ആശങ്കയുടെ കൊടുമുടിയേറ്റി ആറു പതിറ്റാണ്ട് മുമ്പ് സി.ഐ.എ ഹിമാലയത്തിൽ സ്ഥാപിച്ച ആണവ ഉപകരണം
text_fields1965, ശീതയുദ്ധം അതിന്‍റെ ഉച്ചിയിൽ നിൽക്കുന്ന കാലം. ചൈന ഒരു അണുബോംബ് പരീക്ഷിച്ചു. അമേരിക്കൻ ചാര ഏജൻസിയായ സി.ഐ.എ, ഇന്ത്യയിൽ നിന്ന് ചൈനയുടെ ആണവ മിസൈൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു രഹസ്യ പദ്ധതി ആസൂത്രണം ചെയ്തു. ഇന്ത്യയുടെ അതിർത്തിക്ക് അഭിമുഖമായുളള നന്ദാദേവി പർവതത്തിന്‍റെ മുകളിൽ ആണവശേഷിയുളള ആന്റിന സ്ഥാപിച്ച് ചൈനയുടെ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ചു.
ഉത്തരാഖണ്ഡിലെ സ്ഥിതിചെയ്യുന്ന നന്ദാദേവി പർവതം കേന്ദ്രീകരിച്ച് ചൈനക്കുള്ളിലെ സിഗ്നലുകൾ പിടിച്ചെടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. അതിനായി ഒരു ആന്റിന, കേബിളുകൾ, 13 കിലോഗ്രാം ജനറേറ്റർ എന്നിവ ഉൾപ്പെടുന്ന SNAP-19C എന്ന പ്ലുട്ടോണിയം ഉപയോഗിച്ചുളള ആണവവൈദ്യുത ജനറേറ്ററായിരുന്ന ഉപകരണം സ്ഥാപിച്ചു. അതീവ തണുപ്പുള്ള പ്രദേശങ്ങളിൽ വർഷങ്ങളോളം പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലുള്ള വൈദ്യുതി നൽകുക എന്നതായിരുന്നു ഉപകരണത്തിന്‍റെ ലക്ഷ്യം.
ശാസ്ത്രീയ ഗവേഷണമെന്ന പേരിൽ, അമേരിക്കൻ-ഇന്ത്യൻ ഉദ്യോഗസ്ഥരും പർവതരോഹകരും ഈ ദൗത്യത്തിൽ പങ്കാളികളായി. ഇന്ത്യൻ ഭാഗത്ത് നിന്ന് ക്യാപ്റ്റൻ എം.എസ്. കോഹ്‍ലി അടക്കമുള്ളവർ ഉൾപ്പെട്ടിരുന്നു. 1965 ഒക്ടോബറിൽ, സംഘം നന്ദാദേവിയുടെ മുകളിൽ ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായ ഹിമപാതവും കൊടുങ്കാറ്റും ഉണ്ടായി. ജീവൻ രക്ഷിക്കാനായി അവർ ദൗത്യം ഉപേക്ഷിച്ച് മടങ്ങി.
നാഗസാക്കിയിൽ ഉപയോഗിച്ച അണുബോംബിന്‍റെ മൂന്നിലൊന്ന് തീവ്രതയുള്ള ആ ഉപകരണം അവരവിടെ ഉപേക്ഷിച്ച് പോയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അത് പിന്നീടൊരിക്കലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, അമേരിക്ക ഒരിക്കലും ഈ ദൗത്യം ഔദ്യോഗികമായി അംഗീകരിച്ചില്ല.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, ഒരു കോക്ക്ടെയിൽ പാർട്ടിയിൽ വെച്ചാണ് ദൗത്യത്തെകുറിച്ചുളള ആശയം രൂപപ്പെടുന്നത്. യു.എസ് വ്യോമസേനാ മേധാവി ജനറൽ കർട്ടിസ് ലെമേ, നാഷണൽ ജിയോഗ്രാഫിക് ഫോട്ടോഗ്രാഫറും എവറസ്റ്റ് പർവതാരോഹകനുമായ ബാരി ബിഷപ്പുമായി സംസാരിക്കുന്നതിനിടയിൽ ഹിമാലയൻ കൊടുമുടികളിൽ നിന്നും ടിബറ്റിലേക്കും ചൈനയിലേക്കുമുളള കാഴ്ചകൾ എപ്രകരമാണെന്ന് ചോദിച്ച് മനസിലാക്കി.
സി.ഐ.എ ബിഷപ്പിനോട് ശാസ്ത്രീയ ഗവേഷണം എന്ന വ്യാജേന ഒരു രഹസ്യ പര്യവേക്ഷണം സംഘടിപ്പിക്കാൻ ആവശ്യപ്പെടുകയും അതിനായി അദ്ദേഹം പർവതാരോഹകരെ നിയമിക്കുകയും ദൗത്യം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. ‘സിക്കിം സയന്റിഫിക് എക്സ്പെഡിഷൻ’ വ്യാജേന സ്ഥാപിച്ച അദ്ദേഹം ഒരു യുവ അമേരിക്കൻ പർവതരോഹകനും അഭിഭാഷകനുമായ ജിം മക്കാർത്തിയെ കൊണ്ടുവന്നു. ഏജൻസി ഒരു സുപ്രധാന ദേശീയ സുരക്ഷാ ചുമതല നൽകി എന്നറിയിച്ച് പ്രതിമാസം 1,000 ഡോളറും നൽകി.
1962 ലെ യുദ്ധത്തിനുശേഷം ചൈനയെക്കുറിച്ചുള്ള ഭയത്താൽ ഇന്ത്യയും ദൗത്യത്തിൽ പങ്കാളികളായി. 1965 സെപ്റ്റംബറിൽ പർവതാരോഹണം ആരംഭിച്ചു. സംഘം തിരികെ എത്തിയപ്പോൾ, ആ ഉപകരണം അവിടെ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായിരുന്നു. ഹിമപാതത്തിൽ ഒലിച്ചുപോയതോ, ആഴത്തിലുള്ള മഞ്ഞിനടിയിൽ മറഞ്ഞതോ ആയിരിക്കാമെന്ന് കരുതുന്നു. റേഡിയേഷൻ ഡിറ്റക്ടറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ തിരച്ചിലുകളും പരാജയപ്പെട്ടു.
1976 വരെ ഈ രഹസ്യം മറച്ചുവെച്ചു. പൊട്ടിത്തെറിക്കാൻ സാധ്യത ഇല്ലെങ്കിലും പ്ലൂട്ടോണിയം അത്യന്തം വിഷാംശമുളളതാണ്. ആണവ ഉപകരണം ഹിമാലയത്തിലെ മഞ്ഞിനടിയിൽ എവിടെയെങ്കിലും ഉണ്ടാകാമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു. ഹിമാനികൾ ഉരുകുമ്പോൾ, പ്ലൂട്ടോണിയം ഗംഗയുടെ ഉപനദികളിലേക്ക് ഒഴുകിച്ചേരാമെന്ന ഭയം ചില വിദഗ്ധർ ഉയർത്തുന്നു. എന്നാൽ, വ്യക്തമായ മലിനീകരണ തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

