ആണവ അവശിഷ്ട സംസ്കരണത്തിൽ വിപ്ലവം: ഒങ്കാലോ ഭൂഗർഭ സംഭരണകേന്ദ്രം പ്രവർത്തനസജ്ജമാകുന്നു
text_fieldsഹെൽസിങ്കി: ആണവ മാലിന്യങ്ങളുടെ ദീർഘകാല സുരക്ഷ വലിയ വെല്ലുവിളിയായി തുടരുന്നതിനിടെ, ഉപയോഗിച്ച ആണവ ഇന്ധനം ഭൂമിക്കടിയിൽ സംസ്കരിക്കുന്നതിന് ലോകത്തിലെ ആദ്യത്തെ ഭൂഗർഭ സംഭരണകേന്ദ്രം ഒരുങ്ങുകയാണ് ഫിൻലൻഡിൽ. ഓൾകിലുവോട്ടോ ദ്വീപിലെ ഭൂനിരപ്പിൽനിന്ന് 400 മീറ്ററിലേറെ താഴ്ചയുളള പാറക്കെട്ടുകളിലാണ് 'ഒങ്കാലോ' (ONKALO) എന്ന ഭൂഗർഭ സംഭരണകേന്ദ്രം ഒരുങ്ങുന്നത്.
ആണവോർജ്ജ ഉൽപ്പാദനത്തിന് ശേഷം പുറന്തള്ളുന്ന അത്യന്തം അപകടകരമായ റേഡിയോ ആക്ടീവ് അവശിഷ്ടങ്ങൾ പ്രകൃതിക്കും മനുഷ്യനും ദോഷം വരാത്ത രീതിയിൽ ഒരു ലക്ഷം വർഷത്തോളം ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. അനേകം കോടി വർഷം പഴക്കമുള്ള ഭൂഗർഭ പാറകൾ തുരന്നാണ് ഭൂഗർഭ സംഭരണകേന്ദ്രത്തിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
അഞ്ച് സുരക്ഷാ പാളികൾ
ഫിൻലൻഡിലെ ആണവനിലയങ്ങളിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഉപയോഗിച്ച ആണവ ഇന്ധനമാണ് ഇവിടെ സംസ്കരിക്കുക. അന്തിമ സംസ്കരണത്തിന് മുമ്പ് ഇന്ധനം ഇടക്കാല സംഭരണകേന്ദ്രങ്ങളിൽ സൂക്ഷിച്ച് തണുപ്പിക്കും. പിന്നീട് പ്രത്യേക ലോഹ ക്യാപ്സ്യൂളുകളിൽ അടച്ചശേഷം ഭൂമിക്കടിയിലെ പാറകളിൽ നിർമിക്കുന്ന പ്രത്യേക കുഴികളിൽ സ്ഥാപിക്കുമെന്നാണ് ഇതിന് നേതൃത്വം നൽകുന്ന ഫിൻലൻഡ് കമ്പനിയായ പൊസിവ (Posiva) പറയുന്നത്.
ആണവമാലിന്യം ദീർഘകാലത്തേക്ക് സുരക്ഷിതമായി വേർതിരിച്ചുനിർത്താൻ ഒന്നിലധികം സുരക്ഷാ സംവിധാനങ്ങളാണ് പദ്ധതിയിലുള്ളത്. ലോഹ കാനിസ്റ്ററുകൾ, ബെന്റോണൈറ്റ് കളിമണ്ണ്, തുരങ്കത്തിലെ ബാക്ക്ഫിൽ, ചുറ്റുമുള്ള പാറക്കെട്ടുകൾ എന്നിവ ചേർന്നതാണ് പ്രധാന സുരക്ഷാ സംവിധാനം.
കട്ടിയുള്ള കാസ്റ്റ് അയൺ ബോക്സുകളിലാക്കി, അതിനു പുറമെ കോപ്പർ (ചെമ്പ്) കാപ്സ്യൂളുകളിൽ ഇവ മുദ്രവെക്കുന്നു. തുടർന്ന് ഇവയെ 'ബെന്റോണൈറ്റ് കളിമണ്ണ് കൊണ്ട് പൊതിയുന്നു. ഈ കളിമണ്ണ് ഈർപ്പം തട്ടുമ്പോൾ വീർക്കുകയും ഭൂഗർഭജലം കാപ്സ്യൂളിലേക്ക് എത്തുന്നതും റേഡിയേഷൻ പുറത്തുപോകുന്നത് തടയുകയും ചെയ്യും.
