ആഗോളതലത്തിൽ തിരിച്ചുവരവിന്റെ പാതയിൽ കണ്ടൽക്കാടുകൾ
text_fieldsപതിറ്റാണ്ടുകളായി നാശം നേരിട്ടിരുന്ന കണ്ടൽക്കാടുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും തഴച്ചുവളരുന്നതായി നാസയുടെ പഠനം. 2010നുശേഷം ആഗോളതലത്തിൽ ഏകദേശം 2,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ വ്യാപിച്ചതായാണ് കണ്ടെത്തൽ. ഏഷ്യ, ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ തിരിച്ചുവരവ് രേഖപ്പെടുത്തിയത്.
1984 മുതൽ 2023 വരെയുള്ള ലാൻഡ്‌സാറ്റ് ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. 1984 മുതൽ 2010 വരെയുള്ള കാലയളവിൽ ലോകത്താകെ ഏകദേശം 3,000 ചതുരശ്ര കിലോമീറ്റർ കണ്ടൽക്കാടുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ 2010നുശേഷം ഈ പ്രവണതക്ക് മാറ്റമുണ്ടായി. ഏകദേശം 2,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് പുതിയതായി കണ്ടൽക്കാടുകൾ വ്യാപിക്കുകയും നശിച്ച വനങ്ങൾ വീണ്ടും വളരുകയും ചെയ്തു.
2010നെ അപേക്ഷിച്ച് നിലവിലുള്ള പല കണ്ടൽക്കാടുകളിലെയും മരങ്ങളുടെ മേലാപ്പ് കൂടുതൽ സാന്ദ്രമായതായും പഠനം വ്യക്തമാക്കുന്നു. വനങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ടതിന്റെ സൂചനയായാണ് ഗവേഷകർ ഇതിനെ കാണുന്നത്. പുതിയ പ്രദേശങ്ങളിലേക്ക് കണ്ടൽച്ചെടികൾ വ്യാപിച്ചതിലൂടെയാണ് ഈ വളർച്ചയുടെ മൂന്നിൽ രണ്ടുഭാഗവും ഉണ്ടായത്. ശേഷിക്കുന്ന ഭാഗം നശിച്ച വനങ്ങളുടെ പുനഃസ്ഥാപനത്തിലൂടെയും സ്വാഭാവിക പുനർവളർച്ചയിലൂടെയുമാണ്.
തെക്കുകിഴക്കൻ ഏഷ്യയിലെ മ്യാൻമറിലാണ് കണ്ടൽക്കാടുകളുടെ തിരിച്ചുവരവിന് ശ്രദ്ധേയമായ ഉദാഹരണമുള്ളത്. 1980കളിലും 1990കളിലും കൃഷി, മത്സ്യ-ചെമ്മീൻ വളർത്തൽ, വിറകിനായുള്ള മരംമുറിക്കൽ എന്നിവ കാരണം രാജ്യത്തെ കണ്ടൽക്കാടുകൾ വലിയ തോതിൽ നശിച്ചിരുന്നു. 2004ലെ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമിക്കുശേഷം സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമായതും വനസംരക്ഷണ നിയമങ്ങൾ കർശനമാക്കിയതും തിരിച്ചുവരവിന് സഹായകമായി.
1980കൾ മുതൽ 2010 വരെ മ്യാൻമറിലെ കണ്ടൽക്കാടുകളുടെ 28.6 ശതമാനവും നഷ്ടമായിരുന്നു. എന്നാൽ 2010നുശേഷം ഇവയുടെ വിസ്തൃതി ഏകദേശം 10 ശതമാനം വർധിച്ചു. ഉപേക്ഷിക്കപ്പെട്ട നെൽവയലുകളിലേക്കും പുതിയ ചെളിത്തിട്ടകളിലേക്കും കണ്ടൽച്ചെടികൾ വ്യാപിച്ചതും ഈ വളർച്ചക്ക് കാരണമായി.
പാരിസ്ഥിതിക പ്രാധാന്യത്തിൽ കണ്ടൽക്കാടുകൾക്ക് വലിയ സ്ഥാനമുണ്ട്. ശരാശരി 13 മീറ്റർ ഉയരമുള്ള ഇവക്ക്, ഉയരമുള്ള ഉൾനാടൻ ഉഷ്ണമേഖലാ വനങ്ങളെ അപേക്ഷിച്ച് നാലിരട്ടി വരെ കാർബൺ സംഭരിക്കാൻ കഴിയും. തീരദേശങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിനും കൊടുങ്കാറ്റുകളുടെയും ശക്തമായ തിരമാലകളുടെയും ആഘാതം കുറക്കുന്നതിനും ഇവ സഹായിക്കുന്നു. മത്സ്യങ്ങൾ, ചെമ്മീൻ, ഞണ്ട് തുടങ്ങിയ സമുദ്രജീവികൾക്ക് പ്രജനനത്തിനും വളർച്ചക്കും അനുയോജ്യമായ ആവാസവ്യവസ്ഥയും കണ്ടൽക്കാടുകൾ ഒരുക്കുന്നു.
അതേസമയം, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കണ്ടൽക്കാടുകളുടെ വളർച്ചയല്ല രേഖപ്പെടുത്തിയിരിക്കുന്നത്. നൈജർ ഡെൽറ്റയിലെ വനനശീകരണം പശ്ചിമ-മധ്യ ആഫ്രിക്കയിലെ കണ്ടൽക്കാടുകളുടെ വിസ്തൃതി കുറയാൻ കാരണമായി. വടക്കേ അമേരിക്കയിലും തെക്കൻ ആഫ്രിക്കയിലും ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ വ്യാപകമായ നാശമുണ്ടാക്കിയതും തിരിച്ചടിയായി.
കണ്ടൽക്കാടുകളുടെ ആഗോള തിരിച്ചുവരവ് സംരക്ഷണ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കാനുള്ള കാരണമാകരുതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. വനനശീകരണം തടയുന്നതിനൊപ്പം പുനഃസ്ഥാപന പ്രവർത്തനങ്ങൾ ശക്തമാക്കുകയും സ്വാഭാവിക പുനർവളർച്ചക്ക് അവസരമൊരുക്കുകയും ചെയ്താൽ തീരദേശ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

