ട്രാവൽ ഫൂഡീ സിദ്ധിക്ക്
text_fieldsഅബൂബക്കർ സിദ്ധിക്ക്.
സ്നേഹം പങ്കുവെക്കാനും മനസ്സുകളെ അടുപ്പിക്കാനുമുള്ള ഒരു വഴിയാണ് നല്ല ഭക്ഷണം എന്ന് പറയാറുണ്ട്. ആസ്വദിച്ച് കഴിക്കുന്ന ഓരോ ഭക്ഷണത്തിനും നമ്മുടെ മനസ്സ് കൂടെ നിറക്കാൻ പറ്റും എന്ന് പറയുന്നത് വെറുതെയല്ല. ഭക്ഷണത്തിന് അങ്ങനെ ഒരു മാന്ത്രികതകൂടിയുണ്ട്. ഭക്ഷണത്തെ മാത്രമല്ല, ഭക്ഷണത്തിലൂടെ ലഭിക്കുന്ന സ്നേഹത്തിൽ വിശ്വസിക്കുന്ന ഒരാളുണ്ട്. പട്ടാമ്പി വല്ലാപ്പുഴ സ്വദേശിയായ അബൂബക്കർ സിദ്ധിക്ക്.
കഴിഞ്ഞ 13 വർഷമായി സിദ്ധിക്ക് യു.എ.ഇയിലുണ്ട്. മൂന്ന് വർഷമായി യു.എ.ഇയിൽ വ്ലോഗ്ഗിങ് തുടങ്ങിയിട്ട്. ഒരോ രുചികളും ആസ്വദിച്ചുകൊണ്ട് സാധാരണക്കാരന് താങ്ങാവുന്ന രുചികൾ പരിചപ്പെടുത്തിക്കൊണ്ട് യു.എ.ഇയിലെ ഒട്ടുമിക്ക റെസ്റ്റോറന്റുകളും സിദ്ധീക്കിന് സുപരിചിതമാണ്.
ട്രാവൽ ഫൂഡീ എന്നാണ് ഇൻസ്റ്റാഗ്രാം പേജിന്റെ പേര്. യാത്രയും ഭക്ഷണവുമാണ് സിദ്ദീക്കിന്റെ ഇഷ്ടവിഷയങ്ങൾ. അതുകൊണ്ട് തന്നെയാണ് ട്രാവൽ ആൻഡ് ഫുഡ് വ്ലോഗിങ് തിരഞ്ഞെടുത്തതും. ടിക്ടോക്കിലാണ് ആദ്യമായി വീഡിയോ ചെയ്തത്. അന്ന് വീഡിയോക്ക് കിട്ടിയ കമന്റുകളും റീച്ചും തന്നെയാണ് വീണ്ടും വീണ്ടും കൂടുതൽ വീഡിയോ ചെയ്യാനുള്ള പ്രചോദനം നൽകിയതും. ഇന്ന് ഒരു ലക്ഷത്തിലധികം ആരാധകരുമുണ്ട്.
ഭക്ഷണപ്രിയനായ സിദ്ധിക്കിന്, ചെറുപ്പത്തിൽ തന്നെ പൈസ സ്വരുക്കൂട്ടി രുചികൾ തേടി നടക്കുന്നത് ഒരു ഹോബിയായിരുന്നു. ഉമ്മുമ്മയോടൊപ്പം ചെറുയാത്രകളിലും കച്ചവടപ്പാതയിലുമുള്ള വഴിയിലെ ഭക്ഷണങ്ങളിലൂടെയും രുചിയാത്ര തുടങ്ങിയിരുന്നു. ആ താൽപര്യം പിന്നീട് ശക്തമായ ഒരു പാഷനായി മാറി. പ്രൊമോഷനും യാത്രകളുടെ വീഡിയോകളും ഫൂഡ് വ്ളോഗ്ഗുകളുമൊക്കെയായി സിദ്ധിക്കിന്റെ വീഡിയോകൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
സിദ്ധിക്ക് സുഹൃത്തുക്കളോടൊപ്പം
ഫുഡ് വ്ലോഗ് എന്നത് വെറുതെയൊരു ട്രെൻഡല്ലെന്ന് സിദ്ധിക്ക് പറയുന്നു. ഓരോ വീഡിയോക്ക് പിന്നിലും തന്നോടൊപ്പം തന്റെ കൂട്ടുകാരുമുണ്ടാവും. എന്ത് ഭക്ഷണവും ഓരോരുത്തരും കഴിച്ച് അഭിപ്രായം രേഖപ്പെടുടുത്തുന്നത് കൊണ്ട് തന്നെ ഓരോ വിഡിയോയും നൂറുശതമാനം സത്യസന്ധമാണ്. തന്നെ ഇഷ്ടപ്പെടുന്ന സാധാരണക്കാരോട് ഈ നീതി പുലർത്താനും ഓരോ വിഡിയോയിലും ശ്രമിക്കാറുണ്ട്. നിരവധി പേർ വീഡിയോ കണ്ട് താങ്ങാവുന്ന വിലയിൽ നല്ല ഭക്ഷണം പരിചയപ്പെടിത്തിയതിന് നന്ദിയും അറിയിച്ചിട്ടുണ്ട്. ഈ സന്തോഷമാണ് ഭക്ഷണത്തേക്കാൾ തന്റെ മനസ്സ് നിറച്ചെതെന്ന് സിദ്ധിഖ് പറയുന്നു.
ഭക്ഷണപ്രിയരായ സുഹത്തുക്കളുടെ ഒരു ഗാങ് തന്നെയുണ്ട് സിദ്ധിക്കിന്. ജാസിർ, സാലിഹ്, ശരീഫ്, ഷബീർ, സിദ്ധിഖ് തുടങ്ങി നിരവധി പേരുണ്ട് കൂട്ടിന്. വീഡിയോ എടുക്കാനും, എഡിറ്റിങ്ങിനും, ഭക്ഷണം രുചിക്കാനും നല്ല അഭിപ്രായങ്ങൾ പറയാനുമൊക്കെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന ആത്മാർഥത ഉള്ള കൂട്ടുകാർ. കൂട്ടുകാരുടെയും, ഒപ്പം ഫാമിലിയുടെയും സപ്പോർട്ടാണ് തന്റെ വിജയം. യു.എ.ഇയിലെ ഒരു ലബോറട്ടറിയിൽ മാർക്കറ്റിംഗ് മാനേജറായി ജോലി ചെയ്യുന്ന സിദ്ധിക്ക് ഭാര്യ ഖദീജക്കും രണ്ട് മക്കൾക്കുമൊപ്പം അബൂദബിയിലാണ് താമസം. വീഡിയോകളിലൂടെ സാധാരണക്കാരുടെ മനസ്സിൽ സന്തോഷം നിറക്കണം എന്നതാണ് സിദ്ധിക്കിന്റെ ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.