കാടിറങ്ങുന്ന ചോദ്യങ്ങൾ
text_fieldsഫോട്ടോ: അനീഷ് ശങ്കരൻകുട്ടി
- വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ തുടരെ നഷ്ടപ്പെടുന്ന വാർത്ത കേട്ട് സമൂഹ മനഃസാക്ഷി ഞെട്ടിമരവിക്കുകയാണ്. ഒപ്പം നിരന്തര ആരോപണ ശരങ്ങൾ ഏറ്റ് വനം വകുപ്പും
ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ വയനാട്ടിൽ കാട്ടാനയുടെ ആക്രമണം കാരണം ഒരു വിലപ്പെട്ട ജീവൻ കൂടി പൊലിഞ്ഞ വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്. കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷം വർധിക്കുകയാണോ? അടുത്തടുത്തായി വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ തുടരെ നഷ്ടപ്പെടുന്ന വാർത്ത കേട്ട് സമൂഹ മനഃസാക്ഷി ഞെട്ടിമരവിക്കുകയാണ്. ഒപ്പം നിരന്തര ആരോപണ ശരങ്ങൾ ഏറ്റ് വനം വകുപ്പും!
എല്ലാ കാലത്തും മനുഷ്യ-വന്യജീവി സംഘർഷങ്ങളുണ്ടായിരുന്നു. പല കാരണങ്ങളാൽ കാടരികുകളിലേക്ക് കുടിയേറിയവരും സർക്കാർ പദ്ധതികൾക്കായി ഒഴിപ്പിച്ച് അവിടേക്ക് കുടിയിരുത്തപ്പെട്ടവരും പിന്തുടർന്ന കൃഷിരീതികൾ കാടിനകത്തെ സസ്യാഹാരികളെ നാട്ടിൻപുറത്തേക്ക് ആകർഷിക്കുന്നതിലേക്ക് വഴിവെച്ചു. മുൻകാലങ്ങളിൽ പലപ്പോഴും കാട് വെട്ടിത്തെളിച്ച് ഏകവിളത്തോട്ടങ്ങൾ നിർമിക്കാൻ വനം വകുപ്പ് തന്നെ മുൻകൈ എടുത്തിട്ടുമുണ്ട്. അതിൽ പലതും ഉണ്ടാക്കിയ വ്യാപക പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനെടുത്ത കാലവിളംബം ചൂണ്ടിക്കാണിച്ചാൽ അത് അംഗീകരിക്കാതെയും വയ്യ.
മുറിവേൽക്കുകയും ബലഹീനരായി കാടിറങ്ങുകയും ചെയ്യുന്ന മൃഗങ്ങൾക്ക് കാടുകയറുന്ന കന്നുകാലിക്കൂട്ടങ്ങളാണ് ഭക്ഷണം. വളർത്തുമൃഗങ്ങളെത്തേടി ഇവർ കാടിറങ്ങും. എന്നാൽ വിവേകികളായ മനുഷ്യരുടെ വികാരവിചാരങ്ങളും പ്രവൃത്തികളും മൃഗങ്ങളുടെ വൈകാരികവും ഭ്രാന്തവുമായ ചോദനകൾക്കൊപ്പം ചേർത്തുവിളക്കുന്നത് അഭിലഷണീയമാണോ എന്ന വലിയ ചോദ്യം ബാക്കി നിൽക്കുന്നു.
കാരണം പലത്
കാലാവസ്ഥാവ്യതിയാനവും കാട്ടുതീയും അന്തരീക്ഷ താപനവും ഹരിതവത്കരണത്തിനും വ്യവസായികാവശ്യങ്ങൾക്കും വഴിയോരത്തണലായും ഒക്കെ കൊണ്ടുവന്ന വിദേശസസ്യങ്ങൾ നിയന്ത്രണ വിധേയമല്ലാതെ അധിനിവേശത്തിന്റെ മഹാ ആകാരംപൂണ്ട് കാടകങ്ങളെ വിഴുങ്ങുന്നതും തനത് സസ്യങ്ങളെ കാർന്നെടുക്കുന്നതും പ്രകൃതിദത്ത നീരുറവകളെ ഞെരുക്കുന്നതുമൊക്കെ ഈ ദുരവസ്ഥക്ക് പിന്നിലെ ചാലകശക്തികൾതന്നെയാണ്. വയനാട് പോലുള്ള വിശാലവും വേനലിൽപ്പോലും താരതമ്യേന വെള്ളത്തിനും ആഹാരത്തിനും മുട്ടില്ലാത്തതുമായ വനാന്തരങ്ങളിലേക്ക് മനുഷ്യനിർമിതമായ അതിരുകളെക്കുറിച്ച് തീർത്തും അജ്ഞരായ തമിഴ്നാട്ടിലെ മുതുമലയിലെയോ കർണാടകയിലെ ബന്ദിപ്പൂർ കാടുകളിലെയോ ആനകളോ കാട്ടുപോത്തുകളോ മറ്റ് വന്യജീവികളോ ജീവസന്ധാരണത്തിനായി എത്തിപ്പെട്ടാൽ അതിലെ നൈതികതയെ പഴിക്കുന്നതിൽ അർഥമുണ്ടോ?
