സുഡാനിൽ യുദ്ധവും കാലാവസ്ഥാ വ്യതിയാനവും; കടുത്ത പോഷകാഹാരക്കുറവിൽ 8.25 ലക്ഷം കുട്ടികൾ
text_fieldsപോർട്ട് സുഡാൻ: ആഭ്യന്തരയുദ്ധത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പിന്നാലെ സുഡാനിൽ കുട്ടികളിലെ പോഷകാഹാരക്കുറവ് രൂക്ഷമാകുന്നു. 2026ൽ അഞ്ചുവയസ്സിന് താഴെയുള്ള 8.25 ലക്ഷം കുട്ടികൾ കടുത്ത തീവ്ര പോഷകാഹാരക്കുറവ് നേരിടേണ്ടിവരുമെന്നാണ് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ മുന്നറിയിപ്പ്. 2025നെ അപേക്ഷിച്ച് ഏഴ് ശതമാനത്തിന്റെ വർധനയാണിത്.
യുദ്ധം, വരൾച്ച, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, കുടിയൊഴിപ്പിക്കൽ, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് സ്ഥിതി വഷളാക്കുന്നത്. സ്വന്തം മക്കൾക്ക് ആവശ്യത്തിന് ഭക്ഷണം നൽകാൻ കഴിയാതെ ആയിരക്കണക്കിന് മാതാപിതാക്കൾ ദുരിതത്തിലാണ്. 2023 ഏപ്രിൽ മുതൽ സുഡാനീസ് സായുധസേനയും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ തുടരുന്ന ആഭ്യന്തരയുദ്ധം രാജ്യത്തെ ഭക്ഷ്യ-ആരോഗ്യ മേഖലകളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ഈ വർഷം ആദ്യ ആറുമാസത്തിനിടെ യുനിസെഫും പങ്കാളി സംഘടനകളും ചേർന്ന് രാജ്യത്തുടനീളം 1,74,700 കുട്ടികൾക്ക് കടുത്ത പോഷകാഹാരക്കുറവിനുള്ള ചികിത്സ നൽകി. പോർട്ട് സുഡാൻ ടീച്ചിംഗ് ആശുപത്രിയിൽ മാത്രം ജനുവരി മുതൽ ഓഗസ്റ്റ് വരെ 433 കേസുകൾ റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിലെ 17 കിടക്കകളുള്ള പോഷകാഹാരക്കുറവ് ചികിത്സാ വിഭാഗത്തിൽ ഒരു കിടക്കയിൽ മൂന്ന് കുട്ടികളെ വരെ കിടത്തേണ്ട അവസ്ഥയാണുള്ളത്. കുട്ടികളുടെ എണ്ണം വർധിച്ചതോടെ ആശുപത്രിയിൽ തിരക്ക് രൂക്ഷമായതായും ഇത് അണുബാധ പടരാനുള്ള സാധ്യത വർധിപ്പിക്കുന്നതായും അധികൃതർ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെയും യുനിസെഫിന്റെയും സഹായത്തോടെ ചികിത്സാ പാലും മറ്റ് പോഷകാഹാര സാമഗ്രികളും സൗജന്യമായി നൽകുന്നുണ്ടെങ്കിലും മരുന്നുകൾക്കും ഡ്രിപ്പ് ഉൾപ്പെടെയുള്ള ചികിത്സകൾക്കും കുടുംബങ്ങൾ പണം കണ്ടെത്തേണ്ടിവരുന്നത് വലിയ പ്രതിസന്ധിയാണ്.
പടിഞ്ഞാറൻ സുഡാനിലെ ഡാർഫർ മേഖലയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 2023-ലെ രാജ്യവ്യാപക സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ അവിടെ രണ്ട് പതിറ്റാണ്ട് യുദ്ധം നേരിട്ടിരുന്നു. 2025 ജനുവരി മുതൽ മേയ് വരെ വടക്കൻ ഡാർഫറിൽ മാത്രം കുറഞ്ഞത് 40,000 പോഷകാഹാരക്കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തതായി യുനിസെഫ് വ്യക്തമാക്കുന്നു. അന്ന് ആർ.എസ്.എഫ് സംസ്ഥാന തലസ്ഥാനമായ എൽ-ഫാഷറിനെ ഉപരോധിച്ചിരുന്നു. പിന്നീട് ഒക്ടോബറിൽ നഗരം പിടിച്ചെടുത്തു, അവിടെ ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നതായി ആരോപിക്കപ്പെടുന്നു.
തെക്കുകിഴക്കൻ സുഡാനിലെ ബ്ലൂ നൈൽ സംസ്ഥാനത്തെ കുടിയൊഴിപ്പിക്കൽ ക്യാമ്പുകളിലും കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവ് വർധിക്കുകയാണ്. അൽ കരാമ 3 ക്യാമ്പിൽ മാത്രം സെപ്റ്റംബറിലെ 1,800 കേസുകൾ നവംബറിൽ 2,116 ആയി ഉയർന്നു. രോഗബാധിതരിൽ 1,760 പേരും അഞ്ചുവയസ്സിന് താഴെയുള്ളവരാണ്.
അതേസമയം, എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതും രാജ്യത്തിന്റെ പകുതിയോളം പ്രദേശങ്ങളിൽ വരൾച്ച അനുഭവപ്പെടുന്നതും ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കുന്നു. വടക്കൻ ഡാർഫറിലെ മൂന്നിൽ രണ്ടുഭാഗം കൃഷിയിടങ്ങളിലും തെക്കൻ ഡാർഫറിലെയും കോർഡോഫാനിലെയും പകുതിയോളം കൃഷിയിടങ്ങളിലും സസ്യവളർച്ച മോശമായതായി ഐ.പി.സി റിപ്പോർട്ട് ചെയ്യുന്നു. ഇത് വിളവെടുപ്പിനെ ബാധിക്കുകയും ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കുകയും ചെയ്യുന്നു.
യുദ്ധത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും പ്രത്യാഘാതങ്ങൾക്കൊപ്പം പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ടെന്ന് പോർട്ട് സുഡാൻ ടീച്ചിംഗ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മെഡിക്കൽ ഡയറക്ടർ ഡോ. അഹമ്മദ് യൂസഫ് പറഞ്ഞു. ഗ്രാമീണ മേഖലകളിലെ പല കുടുംബങ്ങളും മാവും പാലും മാത്രമാണ് പ്രധാന ഭക്ഷണമായി ആശ്രയിക്കുന്നത്. ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യങ്ങളുടെ അഭാവവും ഭക്ഷ്യമലിനീകരണവും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.
ചികിത്സാച്ചെലവിനെക്കുറിച്ചുള്ള ഭയവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം പല കുടുംബങ്ങളും കുട്ടികളുടെ ആരോഗ്യനില ഗുരുതരമായ ശേഷമാണ് ആശുപത്രിയിലെത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത പോഷകാഹാരക്കുറവും ഭക്ഷ്യക്ഷാമവും നേരിടുന്ന സുഡാനിലെ കുട്ടികളുടെ ദുരിതം യുദ്ധത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഇരട്ട ആഘാതം വ്യക്തമാക്കുന്നതാണ്.

