ഇന്ന് ലോക കടലാമ ദിനം; ചാവക്കാട് കടലാമകളുടെ തലസ്ഥാനം
text_fieldsമുട്ടയിട്ട് കടലിലേക്ക് തിരിച്ചുപോകുന്ന ഒലീവ് റിഡ്ലി വിഭാഗത്തിൽപെട്ട കടലാമ
ചാവക്കാട്: മറ്റൊരു കടലാമ ദിനംകൂടി എത്തുന്നു, പതിവുപോലെ ചാവക്കാടിന് കടലോളം അഭിമാനം. കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തുന്നത് ചാവക്കാട് തീരമേഖലയിലാണ്. കേരളത്തിൽ ഏറ്റവും സജീവമായി കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നതും ചാവക്കാട്ടാണ്. 1990കളിൽ കോഴിക്കോട് കൊളാവിപ്പാലം ബീച്ചിലെ ‘തീരം’എന്ന സംഘടനയാണ് കേരളത്തിൽ ആദ്യമായി കടലാമ സംരക്ഷണം എന്ന ആശയവുമായി പ്രവർത്തനം ആരംഭിച്ചത്.
പ്രകൃതി ശ്രീവാസ്തവ തൃശൂർ ഡി.എഫ്.ഒ ആയിരുന്ന 2007ലാണ് വനം വകുപ്പ് തീരമേഖലയിൽ വി.എസ്.എസ് (വനം സംരക്ഷണ സമിതി) രൂപവത്കരിച്ച് കടലാമ സംരക്ഷണത്തിന് തുടക്കം കുറിച്ചത്. ഇരട്ടപ്പുഴ കടലാമ സംരക്ഷണ സമിതി (ഫൈറ്റേഴ്സ് ക്ലബ്), പുത്തൻ കടപ്പുറം കടലാമ സംരക്ഷണ സമിതി (സൂര്യ ക്ലബ്), പുന്നയൂർ കടലാമ സംരക്ഷണ സമിതി എന്നീ പേരുകളിൽ വനം വകുപ്പിൽ രജിസ്റ്റർചെയ്ത വി.എസ്.എസ് സംഘങ്ങൾക്ക് പുറമെ സോഷ്യൽ ഫോറെസ്ട്രി ഡിപ്പാർട്മെന്റ് നിയോഗിച്ച ഏതാനും വാച്ചർമാരുടെ മേൽനോട്ടത്തിൽ ചാവക്കാട്, അകലാട്, മന്നലാംകുന്ന്, പാപ്പാളി ബീച്ചുകളിലായി കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
എടക്കഴിയൂർ കടൽത്തീരത്ത് മുട്ടയിടുന്ന ഒലീവ് റിഡ്ലി വിഭാഗത്തിൽപെട്ട കടലാമ
ഏഴ് ഇനം കടലാമകളിൽ വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്ലി വിഭാഗത്തിൽപെട്ട കടലാമകളാണ് ചാവക്കാട് തീരത്ത് മുട്ടയിടാനെത്തുന്നത്. അപൂർവം സന്ദർഭങ്ങളിൽ നൂറിനു താഴെയും മുട്ടകൾ ഇടാറുണ്ട്. കുഴി മണ്ണിട്ടുമൂടി ആമകൾ കടലിലേക്കു മടങ്ങും. തുടർന്ന് കടലാമ സംരക്ഷണ പ്രവർത്തകർ മുട്ടകൾ ശേഖരിച്ച് താൽക്കാലിക ഹാച്ചറികളിലേക്കു മാറ്റും.
45 ദിവസമാണ് മുട്ട വിരിയാനുള്ള കാലാവധി. ഈ വർഷം ചാവക്കാട് തീരത്ത് 200ലധികം ആമകളാണ് മുട്ടയിടാൻ എത്തിയത്. സംരക്ഷണ സമിതികളുടെ സംരക്ഷണത്തിൽ 20,000ത്തോളം മുട്ടകളിൽനിന്ന് 12,000ത്തോളം കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. പുത്തൻ കടപ്പുറം സൂര്യ ക്ലബ് ഹാച്ചറിയിൽ 74 ആമകളിൽ നിന്നായി 7000 മുട്ടകളിൽ 2000 കുഞ്ഞുങ്ങൾ മാത്രമാണ് വിരിഞ്ഞത്.
മുട്ടകൾ വിരിഞ്ഞ് കടലിലേക്ക് പോകുന്ന കടലാമക്കുഞ്ഞുങ്ങൾ. സലീം ഐഫോക്കസ് പകർത്തിയ ചിത്രങ്ങൾ
തീരപ്രദേശത്ത് പടർന്നുനിൽക്കുന്ന അടമ്പുവള്ളി ചെടികളുടെ വേരുകളാണ് ഇത്തവണ വില്ലനായതെന്ന് സൂര്യ ക്ലബ് ഭാരവാഹി സെയ്ദ് മുഹമ്മദ് പറഞ്ഞു. ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇപ്പോൾ ആമകൾ മുട്ടയിടാൻ എത്തുന്നത്. മുൻകാലങ്ങളിൽ ഒക്ടോബർ മുതൽ ആമകൾ എത്തിയിരുന്നുവെന്ന് കടലാമ നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ സലീം ഐഫോക്കസ് പറഞ്ഞു.
ചെറുമത്സ്യങ്ങളുടെ ഭക്ഷണമായ ജെല്ലി ഫിഷാണ് കടലാമകളുടെ മുഖ്യ ആഹാരം. ഇവയുടെ വംശനാശഭീഷണി മത്സ്യസമ്പത്തിന്റെ വൻ ഇടിവിനും കാരണമാകും. 20 വർഷത്തോളമായ ചാവക്കാട്ടുകാരുടെ സംരക്ഷണപ്രവർത്തനങ്ങളിലൂടെ രണ്ടു ലക്ഷത്തോളം കടലാമക്കുഞ്ഞുങ്ങളെയെങ്കിലും വിരിയിച്ച് കടലിലേക്കു വിടാനായിട്ടുണ്ടെന്ന് ഗ്രീൻ ഹാബിറ്റാറ്റ് ഡയറക്ടർ എൻ.ജെ. ജെയിംസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.