ഒങ്കാലോ പദ്ധതിയുടെ നിർണായക ഘട്ടമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇതിനകം നിർമിച്ച അന്തിമ സംസ്കരണ തുരങ്കത്തിന്റെ തറയിലാണ് ആദ്യ കുഴി നിർമിക്കുന്നത്. കുഴിക്ക് 8.4 മീറ്റർ ആഴവും 1.75 മീറ്റർ വ്യാസവും ഉണ്ടായിരിക്കും. ലംബമായ മധ്യരേഖയിൽനിന്നുള്ള വ്യതിയാനം മുഴുവൻ നീളത്തിലും 25 മില്ലിമീറ്ററിൽ കൂടാനും പാടില്ല. ഇതിനായി ഉപയോഗിക്കുന്ന ഡ്രില്ലിങ് യന്ത്രത്തിന് 78 ടൺ ഭാരമുണ്ട്.
നിലവിൽ നിർമിക്കുന്ന ആദ്യ തുരങ്കത്തിനാവട്ടെ, ഏകദേശം 330 മീറ്റർ നീളമുണ്ട്. ഇവിടെ ഏകദേശം 30 സംസ്കരണ കുഴികൾ നിർമിക്കാനാണ് പദ്ധതി. മുഴുവൻ സംഭരണകേന്ദ്രവും ഒരേസമയം നിർമിക്കാതെ, ആണവമാലിന്യ സംസ്കരണം പുരോഗമിക്കുന്നതിനനുസരിച്ച് പുതിയ തുരങ്കങ്ങളും കുഴികളും ഘട്ടംഘട്ടമായി നിർമിക്കും.
നൂറുകണക്കിന് വർഷമല്ല, ലക്ഷക്കണക്കിന് വർഷങ്ങളുടെ സുരക്ഷ
ആണവമാലിന്യ സംസ്കരണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ ദീർഘകാല റേഡിയോ ആക്ടിവിറ്റിയാണ്. ഉപയോഗിച്ച ആണവ ഇന്ധനത്തിലെ വിവിധ റേഡിയോ ആക്ടീവ് വസ്തുക്കൾ വ്യത്യസ്ത വേഗത്തിലാണ് ക്ഷയിക്കുന്നത്. ചില വികിരണങ്ങൾ നൂറ് വർഷങ്ങൾക്കുള്ളിൽ കുറയുമെങ്കിലും ആണവ ഇന്ധനം പ്രകൃതിദത്ത യുറേനിയം നിക്ഷേപങ്ങളുടെ നിലയിലെത്താൻ ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടിവരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
അതുകൊണ്ടുതന്നെ ഒങ്കാലോയുടെ സുരക്ഷാ സംവിധാനം ദൈർഘ്യമേറിയ കാലയളവ് പരിഗണിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭൂഗർഭജലത്തിന്റെ ചലനം, ക്യാപ്സ്യൂളുകളുടെ തുരുമ്പിക്കൽ, പാറക്കെട്ടുകളിലെ മാറ്റങ്ങൾ, ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവ ദീർഘകാല സുരക്ഷാ പഠനത്തിൽ ഉൾപ്പെടുന്നു.
നിലവിൽ ഒങ്കാലോ നിർമാണ-പ്രവർത്തനസജ്ജമാക്കൽ ഘട്ടത്തിലാണ്. ആണവ മാലിന്യം പൂർണമായി നിക്ഷേപിച്ച ശേഷം തുരങ്കങ്ങൾ അടച്ച് മനുഷ്യരുടെ ഇടപെടൽ ആവശ്യമില്ലാത്ത രീതിയിൽ സംഭരണകേന്ദ്രം സ്ഥിരമായി മുദ്രവക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