ഗോത്രവർഗക്കാരുടെ പരമ്പരാഗത കൃഷി വിളകളുടെ തിരഞ്ഞെടുപ്പും വിളവിറക്കലിന്റെ കൃഷിശാസ്ത്രവും പഠിക്കാനും വ്യാപിപ്പിക്കാനും വനം വകുപ്പ് ഗൗരവമായി ആലോചിക്കുന്ന വേളയിലാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളെന്നത് നിരാശ ജനിപ്പിക്കുന്നു. കൂടുതൽ വന്യജീവി ആക്രമണങ്ങളും നടക്കുന്നത് കാടിനോട് ചേർന്ന പ്രദേശങ്ങളിലും അടിക്കാടുകൾ വളർന്നുമുറ്റിയ കാപ്പി/തേയിലത്തോട്ടങ്ങളിലും പുഴയോരങ്ങളിലുമൊക്കെയാണ്. കാടിനുള്ളിൽ മനുഷ്യനെ പെട്ടെന്ന് കണ്ടുമുട്ടുന്ന സാഹചര്യങ്ങളിൽ ഭയന്ന വന്യജീവികൾ ആക്രമണകാരികൾ ആകാറുണ്ട്. മഞ്ഞുമൂടിയ പുലർകാലങ്ങളിൽ മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഇടക്കെങ്കിലും ആനക്കൂട്ടങ്ങളുടെ മുന്നിൽപ്പെട്ടുപോകുന്ന ഹതഭാഗ്യർ ഇത്തരത്തിൽ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ടല്ലോ. വന്യജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും അത്തരം സംഘർഷ മേഖലകളിലേക്ക് കടന്നുചെല്ലുകയും സ്വയം അപകടം ഏറ്റുവാങ്ങുകയും ചെയ്യുന്ന കഥകളും നമ്മൾ കേട്ടിട്ടുണ്ട്. മനുഷ്യരുടെ ശബ്ദം കേൾക്കുമ്പോൾ ഇലച്ചാർത്തുകൾക്കുള്ളിൽ ശബ്ദമുണ്ടാക്കാതെ നിൽക്കുന്ന സ്വഭാവമാണ് കാട്ടാനകൾക്ക്. സാധാരണ ആന നടക്കുന്ന വഴികളിൽക്കാണുന്ന സസ്യാവശിഷ്ടങ്ങളും മരച്ചില്ലകളും മറ്റും വലിച്ചൊടിക്കുന്ന ശബ്ദവും രൂക്ഷമായ ചൂരും വനാന്തരത്തിലെ സഞ്ചാരികൾക്ക് വ്യക്തമായി അറിയാനാകും. എന്നാൽ, കടുവയെപ്പോലെ മാംസാഹാരികൾ വനാന്തരത്തിൽ ഒറ്റക്ക് സഞ്ചരിക്കുന്നവരെയാണ് കൂടുതൽ ആക്രമിച്ചതായി റിപ്പോർട്ടുകളുള്ളത്.
പരിഹാര നടപടികൾ
കേരള വനം വകുപ്പ് മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി മനുഷ്യസാധ്യമായ നടപടികളെല്ലാം സ്വീകരിച്ചുവരുന്നുണ്ട്. പാമ്പ് കടി മൂലമുണ്ടാകുന്ന ജീവനാശം കുറക്കാനും മനുഷ്യന്റെ ആവാസവ്യവസ്ഥയിൽ പെട്ടുപോകുന്ന ഉരഗങ്ങളെ രക്ഷിക്കാനുമായി ആരംഭിച്ച ‘സർപ്പ’ (SARPA) എന്ന മൊബൈൽ ആപ്ലിക്കേഷൻ വലിയ വിജയത്തിലേക്കാണ് ചുവടുവെക്കുന്നത്. കേടായിക്കിടന്നിരുന്ന സൗരോർജ വേലികൾ സമയബന്ധിതമായി നന്നാക്കി ഉപയോഗക്ഷമമാക്കുന്നതിനായി നടപ്പാക്കിയ ‘മിഷൻ സോളാർ ഫെൻസിങ്’ (Mission Solar Fencing) ആശാവഹമായ പുരോഗതി കൈവരിച്ചുകഴിഞ്ഞു. വന്യമൃഗങ്ങൾ മനുഷ്യന്റെ ആവാസകേന്ദ്രങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനും അവക്ക് ആഹാരത്തിന്റെയും ജലത്തിന്റെയും ലഭ്യത കാട്ടിനുള്ളിൽ ഉറപ്പാക്കുന്നതിനുമായി കാടിനകത്തെ കുളങ്ങളും ജലസംഭരണികളും അറ്റകുറ്റപ്പണികൾ നടത്തി നന്നാക്കുകയും അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്തും ഫലവൃക്ഷങ്ങളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചും ‘മിഷൻ ഫുഡ്, ഫോഡർ & വോട്ടർ’ പദ്ധതി നടപ്പാക്കി വരുന്നു.
മലയോര മേഖലകളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം നൽകിക്കൊണ്ട് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി നിയമിച്ചു. നാടൻ കുരങ്ങുകളുടെ വംശവർധന നിയന്ത്രിക്കുന്നതിന് ജനനനിയന്ത്രണം ഉൾപ്പെടെയുള്ള കർമപദ്ധതി കേന്ദ്രസർക്കാറിന്റെ അംഗീകാരത്തിനായി സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ദ്രുതകർമ സേനകളുടെ (RRT) പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ജനജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുന്നതിനും വന്യമൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് സമയബന്ധിതമായി മുന്നറിയിപ്പ് നൽകുന്നതിനുമുള്ള സംവിധാനം നടപ്പിൽ വരുത്തിയിട്ടുണ്ട്. വന്യജീവികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടായിട്ടുണ്ടോയെന്നറിയാൻ കൃത്യമായ പഠനങ്ങളും കാട്ടിനകത്തെ ഇരകളുടെയും വേട്ടമൃഗങ്ങളുടെയും അനുപാതത്തിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടോ എന്ന കണക്കെടുപ്പ് നടത്തുന്നതും നന്നായിരിക്കും. ഇനിയൊരു വിലപ്പെട്ട മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കട്ടെ.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.