Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുണനിലവാരമാണോ അളവാണോ പ്രധാനം? കുട്ടികളുടെ ഭക്ഷണത്തിലെ ചേരുവകളുടെ തിരഞ്ഞെടുപ്പും സമയക്രമവും

text_fields
bookmark_border
ഗുണനിലവാരമാണോ അളവാണോ പ്രധാനം? കുട്ടികളുടെ ഭക്ഷണത്തിലെ ചേരുവകളുടെ തിരഞ്ഞെടുപ്പും സമയക്രമവും
cancel

സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ദിനങ്ങൾ ദേശീയ പോഷകാഹാര വാരമായി ആചരിക്കുകയാണ്. ഒരു കുട്ടിയുടെ ശാരീരികവും മാനസികവുമായ വളർച്ചയുടെ അടിത്തറ പാകുന്നത് ചെറുപ്പത്തിൽ ലഭിക്കുന്ന ശരിയായ പോഷകാഹാരത്തിലൂടെയാണ്. എന്നാൽ, ഇന്നത്തെ കാലത്ത് പല മാതാപിതാക്കളെയും അലട്ടുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് "എന്റെ കുട്ടി ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ടോ?" എന്നതാണ്.

വയറു നിറയെ ഭക്ഷണം നൽകുന്നതിനേക്കാൾ പ്രധാനം, നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, ചേരുവകളുടെ കൃത്യമായ തിരഞ്ഞെടുപ്പ്, അത് നൽകുന്ന സമയക്രമം എന്നിവയാണെന്ന സത്യം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. കുട്ടി എത്രത്തോളം കഴിച്ചു എന്നതിലല്ല, കഴിച്ച ഭക്ഷണത്തിൽ നിന്ന് എന്തുതരം പോഷകങ്ങൾ ശരീരത്തിന് ലഭിച്ചു എന്നതിലാണ് കാര്യം.

അളവല്ല, ഗുണനിലവാരം

കുട്ടികൾക്ക് വലിയ അളവിൽ ചോറോ അല്ലെങ്കിൽ അന്നജം അടങ്ങിയ മറ്റ് ഭക്ഷണങ്ങളോ നൽകി വയറു നിറയ്ക്കുന്ന രീതിയാണ് നമ്മുടെ നാട്ടിൽ പൊതുവേ കണ്ടുവരുന്നത്. ഇത് താൽക്കാലികമായി കുട്ടിക്ക് വിശപ്പടക്കാൻ സഹായിക്കുമെങ്കിലും, പോഷകക്കുറവിലേക്കും ഭാവിയിൽ അമിതവണ്ണത്തിലേക്കും നയിച്ചേക്കാം. അതുകൊണ്ടുതന്നെ, ചെറിയ അളവിലാണെങ്കിലും ഉയർന്ന അളവിൽ വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ നൽകുവാൻ ശ്രമിക്കാം. ഒപ്പം, സംസ്കരിച്ച ഭക്ഷണങ്ങൾക്ക് പകരം പ്രകൃതിദത്തമായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളമായി തിരഞ്ഞെടുക്കുക.

ശരിയായ ചേരുവകൾ എങ്ങനെ തിരഞ്ഞെടുക്കാം?

ഒരു കുട്ടിയുടെ ഭക്ഷണ പാത്രത്തിൽ പ്രധാന ചേരുവകൾ കൃത്യമായ അനുപാതത്തിൽ ഉണ്ടാവേണ്ടത് ഏറെ പ്രധാനമാണ്:• പ്രോട്ടീൻ: കോശങ്ങളുടെ വളർച്ചയ്ക്കും പ്രതിരോധശേഷിക്കും പ്രോട്ടീൻ അത്യാവശ്യമാണ്. മുട്ട, ചെറുപയർ/പരിപ്പ് വർഗ്ഗങ്ങൾ, പാലും പാലുല്പന്നങ്ങളും (പനീർ, തൈര്), നട്ട്സ്, മീൻ, ചിക്കൻ എന്നിവ ഉൾപ്പെടുത്താം.

• കോംപ്ലക്സ് കാർബോഹൈഡ്രേറ്സ്: വെളുത്ത അരി, മൈദ എന്നിവയ്ക്ക് പകരം തവിടുള്ള അരി, റാഗി, ഓട്സ്, തിന (മില്ലറ്റ്സ്) എന്നിവ നൽകുക. ഇവ ഊർജ്ജം സാവധാനം മാത്രം പുറത്തുവിടുന്നതിനാൽ കുട്ടിക്ക് ദീർഘനേരം ഉന്മേഷം ലഭിക്കും.

• ആരോഗ്യകരമായ കൊഴുപ്പുകൾ: തലച്ചോറിന്റെ വളർച്ചയ്ക്ക് നെയ്യ്, നട്സ്, സീഡ്‌സ്, അവോക്കാഡോ എന്നിവ മിതമായ അളവിൽ നൽകാം.

