തുടക്കക്കാർക്കും രുചികരമായ ഭക്ഷണമുണ്ടാക്കാം; പഠിപ്പിക്കുന്നൊരാളുണ്ട് യു.എ.ഇയിൽ
text_fieldsമോണിക്കാ ജാനറ്റ്
വീട്ടിലുണ്ടാക്കുന്ന നല്ല നാടൻ ചോറിന്റെയും കറിയുടെയും രസത്തിന്റെയുമൊക്കെ സ്വാദ് അത് വേറെതന്നെയാണ്. പരമ്പരാഗത രുചികളിങ്ങനെയാണ് അവ ഒരു നൊസ്റ്റാൾജിയയായി എന്നും ഭക്ഷണപ്രിയരെ കൊതിപ്പിച്ചു കൊണ്ടിരിക്കും ഒരിക്കലും മായാതെ നാവിൻ തുമ്പിലിരിക്കും. ഏത് തുടക്കക്കാർക്കും രുചികരമായ ഭക്ഷണമുണ്ടാക്കാൻ പഠിപ്പിക്കുന്നൊരാളുണ്ട് യു.എ.ഇയിൽ പേര് മോണിക്കാ ജാനറ്റ്. ആളൊരു റിക്രൂട്ടറാണ്, ബിസിനസുകാരിയാണ്, ഇൻഫ്ലുൻസറാണ് രണ്ടു കുട്ടികളുടെ അമ്മയുമാണ്.
കൊച്ചിക്കാരിയായ മോണിക്ക ജനിച്ചതും വളർന്നതുമൊക്ക ചെന്നൈയിലാണ്. 12 വർഷമായി യു.എ.ഇയിലുണ്ട്. പഠിക്കാൻ താനെത്ര ബ്രൈറ്റ് ഒന്നുമായിരുന്നില്ല. ഹിന്ദിയും മാക്സും ഒക്കെ അന്നുതന്നെ പേടി സ്വപ്നങ്ങളായിരുന്നു. തനിക്ക് വേണ്ട ട്യൂഷൻ ക്ലാസുകൾ എല്ലാം മാതാപിതാക്കൾ ഒരുക്കിയെങ്കിലും കഷ്ടിച്ച് പാസാക്കുകയോ അല്ലെങ്കിൽ തോറ്റു പോവുകയോ ആണ് പതിവ് എന്ന് മോണിക്ക പറയുന്നു. തന്റെ മക്കൾ എല്ലാവരെക്കാളും നന്നായി പഠിക്കണമെന്നും ഇംഗ്ലീഷ് സംസാരിക്കണമെന്നും ആഗ്രഹിച്ചിരുന്ന അമ്മക്ക് തനിക്കന്ന് നൽകാൻ സാധിച്ചത് ഇത്തിരി നിരാശയായിരുന്നു. അതെല്ലാം മറികടന്ന് താൻ സ്ഥിരം തോൽക്കാറുള്ള വിഷയങ്ങൾ നന്നായി പഠിച്ച് ഇത്തിരി കഷ്ടപ്പെട്ട് തന്നെയാണ് മോണിക്ക സ്കൂൾ പഠനം പൂർത്തിയാക്കിയത്. പേരന്റ്സ് മീറ്റിങ്ങുകളിൽ ടീച്ചർമാർക്ക് മുന്നിൽ നിന്ന് തന്നെയോർത്ത് കരഞ്ഞിരുന്ന അമ്മക്ക് തന്നെക്കൊണ്ടാവുന്നത് ചുരുങ്ങിയത് എല്ലാ വിഷയങ്ങളിലും പാസാവുകയെങ്കിലും വേണമെന്ന് തീരുമാനമെടുത്തു.
