കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നു; കാർബൺ ആഗിരണം ചെയ്യാനുള്ള സമുദ്രത്തിന്റെ ശേഷി കുറയുന്നതായി യു.എൻ മുന്നറിയിപ്പ്
text_fieldsകാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതിനനുസരിച്ച് അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്ത് സംഭരിക്കാനുള്ള സമുദ്രത്തിന്റെ ശേഷി കുറയുന്നതായി യു.എൻ മുന്നറിയിപ്പ്. സമുദ്രത്തിലെ താപനില ഉയരുന്നതും രാസഘടന, സമുദ്രചംക്രമണം, ആവാസവ്യവസ്ഥ എന്നിവയിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് കാർബൺ ആഗിരണശേഷിയെ ദുർബലപ്പെടുത്തുന്നത്. ഇതോടെ കൂടുതൽ കാർബൺ ഡൈഓക്സൈഡ് അന്തരീക്ഷത്തിൽ തുടരാൻ സാധ്യതയുണ്ട്.
യുഎന്നിന്റെ പരിസ്ഥിതി ഏജൻസിയായ യു.എൻ.ഇ.പിയും യു.എൻ കാലാവസ്ഥാ സെക്രട്ടേറിയറ്റായ യു.എൻ.എഫ്.സി.സി.സിയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഏറെക്കാലമായി സമുദ്രം മനുഷ്യരാശിക്ക് വലിയ കാലാവസ്ഥാ സേവനമാണ് നൽകുന്നതെന്നും എന്നാൽ ആ ശേഷി ഇപ്പോൾ വർധിച്ചുവരുന്ന സമ്മർദത്തിലാണെന്നും റിപ്പോർട്ടിന്റെ പ്രധാന രചയിതാവ് സാറ ട്രെയറപ്പ് പറഞ്ഞു.
വരും വർഷങ്ങളിൽ സമുദ്രത്തിന്റെ കാർബൺ ആഗിരണശേഷി ദുർബലമാകുന്ന പ്രക്രിയ കൂടുതൽ വേഗത്തിലാകാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. സമുദ്രത്തിലെ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിന് ആവശ്യമായ വിവരങ്ങളുടെ അഭാവമാണ് പ്രധാന വെല്ലുവിളി.
പ്രത്യേകിച്ച് തെക്കൻ സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ആർട്ടിക് മേഖല, വിവിധ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സമുദ്ര നിരീക്ഷണ വിവരങ്ങൾ പരിമിതമാണ്. അതിനാൽ ശാസ്ത്രം, സാങ്കേതികവിദ്യ, ഡാറ്റ, പ്രാദേശിക അറിവ് എന്നിവ സംയോജിപ്പിച്ച് സമുദ്രത്തിലെ കാർബൺ സംവിധാനങ്ങളെ നിരീക്ഷിക്കുന്ന ശക്തമായ സംവിധാനം വേണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.
സമുദ്ര നിരീക്ഷണം, ബ്ലൂ കാർബൺ ആവാസവ്യവസ്ഥകൾ, സമുദ്രത്തിൽനിന്ന് കാർബൺ ഡൈഓക്സൈഡ് നീക്കം ചെയ്യുന്ന സാങ്കേതികവിദ്യകൾ എന്നിവയാണ് റിപ്പോർട്ട് പ്രധാനമായി പരിഗണിക്കുന്നത്. സെൻസറുകൾ, നിരീക്ഷണ സംവിധാനങ്ങൾ, ഡാറ്റാ സംവിധാനങ്ങൾ, മോഡലിങ് തുടങ്ങിയവ ഉൾപ്പെടുന്ന സമുദ്ര നിരീക്ഷണമാണ് നിലവിൽ ഏറ്റവും വികസിതവും അടിയന്തരമായി ആവശ്യമായതുമായ മേഖല.
മാൻഗ്രൂവ് വനങ്ങൾ, കടൽപ്പുല്ലുകൾ, ഉപ്പുനിലങ്ങൾ തുടങ്ങിയ ബ്ലൂ കാർബൺ ആവാസവ്യവസ്ഥകൾ പ്രതിവർഷം ഏകദേശം 40.7 കോടി ടൺ കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്ത് സംഭരിക്കുന്നുണ്ട്. ഇവ പുനഃസ്ഥാപിക്കുന്നതിലൂടെ കാർബൺ സംഭരണം വർധിപ്പിക്കാനാകുന്നതിനൊപ്പം തീരസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉപജീവനമാർഗങ്ങളുടെ സുരക്ഷ എന്നിവയും ഉറപ്പാക്കാനാകും.
അതേസമയം, സമുദ്രത്തിൽനിന്ന് കാർബൺ ഡൈഓക്സൈഡ് നീക്കം ചെയ്ത് ദീർഘകാലത്തേക്ക് സംഭരിക്കുന്ന സാങ്കേതികവിദ്യകൾ ഇപ്പോഴും പരീക്ഷണ-ഗവേഷണ ഘട്ടത്തിലാണ്. ഇവയിൽ സാധ്യതയുണ്ടെങ്കിലും കൂടുതൽ ഗവേഷണവും നിരീക്ഷണവും നിയന്ത്രണങ്ങളും ആവശ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സമുദ്രാധിഷ്ഠിത സാങ്കേതികവിദ്യകളെ കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള എളുപ്പവഴിയായി കാണരുതെന്നും അവ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറക്കുന്നതിനും പ്രകൃതിദത്ത ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനും പകരമാകരുതെന്നും ട്രെയറപ്പ് വ്യക്തമാക്കി.
ആഗോള പുറന്തള്ളലിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ചെറുദ്വീപ് വികസ്വര രാജ്യങ്ങളുടെ സംഭാവന. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെയും സമുദ്രനിരപ്പ് ഉയരുന്നതിന്റെയും ആഘാതം ഏറ്റവും കൂടുതൽ നേരിടുന്നത് ഇവരാണ്. അതിനാൽ ഈ രാജ്യങ്ങൾക്ക് കൂടുതൽ ധനസഹായവും സാങ്കേതികവിദ്യാ കൈമാറ്റവും ശേഷിവികസന സഹായവും നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
സീഷെൽസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമുദ്രസംരക്ഷണത്തിൽ ഇതിനകം മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഫിജി, പാപുവ ന്യൂ ഗിനിയ, സോളമൻ ദ്വീപുകൾ, വാനുവാതു എന്നിവിടങ്ങളിൽ കടൽപ്പുല്ല് മേഖലകളും മാൻഗ്രൂവ് വനങ്ങളും മാപ്പ് ചെയ്ത് അവ സംഭരിക്കുന്ന കാർബണിന്റെ അളവ് കണക്കാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു. പ്രാദേശിക സമൂഹങ്ങളുടെയും തദ്ദേശീയ ജനവിഭാഗങ്ങളുടെയും അറിവ് കൂടി ഇത്തരം പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

