ദക്ഷിണ കൊറിയയിൽ ചർച്ചയായി പുതിയ നായ മാംസ നിരോധന നിയമം; പോകാൻ ഒരിടവുമില്ലാത്ത നായ്ക്കൾക്ക് എന്ത് സംഭവിക്കും?
text_fieldsസിയോൾ: മൃഗക്ഷേമത്തിനായുള്ള ഒരു വലിയ ചുവടുവെപ്പായും ആഴത്തിലുള്ള സാംസ്കാരിക മാറ്റമായും പ്രശംസിക്കപ്പെടുന്നതിനിടെ, ദക്ഷിണ കൊറിയയുടെ പുതിയ നായ മാംസ വ്യവസായ നിരോധന നിയമം നിരവധി ആശങ്കകളുമുയർത്തുന്നതായി റിപ്പോർട്ട്.
2024 ജനുവരിയിലാണ് ദക്ഷിണ കൊറിയ നിയമം ഏകകണ്ഠമായി പാസാക്കിയത്. ഇതനുസരിച്ച് രാജ്യത്ത് 2027 ആകുമ്പോഴേക്കും മാംസത്തിനായി നായ്ക്കളെ വളർത്തുന്നതും, കൊല്ലുന്നതും, വിൽക്കുന്നതും, വിളമ്പുന്നതും രാജ്യവ്യാപകമായി നിയമവിരുദ്ധമാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യത്തിന്റെ അന്ത്യത്തെ സൂചിപ്പിക്കുന്ന ഒരു നീക്കമാണിത്. കൂടാതെ ആഭ്യന്തര വക്താക്കളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും വർഷങ്ങളുടെ സമ്മർദ്ദത്തിനുള്ള മറുപടി കൂടിയാണിത്.
എന്നാൽ, ചരിത്രപരമായ ഈ മുന്നേറ്റം രാജ്യത്ത് സ്വീകാര്യതക്കൊപ്പം അസ്വസ്ഥതയുമുളവാക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ രാജ്യത്തുടനീളമുള്ള ഫാമുകളിൽ സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിന് നായ്ക്കളുടെ വിധിയെച്ചൊല്ലിയാണതിലൊന്ന്. നായ മാംസ വ്യവസായം അടച്ചുപൂട്ടുമ്പോൾ ഒരിക്കൽ മേശപ്പുറത്ത് വിളമ്പാൻ വിധിക്കപ്പെട്ട ഈ മൃഗങ്ങൾ അനിശ്ചിതമായ ഭാവിയെ അഭിമുഖീകരിക്കുകയാണ്.
നായകളെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്ന കർഷകരും ആശങ്കയിലാണ്. മൃഗ രക്ഷാസംഘങ്ങളുടെ സാന്നിധ്യം മൂലം പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിൽ അവരുടെ ജീവിതവും അനിശ്ചിതത്വത്തിലാണ്. മൃഗങ്ങൾക്ക് കൂടുതൽ ദയ ലഭിക്കുന്ന ഒരു യുഗത്തെക്കുറിച്ചുള്ള നിയമത്തിന്റെ വാഗ്ദാനത്തിനുമേൽ ഒരു ചോദ്യം നിഴൽ വീഴ്ത്തുന്നു. പോകാൻ ഒരിടവുമില്ലാത്ത നായ്ക്കൾക്ക് എന്ത് സംഭവിക്കും?
നിരോധനത്തിന് പിന്നിലെ കണക്കുകൾ
ദക്ഷിണ കൊറിയൻ ഭക്ഷ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2022 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 1,156 നായ മാംസ ഫാമുകളിലായി 521,121 നായ്ക്കളെ വളർത്തുന്നുണ്ടെന്നായിരുന്നു. കൂടാതെ 1,666 റെസ്റ്റോറന്റുകളിലായി പ്രതിവർഷം 3,88,000 നായ്ക്കളെ ഭക്ഷണമാക്കുന്നുവെന്നും. എന്നാൽ സാമൂഹിക മനോഭാവങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ വിവരം.
2023ലെ ഗാലപ്പ് പോൾ കണ്ടെത്തിയതനുസരിച്ച് കഴിഞ്ഞ വർഷം ദക്ഷിണ കൊറിയക്കാരിൽ 8ശതമാനം പേർ മാത്രമേ നായ മാംസം കഴിച്ചിട്ടുള്ളൂ എന്നാണ്. 2015 ൽ 27ശതമാനമായിരുന്നു ഇത്. കൂടാതെ 20ശതമാനത്തിൽ താഴെ പേർ മാത്രമേ നായ മാംസത്തിന്റെ ഉപഭോഗത്തെ പിന്തുണച്ചുള്ളൂ. ഒരു പ്രത്യേക സർവേയിൽ 85.5ശതമാനം പേർ നിലവിൽ നായ മാംസം കഴിക്കുന്നില്ലെന്നും 55.8ശതമാനം പേർ സമൂഹം ഈ രീതി നിർത്തണമെന്ന് വിശ്വസിക്കുന്നുവെന്നും പറഞ്ഞു.
കർഷകരുടെയും നായ്ക്കളുടെയും ഭാവി അനിശ്ചിതത്വത്തിൽ
മൃഗാവകാശ പ്രവർത്തകർ പുതിയ നിയമ നിർമാണത്തെ ആഘോഷിക്കുന്നുണ്ടെങ്കിലും ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ കൊറിയയിലെ ജങ് ആഹ് ചേ ഇതിനെ ‘ചരിത്രം രൂപപ്പെട്ടുവരികയാണ്’ എന്ന് വിശേഷിപ്പിച്ചെങ്കിലും ഇത് നായ കർഷകർക്കിടയിൽ പ്രതിരോധത്തിനും കാരണമായിട്ടുണ്ട്. അവരിൽ ചിലർ കടുത്ത ഭീഷണി ഉയർത്തിയിട്ടുണ്ട്. ഒരു ദശാബ്ദം മുമ്പ് വ്യാപാരത്തിൽ പ്രവേശിച്ച ചാൻ വൂ, ഉപജീവനമാർഗം ‘അവിശ്വസനീയമാംവിധം അനിശ്ചിതത്വത്തിലാക്കിയതായി’ എന്ന് പറയുന്നു.
ഫാമുകളിൽ ഇപ്പോഴും ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന അരലക്ഷം നായ്ക്കളുടെ ഗതിയെക്കുറിച്ച് പലരും ആശങ്കാകുലരാണ്. പുനരധിവസിപ്പിച്ചില്ലെങ്കിൽ അവയിൽ പലതും ദയാവധത്തിന് വിധേയമാകാനുള്ള സാധ്യതയുണ്ട്.
ദുരിതബാധിതരായ കർഷകർക്ക് സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് പക്ഷേ, വിശദാംശങ്ങൾ വ്യക്തമല്ല. 2027 അടുക്കുമ്പോൾ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഈ തീരുമാനം ഇടയാക്കുമെന്ന് പലരും ഭയപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.