പത്താം തരം ഫസ്റ്റ് ക്ലാസോടെ പാസായത് തനിക്ക് ഏറെ സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു. തോൽവികളിൽ നിന്ന് വിജയത്തിലേക്കുള്ള ആദ്യ പടിയായിട്ടാണ് മോണിക്ക ആ വിജയത്തെ നോക്കികണ്ടത്. പ്ലസ് ടുവിൽ ഡിസ്റ്റിങ്ഷനോട് കൂടി പാസായി സ്കോളർഷിപ്പോടുകൂടി ഡിഗ്രി പഠനത്തിന് ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളജിൽ ചേർന്നു. എം.ബി.എയും പൂർത്തിയാക്കി എച്ച്.ആറായി ചെന്നൈയിൽ തന്നെ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. അന്ന് ആ ജോലി തന്റെ കുടുംബത്തിന് വലിയൊരു താങ്ങായിരുന്നു. 2012ലാണ് യു.എ.ഇയിലെത്തുന്നത്. യു.എ.ഇ തനിക്കൊരു പുതിയ ലോകമായിരുന്നു അന്ന്. ജോലിയും, താമസവുമൊക്കെ കണ്ടെത്താനും മറ്റും തന്നെ സഹായിച്ചവരെ മോണിക്ക ഇന്ന് നന്ദിയോടെ ഓർക്കുന്നു. വിസിറ്റ് വിസ കാലാവധി കഴിയാനിരിക്കെയാണ് ജോലി ലഭിക്കുന്നത്.
പാചകം പഠിച്ച കഥ
എപ്പോഴും പുതിയ കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യാൻ ഇഷ്ടമുള്ള മോണിക്ക കുക്കിങ് പഠിച്ചതും യാദൃശ്ചികമായിട്ടാണ്. ചെന്നൈയിൽനിന്ന് രസം ഉണ്ടാകാനുള്ള പരീക്ഷണം പാളിയതും, പിന്നീട് ഇത്തരം പരീക്ഷണങ്ങളിൽ താൻ കുക്കിങ് പഠിച്ചതുമൊക്കെ രസകരമായ ഓർമ്മകളാണ് മോണിക്കക്ക്. റെസ്റ്റോറന്റുകളിൽ നിന്ന് ദിവസവും ഭക്ഷണം വാങ്ങുന്നത് താങ്ങാൻ പറ്റുന്ന ഒന്നായിരുന്നില്ല. അതുകൊണ്ട് തന്നെ കുക്കിങ്ങിലെ പരീക്ഷണങ്ങളും തുടർന്നു. താനുണ്ടാക്കിയ ഭക്ഷണങ്ങൾക്ക് സുഹൃത്തുക്കൾ നല്ല അഭിപ്രായം പറഞ്ഞ് തുടങ്ങിയതോടെ പരീക്ഷണങ്ങൾ വിജയം കണ്ടുതുടങ്ങി എന്ന് മനസ്സിലാക്കി.
രസത്തിനും, ചിക്കൻ റോസ്റ്റിനും സുഹൃത്തുക്കൾക്കിടയിൽ ആരാധകരുമുണ്ട്. സുഹൃത്തുക്കളാണ് യൂട്യൂബ് ചാനൽ തുടങ്ങാനുള്ള തന്റെ പ്രചോദനവും. സുഹൃത്തുക്കളും, കുടുംബവുമടക്കം 20 ഓളം പേർക്ക് ഓണസദ്യ തയ്യാറാക്കി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. തന്റെ സ്ഥിരം ടേസ്റ്റ് ടെസ്റ്ററായ ഭർത്താവിൽ നിന്ന് അന്ന് തനിക്ക് ലഭിച്ച അഭിനന്ദനങ്ങൾ തന്നെ പാചക പരീക്ഷണങ്ങൾ വിജയിച്ചു തുടങ്ങി എന്നതിന്റെ അടയാളമായിരുന്നു. 2017ൽ ആദ്യത്തെ കുഞ്ഞ് പിറന്നതോടെ തന്റെ കുക്കിങ് പാഷൻ നിലനിർത്താൻ ഓൺലൈൻ ബേക്കിങ് ക്ലാസ്സുകളിൽ ചേർന്നു.
