മഹാരാഷ്ട്രയിൽ കനത്ത മഴയിൽ ആറ് മരണം, നൂറുകണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു; അടുത്ത 48 മണിക്കൂർ നിർണായകമെന്ന് മുഖ്യമന്ത്രി
text_fieldsമുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത 48 മണിക്കൂർ നിർണായകമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ സംസ്ഥാനത്ത് കുറഞ്ഞത് ആറ് പേർ മരിച്ചു. നൂറിലധികം പേരെ രക്ഷപ്പെടുത്തി. മുംബൈ, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് തുടങ്ങിയ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബൈ നഗരവും പ്രാന്തപ്രദേശങ്ങളുമടക്കം ദുരിതം അമുഭവിക്കുകയാണ്. നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.
മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 253 വിമാനങ്ങൾ വൈകി. ആറ് ഇൻഡിഗോ, ഒരു സ്പൈസ് ജെറ്റ്, ഒരു എയർ ഇന്ത്യ എന്നിവയുൾപ്പെടെ കുറഞ്ഞത് എട്ട് വിമാനങ്ങളെങ്കിലും സൂററ്റ്, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.
മഴയും മോശം കാലാവസ്ഥയും കാരണം സെൻട്രൽ റെയിൽവേ ലൈനിലെ ട്രെയിൻ സർവീസുകൾ 20 മുതൽ 30 മിനിറ്റിലധികം വൈകി. ചില ഭാഗങ്ങളിൽ ട്രാക്കുകളിൽ നേരിയ വെള്ളക്കെട്ട് ഉണ്ടായത് ട്രെയിൻ ഗതാഗതം വൈകാൻ കാരണമായി.
തുടർച്ചയായ മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വ്യാപകമായ വെള്ളക്കെട്ടിനും കാരണമായി. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, സൈന്യം എന്നിവരടങ്ങിയ വിഭാഗം രക്ഷാപ്രവർത്തനം തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.