• മൈക്രോ ന്യൂട്രിയന്റുകൾ (വിറ്റമിൻസ് & മിനറൽസ് : അയൺ, കാൽസ്യം, വിറ്റാമിൻ C എന്നിവ ലഭിക്കുന്നതിന് ചീര പോലെയുള്ള ഇലക്കറികൾ, നെല്ലിക്ക, മാതളം, മറ്റ് പ്രാദേശിക പഴവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

കഴിക്കുന്ന സമയവും ഇടവേളകളും

ഭക്ഷണത്തിന്റെ ചേരുവകൾ പോലെ തന്നെ പ്രധാനമാണ് അത് എപ്പോൾ, എത്ര ഇടവേളകളിൽ നൽകുന്നു എന്നത്.

• പ്രഭാതഭക്ഷണം: രാത്രിയിലെ നീണ്ട ഇടവേളക്ക് ശേഷമുള്ള ആദ്യ ഭക്ഷണമായതിനാൽ പ്രഭാതഭക്ഷണം കഴിവതും ഒഴിവാക്കരുത്. പ്രോട്ടീനും ഫൈബറും അടങ്ങിയ ലഘുഭക്ഷണം കുട്ടിയുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ കൂട്ടുന്നു.

• കൃത്യമായ ഇടവേളകൾ: കുട്ടികളുടെ ദഹനവ്യവസ്ഥ ചെറുതായതിനാൽ 2.5 മുതൽ 3 മണിക്കൂർ വരെയുള്ള ഇടവേളകളിൽ ഭക്ഷണം നൽകുന്നതാണ് ഉചിതം. ഉദാഹരണത്തിന്: 3 പ്രധാന ഭക്ഷണങ്ങളും ഇടവേളകളിൽ 2 ചെറിയ ലഘുഭക്ഷണങ്ങളും നൽകാം.

• ഉറക്കത്തിന് മുമ്പുള്ള ഭക്ഷണം: രാത്രി ഉറങ്ങുന്നതിന് കുറഞ്ഞത് 1.5 - 2 മണിക്കൂർ മുമ്പെങ്കിലും അത്താഴം നൽകണം. ഇത് നല്ല ദഹനത്തിനും ഉറക്കത്തിനും സഹായിക്കും.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

1. പായ്ക്കറ്റ് ഭക്ഷണങ്ങളും മധുരവും ഒഴിവാക്കുക: കാൻഡികൾ, പാക്കറ്റ് ചിപ്സുകൾ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയിലെ കലോറി കുട്ടികൾക്ക് താൽക്കാലിക ഊർജ്ജം നൽകുമെങ്കിലും പോഷകങ്ങൾ ഒന്നും നൽകുന്നില്ല.

2. ഭക്ഷണ സമയത്തെ ശ്രദ്ധക്കുറവ്: മൊബൈൽ ഫോണോ ടിവിയോ കണ്ടുകൊണ്ട് ഭക്ഷണം നൽകുന്ന രീതി പരമാവധി ഒഴിവാക്കുക. ഇത് കുട്ടിക്ക് ഭക്ഷണത്തിന്റെ രുചിയും വയറു നിറഞ്ഞെന്ന സൂചനയും തിരിച്ചറിയാൻ തടസ്സമാകുന്നു.

3. വെള്ള കുടിക്കുന്ന ശീലം: ദിവസവും ആവശ്യത്തിന് ശുദ്ധജലം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

കുട്ടികളുടെ ആരോഗ്യം എന്നത് അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ വ്യാപ്തിയിലല്ല, മറിച്ച് അതിലടങ്ങിയിരിക്കുന്ന പോഷക ഗുണത്തിലാണ് കുടികൊള്ളുന്നത്. ചേരുവകളുടെ കൃത്യമായ തിരഞ്ഞെടുപ്പിലൂടെയും കൃത്യ സമയത്തെ ഭക്ഷണരീതിയിലൂടെയും രോഗപ്രതിരോധശേഷിയുള്ള, ആരോഗ്യവന്മരുള്ള ഒരു തലമുറയെ നമുക്ക് വളർത്തിയെടുക്കാം. ഈ പോഷകാഹാര വാരത്തിൽ കുട്ടികളുടെ ഭക്ഷണത്തളികയിൽ അളവിനേക്കാൾ ഗുണനിലവാരത്തിന് മുൻഗണന നൽകുവാൻ ശ്രമിക്കാം.

കുട്ടികളുടെ വളർച്ചയിലോ ഭക്ഷണക്രമത്തിലോ എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളോ ആശങ്കളോ ഉണ്ടെങ്കിൽ ഒരു പീഡിയാട്രിക് ഡയറ്റീഷ്യന്റെയോ പീഡിയാട്രീഷ്യന്റെയോ സേവനം തേടാൻ ഒട്ടും മടിക്കരുത്. ആരോഗ്യമുള്ള കുട്ടികളാണ്, ആരോഗ്യപൂർണ്ണമായ ഭാവിയുടെ വാഗ്ദാനങ്ങൾ.

തയ്യാറാക്കിയത്: ടീന ജോൺ, സീനിയർ ക്ലിനിക്കൽ ഡയറ്റീഷൻ, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Child Nutrition Quality Over Quantity
Next Story