സെയ്ഷെൽസിലെ 194 വയസ്സുകാരൻ 'ജൊനാഥനെ' കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
text_fieldsസെയ്ഷെൽസ്: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന ഔദ്യോഗിക സെയ്ഷെൽസ് സന്ദർശനം. സന്ദർശനത്തിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കര ജീവിയായ 'ജൊനാഥൻ' എന്ന ഭീമൻ ആമയെ പ്രധാനമന്ത്രി സന്ദർശിക്കുമെന്ന വാർത്ത ആഗോള മാധ്യമങ്ങളിൽ ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. വിക്ടോറിയയിലുള്ള സെയ്ഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൊനാഥനെ കാണാൻ എത്തുന്നത്.
ഏകദേശം 194 വയസ്സ് പ്രായമുള്ള ഈ അൽദാബ്ര ഭീമൻ ആമ (Aldabra Giant Tortoise), ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഭൂമിയിൽ നിലവിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും പ്രായം കൂടിയ ചലിക്കുന്ന ജീവിയാണ്. 1832-ലാണ് ഭീമൻ ആമയുടെ ജനനം. അതായത് ഇന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുന്നതിനും ഏറെ മുൻപ്. ബൾബ്, ടെലിഫോൺ, മോട്ടോർ കാർ, രണ്ട് ലോകമഹായുദ്ധങ്ങൾ ...എന്നിവക്കെല്ലാം മുൻപേ ജനിച്ച ജീവിയാണിത്. ബ്രിട്ടനിലെ എട്ട് രാജഭരണങ്ങൾക്കും സെന്റ് ഹെലീനയിലെ 31 ഗവർണർമാരുടെ കാലഘട്ടങ്ങൾക്കും ജൊനാഥൻ സാക്ഷിയായിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ജൊനാഥനെ തങ്ങളുടെ 'ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഐക്കൺ ' ആയി ഔദ്യോഗികമായി ആദരിച്ചിട്ടുമുണ്ട്
1882-ൽ സെയ്ഷെൽസിൽ നിന്നും സെന്റ് ഹെലീനയിലെ ഗവർണർക്ക് സമ്മാനമായാണ് ഇതിനെ കൊണ്ടുവരുന്നത്. അന്ന് ജൊനാഥന് ഏകദേശം 50 വയസ്സ് ഉണ്ടായിരുന്നു. അന്നുമുതൽ ഗവർണറുടെ ഔദ്യോഗിക വസതിയായ 'പ്ലാന്റേഷൻ ഹൗസിലാണ്' ഇവൻ കഴിയുന്നത്. ലോകത്തെ ഏറ്റവും പ്രായം കൂടിയ കര ജീവി, ഏറ്റവും പ്രായമേറിയ ആമ എന്നീ രണ്ട് ഗിന്നസ് റെക്കോർഡുകളുടെ ഉടമയാണ്. ഏകദേശം 180 കിലോഗ്രാം ഭാരവുമുണ്ട്. തിമിരം കാരണം ജൊനാഥന് കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടുകയും മണക്കാനുള്ള ശേഷി കുറയുകയും ചെയ്തിട്ടുണ്ട്.എന്നാൽ കേൾവിശക്തി വളരെ മികച്ചതാണ്. വെറ്റിനറി ഡോക്ടർമാരുടെ പ്രത്യേക മേൽനോട്ടത്തിൽ ആപ്പിൾ, വാഴപ്പഴം, കാരറ്റ്, വെള്ളരി തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കൈകൊണ്ട് നൽകിയാണ് ജൊനാഥനെ ഇപ്പോൾ പരിപാലിക്കുന്നത്.
സെൻട്രൽ സീഷെൽസ് ദ്വീപുകളിലെ അൽദാബ്ര അറ്റോളിൽ കാണപ്പെടുന്ന അപൂർവ്വ ഇനം ഭീമൻ ആമകളിൽ പെട്ടതാണ് ജൊനാഥൻ. ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന ജീവികളിൽ ഒന്നായ ഇവക്ക് 150 മുതൽ 200 വർഷം വരെ ആയുസ്സുണ്ട്. 250 കിലോഗ്രാമിലധികം ഭാരവും 4 അടിയോളം നീളവും ഇവ കൈവരിക്കുന്നു. സമുദ്രനിരപ്പ് ഉയരുന്നതും പരിസ്ഥിതി പ്രശ്നങ്ങളും മൂലം വംശനാശഭീഷണി നേരിടുന്ന ഇനമായതിനാൽ ഇപ്പോൾ കർശനമായ സംരക്ഷണത്തിലാണ്. അൽദാബ്ര പവിഴപ്പുറ്റുകളിലെ പുൽമേടുകൾ, കണ്ടൽക്കാടുകൾ, കുറ്റിക്കാടുകൾ എന്നിവയാണ് ഇവയുടെ പ്രധാന താവളം.
പരിസ്ഥിതി സംരക്ഷണത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന്റെയും പ്രതീകമായാണ് ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധ കൂടിക്കാഴ്ചയെ ഇരു രാജ്യങ്ങളും കാണുന്നത്. ഇതിന്റെ ഭാഗമായി ബൊട്ടാണിക്കൽ ഗാർഡൻസിൽ പ്രധാനമന്ത്രി ഒരു വൃക്ഷത്തൈയും നടും. സന്ദർശനത്തിന്റെ ഭാഗമായി സെയ്ഷെൽസ് ദേശീയ അസംബ്ലിയെ (പാർലമെന്റ്) നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. സെയ്ഷെൽസ് പാർലമെന്റിൽ സംസാരിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതി ഇതോടെ അദ്ദേഹത്തിന് സ്വന്തമാകും.
സെയ്ഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ, കടൽക്കൊള്ള തടയൽ, സമുദ്ര സമ്പദ്വ്യവസ്ഥ , പ്രതിരോധ മേഖലയിലെ തന്ത്രപരമായ പങ്കാളിത്തം എന്നിവയായിരിക്കും ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

