മെസ്സി ആയാൽ ആഹാ, വിനീഷ്യസിന് ഓഹോ; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതിയുമായി ബ്രസീൽ
text_fieldsറിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോളിലെ റഫറിമാരുടെ തീരുമാനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ. സ്കോട്ലൻഡിനെതിരായ ഗ്രൂപ്പ് സി മത്സരത്തിൽ വിനീഷ്യസ് ജൂനിയറിന്റെ ഗോൾ വാർ പരിശോധനയിലൂടെ നിഷേധിച്ചതാണ് ബ്രസീലിനെ ചൊടിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ മെക്സിക്കൻ റഫറി സീസർ റാമോസിനെതിരെ സി.ബി.എഫ് പ്രസിഡന്റ് സമീർ ഡി അറൗജോ സോഡ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് നേരിട്ട് പരാതി നൽകി.
വിവാദമായ 'ഗോൾ നിഷേധം'
മത്സരത്തിന്റെ 21-ാം മിനിറ്റിലായിരുന്നു നാടകീയ സംഭവങ്ങൾ. വിനീഷ്യസ് ജൂനിയർ സ്കോട്ലൻഡ് താരം ജാക്ക് ഹെൻഡ്രിയിൽ നിന്ന് പന്ത് തട്ടിയെടുത്ത് ഗോളാക്കി മാറ്റിയെങ്കിലും, വാർ ഇടപെടലിലൂടെ റഫറി അത് നിഷേധിക്കുകയായിരുന്നു. ഗോളിന് വഴിയൊരുക്കിയ നീക്കത്തിൽ ഫൗൾ ഉണ്ടെന്നാരോപിച്ചായിരുന്നു റഫറിയുടെ നടപടി. എന്നാൽ, ഇതൊരു 'ക്ലിയർ ആൻഡ് ഒബ്വിയസ്' ഫൗൾ അല്ലെന്നും താരങ്ങൾ പോലും അപ്രതീക്ഷിതമായാണ് റഫറിയുടെ തീരുമാനത്തെ നോക്കിക്കണ്ടതെന്നും ബ്രസീലിയൻ ടീം മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നു.
പഴയ പകയും റഫറിയും
സീസർ റാമോസിനെ ബ്രസീലിന്റെ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാണ് സി.ബി.എഫിന്റെ പ്രധാന ആവശ്യം. 2018 ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ബ്രസീലിന് അർഹമായ പെനാൽറ്റി നിഷേധിച്ചതും, സ്വിസ് ടീമിന്റെ സമനില ഗോളിന് വഴിയൊരുക്കിയ ഫൗൾ റഫറി ശ്രദ്ധിക്കാതിരുന്നതും ഉൾപ്പെടെയുള്ള 'നെഗറ്റീവ് ഹിസ്റ്ററി' ചൂണ്ടിക്കാട്ടിയാണ് റാമോസിനെതിരായ നീക്കം. ഇത്തരം മുൻവൈരാഗ്യമുള്ള റഫറിയെ ബ്രസീലിന്റെ മത്സരത്തിന് നിയോഗിച്ചത് തന്നെ തെറ്റാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
മെസ്സിയുടെ ഗോൾ ഉദാഹരണമാക്കി ബ്രസീൽ
റഫറിമാരുടെ ഇരട്ടത്താപ്പിനെതിരെ ബ്രസീൽ ഉയർത്തുന്ന വാദം ഏറെ കൗതുകകരമാണ്. ഓസ്ട്രിയക്കെതിരെ അർജന്റീന താരം ലയണൽ മെസ്സി നേടിയ ഗോളിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് സിബിഎഫ് പരാതി സമർപ്പിച്ചിരിക്കുന്നത്. മെസ്സിയുടെ ഗോളിന് വഴിയൊരുക്കിയ നീക്കത്തിൽ സമാനമായ രീതിയിൽ ശരീരങ്ങൾ തമ്മിൽ ഉരസിയെങ്കിലും റഫറി ഗോൾ അനുവദിച്ചിരുന്നു. എന്നാൽ, തങ്ങളുടെ കാര്യത്തിൽ മാത്രം കടുപ്പമേറിയ നിലപാട് സ്വീകരിക്കുന്നുവെന്ന് ബ്രസീലിയൻ അധികൃതർ കുറ്റപ്പെടുത്തുന്നു. ടൂർണമെന്റിലുടനീളം നിലനിൽക്കുന്ന ഈ അസ്ഥിരതയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് ബ്രസീൽ ഫുട്ബോൾ ഭരണകൂടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

