ചീറ്റകൾക്കൊപ്പം ഉറങ്ങുന്ന ആ മനുഷ്യൻ ഇന്ത്യക്കാരനല്ല; വിഡിയോയുടെ യാഥാർഥ്യമെന്ത്?
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ സിരോഹിയിൽ നിന്നെന്ന പേരിൽ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയുടെ യാഥാർഥ്യം മറ്റൊന്ന്. പിപ്ലേശ്വർ മഹാദേവ ക്ഷേത്രത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നതായിരുന്നു മൂന്ന് ചീറ്റകളുടെ ഒപ്പം സുഖനിദ്ര പൂകുന്ന ഒരു മനുഷ്യന്റെ വിഡിയോ. ക്ഷേത്രത്തിലെ പുരോഹിതൻ പുള്ളിപ്പുലികളുടെ കുടുംബത്തോടൊപ്പം ഉറങ്ങാറുണ്ടെന്നും സർക്കാർ വന്യജീവി വകുപ്പ് സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് ഈ മനോഹരമായ നിമിഷം പകർത്തിയെന്നുമായിരുന്നു അവകാശവാദം.
‘രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിൽ പിപ്ലേശ്വർ മഹാദേവിന്റെ ഒരു ക്ഷേത്രമുണ്ട്. അവിടെ പുള്ളിപ്പുലികളുടെ കുടുംബം രാത്രിയിൽ പുരോഹിതന്റെ അടുത്ത് ഉറങ്ങുന്നു. സർക്കാർ വന്യജീവി വകുപ്പ് ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ അവർ അവിടെ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. ഈ മനോഹരമായ ദൃശ്യം നിങ്ങൾക്ക് കാണാം’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
എന്നാൽ, ‘ഫാക്ട് ക്രസന്റോ’ എന്ന സൈറ്റ്, വിഡിയോക്കൊപ്പം ഉന്നയിച്ച അവകാശവാദം തെറ്റാണെന്ന് വസ്തുതാ പരിശോധനയിലൂടെ കണ്ടെത്തി. വിഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല. രാജസ്ഥാനിലെ പിപ്ലേശ്വർ മഹാദേവ് ക്ഷേത്രത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിൽ കാണിക്കുന്നില്ല. 2018ൽ ദക്ഷിണാഫ്രിക്കയിൽ നടത്തിയ ‘ദി ചീറ്റ എക്സ്പീരിയൻസ്’ എന്ന പരീക്ഷണത്തിൽ നിന്നുള്ള ഒരു സംഭവം ആണെന്നും അവർ പറയുന്നു.
യൂടൂബിൽ കീവേഡ് വെച്ച് നടത്തിയ സെർച്ചിലൂടെയാണ് ഇവർ അന്വേഷണം ആരംഭിച്ചത്. ഡോൾഫ് സി വോൾക്കർ എന്നയാളുടെ ചാനൽ 2019 ജനുവരി 21ന് പോസ്റ്റ് ചെയ്ത ദൈർഘ്യമേറിയ വിഡിയോയിലാണ് ടീം ചെന്നെത്തിയത്. ‘ചീറ്റകൾക്ക് തണുത്ത തറയാണോ അതോ ചൂടുള്ള പുതപ്പുകളോ തലയിണയോ ഒരു കൂട്ടുകാരനെയോ ആണോ പ്രിയങ്കരം? മൂന്ന് വലിയ പൂച്ചകൾക്കൊപ്പമുള്ള രാത്രി’ എന്ന തലക്കെട്ടോടെയായിരുന്നു വിഡിയോ.
ചാനലിന്റെ വിശദീകരണമനുസരിച്ച് ചീറ്റകളെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ഡോൾഫ് സി വോൾക്കർ ഒരു മൃഗപ്രേമിയാണ്. ഈ മൃഗങ്ങൾ ദക്ഷിണാഫ്രിക്കയിലെ ‘ചീറ്റ എക്സ്പീരിയൻസ്’ എന്ന ബ്രീഡിംഗ് സെന്ററിൽ നിന്നുള്ളതാണെന്നും വ്യക്തമാവുന്നു.
വിഡിയോ ക്രെഡിറ്റുകൾ ഡോൾഫ് സി വോൾക്കറിന് അവകാശപ്പെട്ടതാണെന്ന് പ്രസ്താവിക്കുന്ന ഫോറസ്റ്റ് സർവിസിലെ പർവീൺ കസ്വാൻ എന്നയാൾ 2020 ജൂൺ 10ന് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഫാക്ട് ചെക്കിങ് ടീം കണ്ടെത്തി. കമന്റുകളിലൂടെ കടന്നുപോയപ്പോൾ, 2018ൽ ദക്ഷിണാഫ്രിക്കയിൽ നടത്തിയ ‘ദി ചീറ്റ എക്സ്പീരിയൻസ്’ എന്ന പരീക്ഷണത്തിൽ നിന്നുള്ള വിഡിയോയാണെന്ന് പരാമർശിച്ച ഒരു ട്വിറ്റർ ഉപയോക്താവിനെയും കണ്ടെത്തി. ചീറ്റകളുടെ പേര് ഗബ്രിയേൽ, വോൾക്കർ എന്നിവയാണെന്ന് അതിൽ പരാമർശിച്ചിരുന്നു.
ഇതുവെച്ചുകൊണ്ട് സംഘം ഗൂഗിളിൽ തിരച്ചിൽ നടത്തിയപ്പോൾ ഡോൾഫ് സി വോൾക്കറിനെക്കുറിച്ചും ചീറ്റകളോടുള്ള അദ്ദേഹത്തിന്റെ അതീവ സ്നേഹത്തെക്കുറിച്ചും എഴുതിയ ലേഖനങ്ങൾ കണ്ടെത്തി. ഡോൾഫ് തന്റെ ചീറ്റയോടൊപ്പം കെട്ടിപ്പിടിച്ച് ഉറങ്ങുന്നതിന്റെ നിരവധി ചിത്രങ്ങൾ അതിൽ പ്രസിദ്ധീകരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.