സാലഡ് ഒരു സൈഡ് ഡിഷ് അല്ല...; പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ ഉത്തമം
text_fieldsഷെഫ് ജോബിൻ ജോൺ (ചിത്രം: അഷ്കർ ഒരുമനയൂർ)
തീന്മേശയിൽ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നായി മാറിയിരിക്കുകയാണ് സാലഡ്. സംസ്കരിക്കാത്ത ആഹാരപദാർഥങ്ങളുടെ, പ്രത്യേകിച്ച് പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമായ ‘പോഷകക്കൂട്ടായ്മ’യാണ് സാലഡ്.
വേവിക്കാത്തതിനാലും സംസ്‌കരിക്കാത്തതിനാലും ഇവയിലെ പോഷകങ്ങള്‍, ജീവകങ്ങള്‍, ആൻറിഓക്‌സിഡൻറുകള്‍ എന്നിവയുടെ മൂല്യം നഷ്്ടപ്പെടുന്നില്ല. നാരുകളുടെ സ്വാഭാവിക ഗുണത്തിനും മാറ്റം വരുന്നില്ല. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ മിശ്രിതം എന്ന നിലയിൽ സാലഡ് മികച്ചൊരു ഭക്ഷണം തന്നെയാണ്.
ദിവസവും ഒരു നേരം സാലഡ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വേനല്‍ക്കാലത്ത് സാലഡിന്‍റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ ഏറെ സഹായകരമാണ്. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും.
സാലഡ് എന്ന വാക്ക് സലാഡെ (Salade) എന്ന ഫ്രഞ്ച് പദത്തിൽനിന്നു ജന്മമെടുത്തതാണ്. സലാട്ട (Salata) എന്ന ലാറ്റിൻ വാക്കിൽനിന്നാണു സലാഡെയുടെ വരവ്. ഉപ്പ് എന്നർഥം വരുന്ന സാൽ (Sal) എന്ന വാക്കുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. 14ാം നൂറ്റാണ്ടിലാണു സാലഡ് എന്ന വാക്ക് ആദ്യമായി ഇംഗ്ലീഷിൽ ഉപയോഗിച്ചു തുടങ്ങിയത്. പ്രാചീന ഗ്രീക്ക്-റോമൻ ജനത സാലഡ് ഭക്ഷിച്ചിരുന്നതായി ചരിത്രരേഖകൾ പറയുന്നു. പിന്നീട് ഇത് യൂറോപ്പാകെ വ്യാപിച്ചു.
ഉച്ചക്കോ രാത്രിയോ ഒരുനേരം ഭക്ഷണം സാലഡ് മാത്രമാക്കണമെന്ന സന്ദേശം പകരുകയാണ് ഷെഫ് ജോബിൻ ജോൺ. എറണാകുളത്ത് ആദ്യമായി ഒരു സാലഡ് ബാർ തുടങ്ങിയ ഈ കട്ടപ്പനക്കാരൻ വിവരിക്കുന്ന ഹെൽത്തി ഫുഡ് ആശയം പിന്തുടരുന്നവർ കൊച്ചി നഗരത്തിൽ ഏറെയുണ്ട്. ആളുകൾ കൂടുതൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ നൽകുന്ന ഇക്കാലത്ത് മലയാളികളുടെ ഭക്ഷണശീലങ്ങളിൽ കൂടുതൽ മാറ്റം വരുന്നുണ്ടെന്ന് ജോബിൻ പറയുന്നു.
കട്ടപ്പന പൊട്ടത്താനത്ത് ജോബിൻ ഭാരതീയാർ സർവകലാശാലയിൽനിന്ന് ബി.എസ്സി കേറ്ററിങ് സയൻസ് ബിരുദധാരിയാണ്. തുടർന്ന് കോഴിക്കോട് കടവ് റസ്റ്റാറൻറിൽ കുക്കായി. അവിടെനിന്ന് മാലദ്വീപിലേക്ക്. അവിടെ ബെല്ല പ്രൈവറ്റ് ഐലൻഡ് റിസോർട്ടിൽ ആറര വർഷം ഷെഫ്. പിന്നീട് ന്യൂസിലൻഡ്
രാരത്തോൺ ഐലൻഡ് റിസോർട്ടിൽ രണ്ടര വർഷം. വീണ്ടും നാട്ടിലെത്തി കോഴിക്കോട് സാലഡ് ബാറിൽ. 12 വർഷം നീണ്ട പലനാടുകളിലെ ജോലിക്കിടയിൽ ലഭിച്ച അനുഭവങ്ങളുമായി തുടർന്ന് എറണാകുളത്തേക്ക്. മാലദ്വീപിൽ ജോലിചെയ്യുന്ന സുഹൃത്ത് ശ്രീജിത്ത് ബേക്കറിനെയും കൂട്ടി എറണാകുളം പനമ്പിള്ളിനഗറിൽ ഗ്രീൻ ബൗൾ റസ്റ്റാറൻറ് തുടങ്ങി. സാലഡ്, സ്മൂത്തീസ്, പാസ്ത, ബേക്ക് ഡിഷസ് എന്നിവക്കു മാത്രമായി മനോഹരമായ ഒരിടം.
‘‘സാലഡുകൾ മെയിൻ ഡിഷാക്കുന്ന ശീലം കേരളത്തിലും വളരുന്നുണ്ട്. എറണാകുളത്തെ സാലഡ് ബാർ തുടങ്ങിയിട്ട് അധികമായിട്ടില്ലെങ്കിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരോഗ്യദായകമായ ഭക്ഷണശീലമാണ് സാലഡുകളിലൂടെ നൽകുന്നത്’’ -ജോബിൻ ജോൺ വിവരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.