ഉറിയിൽ കടഞ്ഞെടുത്ത സംസ്കാരം...; ഊത്തുക്കുളി ഇന്ത്യയുടെ 'വെണ്ണ തലസ്ഥാനം' ആയത് എങ്ങനെ?
text_fieldsപരമ്പരാഗതമായി കടഞ്ഞെടുക്കുന്ന രീതിയിലൂടെ തയറാക്കുന്ന ചെറിയ പുളിപ്പും മൃദുവായ പ്രത്യേക ഘടനയുമുള്ള ഈ നാടൻ വെണ്ണക്ക് വൻ സ്വീകാര്യതയാണ് ഉള്ളത്. സാധാരണയായി നമ്മൾ കഴിക്കുന്ന വെണ്ണയെക്കുറിച്ച് അധികം ആരും ചിന്തിക്കാറില്ല. എന്നാൽ തമിഴ്നാട്ടിലെ ഒരു ചെറിയ ഗ്രാമത്തിൽ വെണ്ണ വെറുമൊരു ഭക്ഷണവസ്തു മാത്രമല്ല തലമുറകളായി പകർന്നുനൽകിയ അവരുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അടയാളം കൂടിയാണ്.
തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലുള്ള ഊത്തുക്കുളി എന്ന സ്ഥലമാണ് 'ഇന്ത്യയുടെ വെണ്ണ തലസ്ഥാനം' എന്ന വിശേഷണത്തിന് അർഹമായിട്ടുള്ളത്. ദശാബ്ദങ്ങളായി ഈ പ്രദേശം ലോകപ്രശസ്തമായ 'ഊത്തുക്കുളി വെണ്ണയുമായി' ചേർന്നുനിൽക്കുന്നു. കാലങ്ങളായി തുടർന്നുവരുന്ന പരമ്പരാഗത രീതികളിലൂടെയാണ് ഇവിടെ വെണ്ണ ഉണ്ടാക്കുന്നത്. അതിന്റെ പ്രത്യേക രുചിയും ഗുണനിലവാരവും കാരണം ലോകമെമ്പാടുമുള്ള ഭക്ഷ്യപ്രിയർക്കിടയിൽ ഇതിന് വലിയ സ്വീകാര്യതയുണ്ട്.
സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന കൃത്രിമ വെണ്ണകളിൽ നിന്ന് വ്യത്യസ്തമായി ഊത്തുക്കുളി വെണ്ണക്ക് തികച്ചും വ്യത്യസ്തമായ സവിശേഷതകളാണുള്ളത്. ഇതിന്റെ മൃദുവായ ഘടനയും ചെറിയ പുളിപ്പുള്ള സ്വാദും ആളുകളെ പെട്ടെന്ന് ആകർഷിക്കുന്നു. പാൽ കൃത്യമായ രീതിയിൽ പുളിപ്പിച്ച് പരമ്പരാഗതമായ മാർഗങ്ങളിലൂടെ തയാറാക്കുമ്പോഴാണ് ഈ പ്രത്യേക രുചി ലഭിക്കുന്നത്. വലിയ ഫാക്ടറികളിൽ നിർമിക്കുന്നതിന് പകരം ഇവിടുത്തെ ആളുകൾ ചെറിയ ബാച്ചുകളായാണ് ഇത് ഉണ്ടാക്കുന്നത്.
പൂർണമായും പുതിയ പാലിൽ നിന്നാണ് ഇതിന്റെ തുടക്കം. പാൽ തിളപ്പിച്ച് തണുപ്പിച്ച ശേഷം അതിലെ ക്രീം ശേഖരിച്ചുവെക്കുന്നു. ആവശ്യത്തിന് ക്രീം ലഭിച്ചുകഴിഞ്ഞാൽ തടി കൊണ്ടുണ്ടാക്കിയ മഥനികൾ ഉപയോഗിച്ച് വെണ്ണ തനിയെ വേർതിരിച്ചെടുക്കുന്നതുവരെ ഇത് കടയുന്നു. തുടർന്ന് ഇത് കഴുകി വൃത്തിയാക്കി ആവശ്യമായ പരുവത്തിലാക്കി ഉപയോഗത്തിനായി മാറ്റുന്നു. ആധുനിക കാലത്ത് ഫാക്ടറികളിൽ വേഗത്തിൽ പണികൾ നടക്കുന്നുണ്ടെങ്കിലും അധ്വാനം നിറഞ്ഞ ഈ പരമ്പരാഗത രീതിയാണ് ഊത്തുക്കുളിയുടെ ഡെയറി പൈതൃകത്തെ ഇന്നും സജീവമായി നിലനിർത്തുന്നത്.
ഈ പ്രദേശത്തെ ഡെയറി ഫാർമിങുമായി നൂറ്റാണ്ടുകളായി വെണ്ണ നിർമാണം ബന്ധപ്പെട്ടിരിക്കുന്നു. പ്രാദേശിക കർഷകരുടെയും ഡെയറി യൂണിറ്റുകളുടെയും നിരന്തരമായ പരിശ്രമത്താൽ ഊത്തുക്കുളി വെണ്ണ ഈ ചെറിയ ഗ്രാമത്തിന്റെ അതിരുകളും കടന്ന് തമിഴ്നാട്ടിലെമ്പാടും ലഭ്യമായിരിക്കുകയാണ്. ഈ തനത് ഭക്ഷണവിഭവത്തിന്റെ തനിമ കാത്തുസൂക്ഷിക്കാൻ നിരവധി സംരംഭങ്ങളും പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

