ലിറിയോതെമിസ് അബ്രഹാമി: മരപ്പൊത്തിൽ മുട്ടയിടുന്ന പുതിയ ഇനം തുമ്പി
text_fieldsആറളം വന്യജീവിസങ്കേതത്തിൽ കണ്ടെത്തിയ
പുതിയ ഇനം തുമ്പി ലിറിയോതെമിസ് അബ്രഹാമി
കോഴിക്കോട്: ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമ ഘട്ടത്തിൽനിന്ന് പുതിയ ഒരിനം തുമ്പിയെക്കൂടി കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിൽനിന്നാണ് മരപ്പൊത്തിൽ മുട്ടയിടുന്ന ലിറിയോതെമിസ് അബ്രഹാമി (Lyriothemis abrahami) എന്നു പേരിട്ടിരിക്കുന്ന ഇനത്തെ ഗവേഷകർ തിരിച്ചറിഞ്ഞത്.
ഈ ഇനം മുമ്പ് രൂപസാമ്യതകളാൽ ലിറിയോതെമിസ് ഫ്ലാവ (Lyriothemis flava) ആയി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. സാധാരണയായി തുമ്പികൾ ജലാശയങ്ങളിലും വയലുകളിലും തോടുകളിലും അരുവികളിലുമൊക്കെ മുട്ടയിടുമ്പോൾ ഇന്ത്യയിൽ ലിറിയോതെമിസ് ഇനം മാത്രമാണ് മരപ്പൊത്തിൽ മുട്ടയിടുന്നത്.
ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടി.എൻ.എച്ച്.എസ്), സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ഇസെഡ്.എസ്.ഐ), കേരള കാർഷിക സർവകലാശാല, അൽഫോൻസ കോളജ് പാല എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ ഫീൽഡ് സർവേകളുടെയും ലാർവകളുടെ വളർത്തൽ തുടങ്ങിയ പഠനത്തിനുശേഷവുമാണ് ഈ ഇനത്തെ തിരിച്ചറിഞ്ഞത്. കേരളത്തിലെ തുമ്പി പഠനങ്ങളിൽ പ്രമുഖനായ ഡോ. എബ്രഹാം സാമുവലിനോടുള്ള ആദരസൂചകമായാണ് ലിറിയോതെമിസ് അബ്രഹാമി എന്ന് പേരു നൽകിയത്.
മധ്യ, തെക്കൻ പശ്ചിമഘട്ട പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ഇവയെ കേരളത്തിൽ കല്ലാർ, പൊന്മുടി, നെയ്യാർ, ചെന്തുരുണി, പൂയംകുട്ടി, ഇടമലയാർ, സൈലന്റ് വാലി, നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലും കർണാടകത്തിൽ കൂർഗിലും നിരീക്ഷിച്ചിട്ടുണ്ട്.
ഡോ. കലേഷ് സദാശിവൻ, ജെബിൻ ജോസ്, ടോംസ് അഗസ്റ്റിൻ, കെ. ബൈജു (ടി.എൻ.എച്ച്.എസ്), ഡോ. ജാഫർ പാലോട്ട് (ഇസെഡ്.എസ്.ഐ), ഡോ. ഷാനാസ് സുധീർ (കാർഷിക സർവകലാശാല, വെള്ളായണി), വിനയൻ പി. നായർ, ഡോ. മായ ജോർജ് (അൽഫോൻസ കോളജ്, പാല) എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.