ഭൂമിയിലെ ആ ഒരൊറ്റ മരം! വംശനാശത്തിന്റെ മുനമ്പിൽ നിന്നും ശാസ്ത്രം കൈപിടിച്ചുയർത്തിയപ്പോൾ
text_fieldsഭൂമിയിൽ ഇനി ആകെ ഒരൊറ്റ മരം മാത്രം ബാക്കിയുണ്ടെന്ന് സങ്കൽപ്പിക്കുക. അത് ഇല്ലാതായാൽ, ആ സസ്യവർഗ്ഗം എന്നെന്നേക്കുമായി പ്രകൃതിയിൽ നിന്ന് തുടച്ചുനീക്കപ്പെടും. കേൾക്കുമ്പോൾ ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ കഥയായി തോന്നാമെങ്കിലും, ചിലിയുടെ തീരത്തുള്ള 'റോബിൻസൺ ക്രൂസോ' എന്ന ഒറ്റപ്പെട്ട ദ്വീപിൽ കഴിഞ്ഞ കുറച്ചു നാളുകളായി നടന്നത് ഇത്തരമൊരു ജീവന്മരണ പോരാട്ടമാണ്.
വംശനാശത്തിന്റെ വക്കിലെത്തിയ 'ഡെൻഡ്രോസെറിസ് നേരിഫോളിയ' (Dendroseris neriifolia) എന്ന അപൂർവ വൃക്ഷത്തിന്റെ അവസാനത്തെ കണ്ണിയെയും, അതിലൂടെ ആ സസ്യവംശത്തെത്തന്നെയും തിരികെപ്പിടിക്കാനുള്ള ദൗത്യത്തിലായിരുന്നു അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘം. ഒടുവിൽ, മരണവക്കിൽ നിന്നും ആ മരത്തിന്റെ വിത്തുകൾ അവർ വിജയകരമായി ശേഖരിച്ചിരിക്കുന്നു.
ഒറ്റമരം
1980-ൽ നടത്തിയ ഒരു ഫീൽഡ് പര്യവേഷണത്തിലാണ് 16 അടി (5 മീറ്റർ) വരെ ഉയരമുള്ള ഏഴ് ഡെൻഡ്രോസെറിസ് നേരിഫോളിയ മരങ്ങൾ കണ്ടെത്തുന്നത്. ജുവാൻ ഫെർണാണ്ടസ് ദ്വീപസമൂഹത്തിൽ മാത്രം കാണപ്പെടുന്ന ഈ കാട്ടുചെടി, കാഴ്ചയിൽ ചെറുതും എന്നാൽ മുകളിൽ കാബേജ് പോലെ ഇലകൾ നിറഞ്ഞതുമായ ഒരു പ്രത്യേക രൂപത്തിലാണ് ഉള്ളത്. കട്ടിയുള്ളതും നീളമേറിയതുമായ പച്ച ഇലകൾ തണ്ടിന്റെ അറ്റത്ത് കൂട്ടമായി താഴേക്ക് തൂങ്ങിക്കിടക്കും.വെളുപ്പോ മഞ്ഞയോ കലർന്ന ചെറിയ പൂക്കളും ഉണ്ടാകാറുണ്ട്. കാലക്രമേണ ഇവക്ക് വംശനാശം സംഭവിച്ച് കാട്ടിൽ ഒരു മരം മാത്രമായി ചുരുങ്ങി.
സാഹസികത നിറഞ്ഞ ആ 'ക്ലിഫ്ഹാങ്ങർ' ദൗത്യം
ഒരു അഗ്നിപർവ്വത മലയിടുക്കിന്റെ കുത്തനെയുള്ള പാറക്കെട്ടിലാണ് ഈ അവസാനത്തെ കാട്ടുചെടി വളരുന്നത്. അങ്ങോട്ടേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. റോഡുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഈ ദ്വീപിലേക്ക് വിത്ത് ശേഖരണ സംഘത്തിന് എത്താൻ നാല് മണിക്കൂർ കടൽയാത്രയും അതിനുശേഷം രണ്ട് മണിക്കൂർ നീണ്ട കുത്തനെയുള്ള മലകയറ്റവും നടത്തേണ്ടി വന്നു.
