Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീലങ്കയിലെ ഏറ്റവും വലിയ കാട്ടാനകളിലൊന്നായ 'കവന്തിസ്സ' ചരിഞ്ഞു

text_fields
bookmark_border
ശ്രീലങ്കയിലെ ഏറ്റവും വലിയ കാട്ടാനകളിലൊന്നായ കവന്തിസ്സ ചരിഞ്ഞു
cancel

കൊളംബോ: ശ്രീലങ്കയിലെ പ്രശസ്ത കാട്ടുകൊമ്പനാനയായ കവന്തിസ്സ ചരിഞ്ഞു. വെടിയേറ്റതിനെ തുടർന്ന് ഒരു മാസത്തോളം വെറ്ററിനറി ചികിത്സയിലായിരുന്ന ആനയുടെ മരണം പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയാണ് അറിയിച്ചത്. 50നും 60നും ഇടയിൽ പ്രായമുണ്ടായിരുന്ന കവന്തിസ്സക്ക് ഏകദേശം 11 അടി ഉയരവും ആറടിയിലേറെ നീളമുള്ള കൊമ്പുകളുമുണ്ടായിരുന്നു.

ശ്രീലങ്കയിലെ ഏറ്റവും ഉയരം കൂടിയ, ജീവിച്ചിരുന്ന കാട്ടുകൊമ്പനാനകളിലൊന്നായാണ് കണക്കാക്കിയിരുന്നത്. 2008ലാണ് കവന്തിസ്സയെ കണ്ടെത്തുന്നത്. പുരാതന ശ്രീലങ്കൻ ഭരണാധികാരി കവന്തിസ്സ രാജാവിന്റെ പേരിലാണ് 2015ൽ ആനക്ക് കവന്തിസ്സ എന്ന പേര് നൽകിയത്. വർഷങ്ങളായി വന്യജീവി ഫോട്ടോഗ്രാഫർമാരുടെയും ആനപ്രേമികളുടെയും പ്രിയപ്പെട്ട കാഴ്ചയായിരുന്നു ഈ കൊമ്പനാന.

വലിപ്പം ഭീമമായിരുന്നെങ്കിലും മനുഷ്യരെ കൊലപ്പെടുത്തിയതായോ പരിക്കേൽപ്പിച്ചതായോ റിപ്പോർട്ടുകളില്ല. സെപ്റ്റംബറിലാണ് കവന്തിസ്സക്ക് വെടിയേറ്റത്. വലത് മുൻകാലിന് സമീപമുള്ള വെടിയേറ്റ പരുക്കിനെ വന്യജീവി നിരീക്ഷകരാണ് കണ്ടെത്തിയത്. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി വഷളായി. ആനക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്തു.

സിയംബലംഗമുവക്ക് സമീപത്തെ നെൽവയലിൽ കവന്തിസ്സയെ അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് വന്യജീവി വെറ്ററിനറി സംഘം അടിയന്തര ചികിത്സ നടത്തുകയും ചെയ്തിരുന്നു. തായ്‌ലൻഡിൽ നിന്നുള്ള വെറ്ററിനറി വിദഗ്ധരുടെ സഹായവും സർക്കാർ തേടിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

കവന്തിസ്സയുടെ മരണം ശ്രീലങ്കയിലെ കാട്ടാന സംരക്ഷണത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കിയിരിക്കെയാണ്. മനുഷ്യ-ആന സംഘർഷം, ആവാസവ്യവസ്ഥയുടെ നഷ്ടം, ആനകളെ ലക്ഷ്യമിട്ടുള്ള വെടിവയ്പ് എന്നിവ രാജ്യത്തെ കാട്ടാനകളുടെ നിലനിൽപ്പിന് വലിയ ഭീഷണിയായി തുടരുകയാണ്. ശ്രീലങ്കയുടെ പ്രകൃതിപൈതൃകത്തിലെ പകരംവക്കാനാകാത്ത നഷ്ടമായിട്ടാണ് കവന്തിസ്സയുടെ മരണം വന്യജീവി പ്രേമികൾ വിലയിരുത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sri Lanka's Beloved Tusker 'Kavantissa' Passes Away
Next Story