിനാൽ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്താലാണ് ഈ പ്രദേശത്തു പെയ്ത മഴയെപ്പറ്റി ഒരു ഏകദേശ രൂപം ലഭിച്ചത്. ആയതിനാൽ, ഭാവിയിൽ ഇത്തരം പ്രതിഭാസങ്ങളെ മുൻകൂട്ടി അറിയാനും മനസ്സിലാക്കാനും യഥാസമയം മുന്നറിയിപ്പുകൾ നൽകി ജീവനാശം കുറക്കാനും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ /മഴ മാപിനികൾ സ്ഥാപിക്കേണ്ടതാണ്. കാലാവസ്ഥ മുന്നറിയിപ്പുകൾ കൂടുതൽ പ്രാദേശികവും കൃത്യവും ആവേണ്ടതും, ജനോപകാരമായ രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കേണ്ടതും കാലഘട്ടത്തിന്റ അനിവാര്യതയാണ്.


സ്വാഭാവികമായ ജലനിർഗമന മാർഗങ്ങൾ സംരക്ഷിക്കുകയും, ആവശ്യമെങ്കിൽ അവ വിപുലപ്പെടുത്തുകയും ചെയ്യേണ്ടതാണ്. മലകളുടെ മുകൾഭാഗത്ത് തോടുകളുടെയും അരുവികളുടെയും സ്വാഭാവിക പാതക്ക് മാറ്റം വരുത്തുകയോ, അശാസ്ത്രീയമായി തടയണകൾ നിർമിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. കുന്നിൻചരിവുകളിൽ തട്ടുകളായി കൃഷിചെയ്യുന്ന ഇടങ്ങളിൽ മഴവെള്ളം തട്ടുകളിൽ തങ്ങി നിൽക്കാതെ താഴേക്ക് പെട്ടെന്നുതന്നെ ഒഴുകിപ്പോവുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതാണ്. കൃഷിയാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങളിലും യന്ത്രങ്ങളിലും നിയന്ത്രണങ്ങൾ വേണ്ടിവരും.

കൃഷി സ്വാഭാവിക പ്രകൃതിക്ക് യോജിച്ചതും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിന് ഉതകുന്നതും ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മൺതിട്ടകളെ പാറകളുടെ മുകളിൽ ഉറപ്പിച്ചു നിർത്തുന്നതിനും ഉരുൾപൊട്ടൽ ചെറുക്കുന്നതിനും സഹായകരമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. മഴ ദിനങ്ങളുടെ വിന്യാസവും, ഭൂപ്രകൃതിയുടെ പ്രത്യേകതകളും അടിസ്ഥാനപ്പെടുത്തി ഓരോ പ്രദേശത്തിനും താങ്ങാൻ സാധിക്കുന്ന മഴപ്പെയ്ത്തിന്റെ പരമാവധി തീവ്രത കണ്ടുപിടിക്കേണ്ടതും, മഴ പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടതുമാണ്. ദുരന്തങ്ങളെ നേരിടാൻ എല്ലാവർക്കും ബാധ്യതയുണ്ട് എന്നിടത്താണ് പങ്കാളിത്ത ദുരന്ത നിവാരണ നയം രൂപവത്കരിച്ചുകൊണ്ട് പുതിയ സമീപനം കേരളത്തിൽ ഉരുത്തിരിയേണ്ടതിന്റെ പ്രസക്തി.


(കുസാറ്റിലെ റഡാർ ഗവേഷണ കേന്ദ്രം ഡയറക്ടറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changeLandslideWayanad Landslide
News Summary - Landslides and climate change
Next Story