Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് പതിറ്റാണ്ടിനിടെ കേരളത്തിലെ നെൽവയലുകൾ 80 ശതമാനം കുറഞ്ഞു; നെല്ലുത്പാദനത്തിലും വൻ ഇടിവ്

text_fields
bookmark_border
നെൽകൃഷിയിൽനിന്ന് കർഷകർ പിന്മാറുന്നു
അഞ്ച് പതിറ്റാണ്ടിനിടെ കേരളത്തിലെ നെൽവയലുകൾ 80 ശതമാനം കുറഞ്ഞു; നെല്ലുത്പാദനത്തിലും വൻ ഇടിവ്
cancel

തിരുവനന്തപുരം: കേരളത്തിലെ നെൽവയലുകളുടെ വിസ്തൃതിയിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ 80 ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകൾ. 1975-76ൽ 8.76 ലക്ഷം ഹെക്ടറായിരുന്ന നെൽകൃഷിയുടെ വിസ്തൃതി 2024-25ൽ 1.77 ലക്ഷം ഹെക്ടറായി കുറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ 'അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് 2024-25' റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

അഞ്ച് പതിറ്റാണ്ടിനിടെ പാലക്കാട്, ഇടുക്കി ജില്ലകളുടെ ആകെ വിസ്തൃതിയോളം ഉണ്ടായിരുന്ന നെൽവയലുകൾ ഇന്ന് കാസർകോട് ജില്ലയുടെ വിസ്തൃതിയേക്കാൾ താഴെയായി ചുരുങ്ങി. നെൽകൃഷിയിൽനിന്ന് കർഷകർ പിന്മാറുന്നതിന് പ്രധാന കാരണം കുറഞ്ഞ വരുമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എല്ലാ ചെലവുകളും കിഴിച്ചശേഷം ഒരു ഹെക്ടർ വിരിപ്പുനെൽകൃഷിയിൽനിന്ന് കർഷകന് ലഭിക്കുന്ന വരുമാനം 12,500 രൂപ മാത്രമാണ്. അതേസമയം, തെങ്ങുകൃഷിയിൽനിന്ന് 78,000 രൂപയും മരച്ചീനിയിൽനിന്ന് മൂന്ന് ലക്ഷം രൂപയും വാഴക്കൃഷിയിൽനിന്ന് 3.60 ലക്ഷം രൂപയും ലഭിക്കുന്നു. മറ്റ് വിളകളെ അപേക്ഷിച്ച് നെൽകൃഷിയിൽനിന്നുള്ള വരുമാനം വളരെ കുറവായതാണ് കർഷകരെ ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നത്.

സംസ്ഥാനത്തെ മൊത്തം കൃഷിവിസ്തൃതിയിലും അഞ്ച് പതിറ്റാണ്ടിനിടെ 15.6 ശതമാനത്തിന്റെ കുറവുണ്ടായി. 1975-76ൽ 29.81 ലക്ഷം ഹെക്ടറായിരുന്ന കൃഷിഭൂമി 2024-25ൽ 25.15 ലക്ഷം ഹെക്ടറായി കുറഞ്ഞു. മൊത്തം കൃഷിഭൂമിയിൽ നെൽകൃഷിയുടെ വിഹിതം 29.4 ശതമാനത്തിൽനിന്ന് ഏഴ് ശതമാനമായും താഴ്ന്നു.

നെൽകൃഷിയുടെ വിസ്തൃതി കുറഞ്ഞെങ്കിലും സമീപകാലത്ത് ഉൽപാദനക്ഷമത നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടർ പ്രൊഫ. സി. വീരമണി പറഞ്ഞു. കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നതിന്റെ പ്രധാന കാരണം ന്യായമായ വില ലഭിക്കാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെൽവയലുകളുടെ ശോഷണം കേരളത്തെ സംബന്ധിച്ചിടത്തോളം ഭക്ഷ്യസുരക്ഷയേക്കാൾ ഉപരിയായി പാരിസ്ഥിതിക പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂഗർഭജലസ്രോതസ്സുകൾ പുനർനിറക്കുന്നതിനും വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും നെൽവയലുകൾ നിർണായക പങ്കുവഹിക്കുന്നു. കൃഷിയിറക്കാതെ ഉപേക്ഷിച്ച ഭൂമിയുടെ വലിയൊരു ഭാഗം നികത്തി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ നെല്ലുത്പാദനത്തിൽ 60.2 ശതമാനത്തിന്റെ കുറവുണ്ടായി. 1975-76ൽ 13.31 ലക്ഷം ടണ്ണായിരുന്ന ഉൽപാദനം 2024-25ൽ 5.30 ലക്ഷം ടണ്ണായി കുറഞ്ഞു. എന്നാൽ, ഹെക്ടറിലെ വിളവ് ഏകദേശം ഇരട്ടിയായതിനാൽ ഉൽപാദനത്തിലെ ഇടിവ് താരതമ്യേന കുറഞ്ഞു.

നാളികേര ഉൽപാദനത്തിലും മുൻവർഷത്തെ അപേക്ഷിച്ച് 6.77 ശതമാനത്തിന്റെ കുറവുണ്ടായി. 2024-25ൽ 5,149 ദശലക്ഷം തേങ്ങയാണ് ഉൽപാദിപ്പിച്ചത്. വാഴപ്പഴം, അടയ്ക്ക എന്നിവയുടെ ഉൽപാദനം യഥാക്രമം 17.51, 17.49 ശതമാനം കുറഞ്ഞു. മരച്ചീനിയുടെ ഉൽപാദനത്തിൽ 11.03 ശതമാനത്തിന്റെ ഇടിവുമുണ്ടായി.

അതേസമയം, ചക്കയുടെയും റബറിന്റെയും ഉൽപാദനത്തിൽ വർധനവുണ്ടായി. ചക്ക ഉൽപാദനം ഏകദേശം 16 ശതമാനം വർധിച്ച് 293 ദശലക്ഷമായി. ചക്ക ഉൽപാദനത്തിൽ ഇടുക്കിയാണ് മുന്നിൽ. റബർ ഉൽപാദനം 16.7 ശതമാനം ഉയർന്ന് 6.22 ലക്ഷം ടണ്ണിലെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala’s paddy fields shrink by 80% in five decades; sharp drop in rice production
Next Story