ഏറ്റവും വലിയ വെല്ലുവിളി മറ്റൊന്നായിരുന്നു. ഈ അവസാനത്തെ മരം ജീർണ്ണാവസ്ഥയിലായിരുന്നു. വിത്തുകൾ ശേഖരിക്കുന്നതിനിടയിൽ മരം ഒടിഞ്ഞു തൂങ്ങാതിരിക്കാൻ ചിലിയിലെ നാഷണൽ ഫോറസ്റ്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് വലിയ കയറുകൾ ഉപയോഗിച്ച് മരത്തെ താങ്ങി നിർത്തേണ്ടി വന്നു. തുടർന്ന്, ജീവൻ പണയം വെച്ച് മരത്തിന്റെ കൊമ്പുകളിലൂടെ ഇഴഞ്ഞുനീങ്ങിയാണ് റേഞ്ചർമാർ പാകമായ വിത്തുകൾ വലിയ വലകൾ ഉപയോഗിച്ച് ശേഖരിച്ചത്.
ലണ്ടനിലെ സുരക്ഷിത താവളം
ചിലിയിലെ 'വെർഡെനാറ്റിവോ ബോട്ടാണിക് ഗാർഡൻസും' യു.കെയിലെ 'റോയൽ ബോട്ടാണിക് ഗാർഡൻസും' സംയുക്തമായാണ് ഈ ദൗത്യം നടത്തിയത്. ശേഖരിച്ച വിത്തുകൾ ഉടൻ തന്നെ യു.കെയിലെ വിഖ്യാതമായ 'മില്ലേനിയം സീഡ് ബാങ്കിലേക്ക്' വിമാനമാർഗ്ഗം എത്തിച്ചു. ഈ സസ്യവിഭാഗത്തിന്റെ വിത്തുകൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു സീഡ് ബാങ്കിൽ സൂക്ഷിക്കുന്നത്.
ലബോറട്ടറിയിലെ പരിശോധനയിൽ ശാസ്ത്രജ്ഞരെ കാത്തിരുന്നത്, ശേഖരിച്ച 29 വിത്തുകളിൽ 25 എണ്ണവും ആരോഗ്യമുള്ളവയും മുളക്കാൻ ശേഷിയുള്ളവയുമായിരുന്നു. ശാസ്ത്രലോകത്തെ ആവേശം കൊള്ളിച്ചുകൊണ്ട് ഇതിനകം തന്നെ 7 തൈകൾ ലബോറട്ടറിയിലെ പ്രത്യേക പരിചരണത്തിൽ വിജയകരമായി മുളച്ചുവന്നിട്ടുണ്ട്.
മടങ്ങിവരവിന്റെ പാതയിൽ
ഈ തൈകൾ വളർന്ന് വലുതായി പൂവിടുമ്പോൾ, അവയിൽ നിന്ന് രണ്ടാം തലമുറ വിത്തുകൾ ശേഖരിക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി. നൂറ്റാണ്ടുകളായുള്ള വനനശീകരണം, കാട്ടുതീ, മനുഷ്യൻ കൊണ്ടുവന്ന അധിനിവേശ സസ്യങ്ങൾ എന്നിവയാണ് ഈ മരത്തെ വംശനാശത്തിലേക്ക് തള്ളിവിട്ടത്. സ്വയം പരാഗണം നടത്താൻ ശേഷിയുള്ള മരമാണെങ്കിലും, ഒരൊറ്റ മരം മാത്രം അവശേഷിച്ചതിനാൽ ജനിതകപരമായ വൈവിധ്യമില്ലായ്മ ഇതിന്റെ നിലനിൽപ്പിന് വലിയ ഭീഷണിയായിരുന്നു. ഇപ്പോൾ ലബോറട്ടറിയിൽ വളരുന്ന തൈകൾ ഈ വംശത്തിന് പുതിയൊരു ജീവൻ നൽകുമെന്നാണ് പ്രതീക്ഷ.
ഒരു വലിയ മുന്നറിയിപ്പ്
ഈ മരത്തിന്റെ കഥ കേവലം ഒരു സസ്യത്തിന്റെ മാത്രം കഥയല്ല. കഴിഞ്ഞ 250 വർഷങ്ങൾക്കിടയിൽ പക്ഷികൾ, സസ്തനികൾ, ഉഭയജീവികൾ എന്നിവയെല്ലാം ചേർന്നതിനേക്കാൾ ഇരട്ടി സസ്യവർഗ്ഗങ്ങളാണ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായത്. പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന അനിയന്ത്രിതമായ ഇടപെടലുകൾക്കും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെയുള്ള ശക്തമായൊരു മുന്നറിയിപ്പാണ് ഈ മരത്തിന്റെ പച്ചപ്പ്.
ഒരുപക്ഷേ, ഈ ശാസ്ത്രജ്ഞർ കൃത്യസമയത്ത് അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ, 'ഡെൻഡ്രോസെറിസ് നേരിഫോളിയ' എന്ന സുന്ദരമായ മരം ഭൂമിയുടെ ചരിത്രപുസ്തകത്തിൽ മാത്രം അവശേഷിക്കുന്ന ഒന്നായി മാറുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

