പ്ലാസ്റ്റിക് സ്ട്രോകളേക്കാൾ പരിസ്ഥിതി ആഘാതം കൂടുതൽ പേപ്പർ സ്ട്രോകൾക്ക്? പുതിയ പഠനം പറയുന്നത്
text_fieldsപരിസ്ഥിതി സൗഹൃദ ബദലായി ഉപയോഗിക്കുന്ന പേപ്പർ സ്ട്രോകൾ പ്ലാസ്റ്റിക്കിനെക്കാൾ പരിസ്ഥിതിക്ക് കൂടുതൽ ആഘാതമുണ്ടാകാൻ സാധ്യതയെന്ന് പുതിയ പഠനം. ദക്ഷിണ കൊറിയൻ സർക്കാരിന്റെ കാലാവസ്ഥാ-ഉർജ്ജ-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ സമഗ്രമായ ശാസ്ത്രീയ പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.
സാധാരണ പ്ലാസ്റ്റിക് സ്ട്രോകളെ അപേക്ഷിച്ച് പേപ്പർ സ്ട്രോകളുടെ നിർമാണം മുതൽ ഉപയോഗശേഷമുള്ള സംസ്കരണം വരെയുള്ള ഘട്ടങ്ങളിലെ കാൻസർ സാധ്യതയുമായി ബന്ധപ്പെട്ട ആഘാതത്തിന്റെ കണക്ക് 6.33 മടങ്ങ് കൂടുതലാണെന്നാണ് പഠനം. ഇവയുടെ നിർമാണത്തിനുപയോഗിക്കുന്ന രാസവസ്തുക്കളും സംസ്കരണഘട്ടങ്ങളിലെ പുറന്തള്ളലുമാണ് ഈ ആഘാതത്തിന് കാരണമായേക്കാവുന്ന ഘടകങ്ങൾ. എന്നാൽ, ഇതിലൂടെ പേപ്പർ സ്ട്രോ ഉപയോഗിക്കുന്ന വ്യക്തിക്ക് നേരിട്ട് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് അർഥമില്ല. പരിസ്ഥിതിയിലെ അമ്ലീകരണവുമായി ബന്ധപ്പെട്ട ആഘാതത്തിലും പേപ്പർ സ്ട്രോകളുടെ സ്കോർ പ്ലാസ്റ്റിക് സ്ട്രോകളുടേതിന്റെ 2.04 മടങ്ങാണ്. ഇത്തരം ആഘാതങ്ങൾ മണ്ണിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തെയും വനങ്ങളിലെയും ജലാശയങ്ങളിലെയും ആവാസവ്യവസ്ഥകളെയും ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പ്ലാസ്റ്റിക്കിന് ബദലായി വിപണിയിലുള്ള ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് സ്ട്രോകളും ഭീഷണിയാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. പേപ്പർ സ്ട്രോകളിൽ ചേർക്കുന്ന കോട്ടിംഗുകളും പശകളും കാരണം ഇവയും പ്ലാസ്റ്റിക് പോലെ തന്നെ എളുപ്പത്തിൽ റീസൈക്കിൾ ചെയ്യാൻ കഴിയില്ല.
ഇവക്ക് കാൻസർ മലിനീകരണ തോത് 3.34 മടങ്ങ് കൂടുതലും അസിഡിഫിക്കേഷൻ 1.98 മടങ്ങുമാണ്. ആകെ പരിശോധിച്ച 16 വിഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം, വിഷാംശം, അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങൾ എന്നിവയുൾപ്പെടെയുള്ളവയിൽ സാധാരണ പ്ലാസ്റ്റിക് സ്ട്രോകളാണ് കുറഞ്ഞ ആഘാതം രേഖപ്പെടുത്തിയത്.