ഹോംമെയ്ഡ്
ഹോംമെയ്ഡ് എന്ന ആശയം പങ്കുവെച്ചത് തന്നെ ഭർത്താവ് വിജിനായിരുന്നു. ആദ്യം വീട്ടിലുണ്ടാക്കുന്ന നാടൻ ഊണ് വിൽക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷെ യു.എ.ഇയിൽ ഇതിന് ലൈസെൻസ് ആവശ്യമായത് കൊണ്ട് അടുത്ത പദ്ധതിയാലോചിച്ചു. അങ്ങനെയാണ് ഇൻസ്റ്റഗ്രാമിൽ താനുണ്ടാക്കുന്ന ഭക്ഷണങ്ങളുടെ ഫോട്ടോസും റെസിപ്പിയുമൊക്കെ പോസ്റ്റ് ചെയ്തു തുടങ്ങിയത്. HOMEMADE.ME എന്ന പേജിലൂടെ വ്ളോഗുകൾ ചെയ്തത് തുടങ്ങി. റീലുകളും പോസ്റ്റ് ചെയ്തു. ജോലിയും, ചാനലും ഒരമ്മയായിരിക്കെ ഒരുമിച്ച് കൊണ്ടുപോകാൻ പഠിച്ചു.
ഏത് തുടക്കക്കാർക്കും പാചകം ചെയ്യാവുന്ന തരത്തിലായിരുന്നു മോണിക്ക തയാറാക്കിയ ഓരോ റെസിപ്പികളും വീഡിയോ ആയി പോസ്റ്റ് ചെയ്തിരുന്നത്. സൗത്ത് ഇന്ത്യൻ നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളാണ് തയ്യാറാക്കുന്നവയിൽ അധികവും. കുക്കിങ് പഠിച്ച് തുടങ്ങുന്നവർ, വീഡിയോ ഇഷ്ടപ്പെടുന്ന ആളുകൾ ഒകെ അങ്ങനെ ഫോള്ളോവെർസായി. റീലുകൾ പോസ്റ്റ് ചെയ്തത് തുടങ്ങിയപ്പോൾ റീച്ചും കൂടിത്തുടങ്ങി. തന്റെ ഒരു വീഡിയോക്ക് 5 മില്യൺ വ്യൂസ് കിട്ടിയതോടെ ഇനിയും റീലുകൾ ചെയ്യാനുള്ള പ്രചോദനമായി മാറി.
ഭൂമി ബൈ മോണിക്ക
ഹോംമെയ്ഡ് ഭക്ഷണങ്ങൾ ആയതുകൊണ്ട് തന്നെ പരമ്പരാഗത രീതികളിൽ അവ തയാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് മോണിക്ക. ഭക്ഷണങ്ങൾ അധികവും മൺചട്ടികളിലും, ഇരുമ്പ് ചട്ടികളിലുമൊക്കെയാണ് പാകം ചെയ്ത് വീഡിയോ എടുക്കാറുള്ളത്. അങ്ങനെയാണ് പ്രീമിയം കാസ്റ്റ് അയേൺ ചട്ടികൾ ‘ഭൂമി ബൈ മോണിക്ക’ എന്ന പേരിൽ യു.എ.ഇയിൽ വിൽക്കാൻ തുടങ്ങിയത്. ചിരട്ട കൊണ്ടുള്ള സ്പൂണുകൾ, ബൗളുകൾ, ചകിരി ഉപയോഗിച്ചുള്ള ബ്രഷുകൾ തുടങ്ങി സുസ്ഥിരതയെ കൂടി പ്രോത്സാഹിപ്പിക്കുന്നതാണ് ഭൂമി ബൈ മോണിക്ക.
ഓർഡറുകളെടുക്കുന്നതും, മാർക്കറ്റ് ചെയ്യുന്നതുമെല്ലാം മോണിക്ക തന്നെയാണ്.1980 കളിൽ പുറത്തിറങ്ങിയ നിരവധി സിനിമകളിൽ ആർട് ഡയറക്ടറായിരുന്ന എസ് നായരമ്പലം എന്നറിയപ്പെടുന്ന എ.ജി സെബാസ്റ്റ്യനാണ് മോണിക്കയുടെ പിതാവ്. മാതാവ് എൽസി സെബാസ്റ്റ്യൻ. ഇരട്ട സഹോദരങ്ങളായ ജാക്വിലിൻ, ജൂലിയറ്റ് എന്നിവരടങ്ങുന്നതാണ് മോണിക്കയുടെ കുടുംബം. ഭർത്താവ് വിജിനും മക്കളായ ഇവാൻ, കേരൻ എന്നിവർക്കൊപ്പം ദുബൈയിലാണ് താമസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.