ദരിദ്ര രാജ്യങ്ങളിൽ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിന്റെ കാരണങ്ങളിൽ കടുത്ത വരൾച്ചയും
text_fieldsന്യൂഡൽഹി: താഴ്ന്നതോ ഇടത്തരം വരുമാനമുള്ളതോ ആയ രാജ്യങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിന്റെ കാരണങ്ങളിലൊന്നായി ദീർഘിച്ച വരൾച്ചയും.
മൂന്നു വർഷത്തിലധികം നീണ്ടുനിൽക്കുന്ന തീവ്രമായ വരൾച്ച, കൗമാരക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ തോത് വർധിപ്പിക്കുന്നതായി ഒരു പഠനം കണ്ടെത്തി.
വെള്ളത്തിനായി ദീർഘദൂരം സഞ്ചരിക്കേണ്ടിവരുന്ന, അതിനായി കുടിയേറേണ്ടിവരുന്ന, അതിന്റെ ഫലമായി നേരത്തെ വിവാഹം കഴിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്ന സ്ത്രീകളിൽ കാലാവസ്ഥാ വ്യതിയാനം എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് തങ്ങളുടെ കണ്ടെത്തലുകൾ ഊന്നിപ്പറയുന്നുവെന്ന് ആസ്‌ട്രേലിയയിലെ കർട്ടിൻ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകർ പറഞ്ഞു.
പി.എൽ.ഒ.എസ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം തെക്കേ അമേരിക്ക, സബ്-സഹാറൻ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ 14 രാജ്യങ്ങളിൽ നിന്നുള്ള 13നും 24നും ഇടയിൽ പ്രായമുള്ള 35,000ത്തിലധികം സ്ത്രീകളുടെ പ്രതികരണങ്ങൾ വിശകലനം ചെയ്തു. 2013-2019 കാലയളവിലാണ് കുട്ടികൾക്കും യുവതികൾക്കും എതിരായ അതിക്രമ സർവേകൾക്കായുള്ള ഡാറ്റ ശേഖരിച്ചത്.
വർഷങ്ങളോളം നീണ്ടുനിൽക്കുന്നതും അതിശക്തവുമായ വരൾച്ചക്ക് വിധേയമാകുന്നത് ലൈംഗിക അതിക്രമത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായി വിശകലനം വെളിപ്പെടുത്തിയെന്ന് രചയിതാക്കൾ എഴുതി. മുൻ പഠനങ്ങളിൽ നിന്ന് പുറത്തുവരുന്ന തെളിവുകളും തീവ്രമായ കാലാവസ്ഥാ സംഭവങ്ങളും ഗാർഹിക പീഡനങ്ങളുടെ വർധനവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നുണ്ട്.
പി.എൽ.ഒ.എസ് ക്ലൈമറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച 2024 ഒക്ടോബറിലെ ഒരു പഠനം 156 രാജ്യങ്ങളുടെ ദേശീയ തലത്തിലുള്ള ഡാറ്റ വിശകലനം ചെയ്തു. കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ അതിശക്തമായ കാലാവസ്ഥാ സംഭവങ്ങൾക്കു ശേഷമുള്ള രണ്ട് വർഷങ്ങളിൽ പങ്കാളിയിൽനിന്നുള്ള അതിക്രമങ്ങൾ വർധിപ്പിക്കുമെന്ന് കണ്ടെത്തി. യുവതികൾക്കും കൗമാരപ്രായക്കാർക്കുമെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ജനസംഖ്യാ തലത്തിലുള്ള വിശകലനം നൽകുന്ന ആദ്യ പഠനമാണിതെന്ന് രചയിതാക്കൾ പറഞ്ഞു.
താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ഗ്രാമീണ സമൂഹങ്ങൾ പരിസ്ഥിതി സംബന്ധമായ സമ്മർദ്ദത്തിന് പ്രത്യേകിച്ച് ഇരയാകാൻ സാധ്യതയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. കാരണം വരൾച്ച ഉപജീവനമാർഗങ്ങളെയും വിഭവങ്ങളെയും ബാധിക്കും.
വരൾച്ചയുടെ ഉടനടിയുള്ള പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെയും വിശാലമായ സാമൂഹികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെയും അഭിസംബോധന ചെയ്യുന്ന സമഗ്രമായ നയങ്ങളുടെ ആവശ്യകതയെ ഈ ഫലങ്ങൾ അടിവരയിടുന്നുവെന്നും ഗവേഷക സംഘം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.